2009, ഏപ്രിൽ 22, ബുധനാഴ്‌ച

അമൂല്യ വസ്തു...

2 വര്‍ഷം മുന്‍പ് വെക്കേഷന് നാട്ടില്‍ പോയി മടങ്ങുമ്പോള്‍ ഇവിടെയുള്ള ഒരു സുഹൃത്തിനു കൊടുക്കാനായി അയാളുടെ വീട്ടില്‍ നിന്ന് കുറച്ചു സാധനങ്ങള്‍ തന്നു വിട്ടു. ഒരു പാക്കറ്റില്‍ പിക്കിള്‍, ബീഫ് വരട്ടിയത്, ചിപ്സ് ഒക്കെയാണെന്ന് പറഞ്ഞു. അത് കൂടാതെ ഒരു ചെറിയ പൊതി ഉണ്ടായിരുന്നു. കണ്ടാല്‍ ഒരു പെന്‍ ചെറിയ ബോക്സില്‍ പായ്ക്ക് ചെയ്തതുപോലെ തോന്നും. വീട്ടുക്കാര്‍ പ്രത്യേകം പറഞ്ഞു ഭക്ഷണ സാധനങ്ങള്‍ ഉള്ള പാക്കറ്റ് എത്തിച്ചില്ലെങ്കിലും ഈ ചെറിയ പാക്കറ്റ് മറക്കാതെ അവനു കൊടുക്കണം, കളഞ്ഞു പോകാതെ സൂക്ഷിക്കണം എന്നൊക്കെ. ഞങ്ങള്‍ കരുതി എന്തോ വിലപിടിച്ച വസ്തു ആണെന്ന്. അത് കൊണ്ട് തന്നെ ഞാന്‍ അത് ഹാന്‍ഡ് ബാഗിലാണ്‌ വെച്ചത്. ഞങ്ങള്‍ ഇവിടെ തിരിച്ചെത്തിയ അന്ന് വൈകീട്ടു തന്നെ പുള്ളിക്കാരന്‍ നാട്ടില്‍ നിന്ന് തന്നുവിട്ട സാധനങ്ങള്‍ വാങ്ങിക്കാന്‍ വന്നു. ആദ്യം വലിയ പാക്കറ്റ് എടുത്തു കൊടുത്തു. ഇതില്‍ അച്ചാറും, ഇറച്ചിയുമൊക്കെ ആകും നിങ്ങളും എടുത്തോള്ളൂ എന്ന് പറഞ്ഞു പുള്ളിക്കാരന്‍ ആ പാക്കറ്റ് എന്‍റെ നേരെ നീട്ടി. നാട്ടില്‍ പോയി എല്ലാം കഴിച്ചു വന്നതല്ലേ ഉള്ളു ഞങ്ങളും നാട്ടില്‍ നിന്ന് എല്ലാം കൊണ്ട് വന്നിട്ടുണ്ട് എന്ന് പറഞ്ഞു ഞാന്‍ അത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഞാന്‍ വേഗം ചെറിയ പാക്കറ്റ് എടുത്തു കൊടുത്തിട്ട് പറഞ്ഞു ഇതു ഭദ്രമായി കൊണ്ടുതരണം എന്ന് വീട്ടുക്കാര്‍ പ്രത്യേകം പറഞ്ഞിരുന്നു എന്ന്. പുള്ളിക്കാരന്‍ ഒരു ചമ്മിയ ചിരി പാസ്സാക്കിയിട്ടു ആ പാക്കറ്റ് വാങ്ങി. അത് വരെ അടക്കി വെച്ചിരുന്ന ആകാംക്ഷക്ക് തിരശീലയിട്ടുകൊണ്ട് പുള്ളിക്കാരന്‍ ആ പാക്കറ്റ് തുറന്നു. ഞങ്ങള്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. വീട്ടുക്കാര്‍ ഇത്രയും ഭംഗിയായി പായ്ക്ക് ചെയ്തു തന്നുവിട്ട, ഞാന്‍ ഹാന്‍ഡ് ബാഗില്‍ വെച്ച് ഭദ്രമായി ഇവിടെ എത്തിച്ച ആ അമൂല്യ വസ്തു എന്തായിരുന്നു എന്നറിയുമ്പോള്‍ ആരായാലും ചിരിച്ചു പോകും. അത് വെറും കോഴിപപ്പായിരുന്നു. (ഞങ്ങളുടെ നാട്ടില്‍ അങ്ങനെയാണ് പറയുക. കുറച്ചു കൂടി ആലങ്കാരികമായി പറഞ്ഞാല്‍ കോഴി തൂവല്‍. ) ഞങ്ങളുടെ ചിരികണ്ട് നിസഹായ ഭാവത്തോടെ പുള്ളിക്കരന്‍ പറഞ്ഞു 'എനിക്ക് കോഴിത്തൂവല്‍ ചെവിയിലിട്ടാലെ ശരിയാകൂ ഈ ബട്സ് ഒന്നും നമ്മുക്ക് പറ്റില്ല. ഞാന്‍ ഇവിടെ കൊറേ അന്വേഷിച്ചു. കിട്ടിയില്ല. അതാണ് നാട്ടില്‍ നിന്നും കൊടുത്തു വിടാന്‍ പറഞ്ഞത്.'

നാട്ടിലല്ലെങ്കിലും നമ്മളില്‍ ചില മലയാളികള്‍ക്ക് ശീലങ്ങള്‍ മറ്റാന്‍ പറ്റുമോ???

8 അഭിപ്രായങ്ങൾ:

ബഷീർ പറഞ്ഞു...

യു.എ.ഇ യിൽ കോഴി തൂവൽ ഇഷ്ടം പോലെ കിട്ടും പ്രിയാ..അറബി വീടുകളിൽ ജോലി ചെയ്യുന്നവരെ സമീപിച്ചാൽ മതി :)

പിന്നെ നാട്ടിലെ കോഴിയുടെ തൂവലിന്റെ ആ ഒരു ഇത് കിട്ടാനായിരിക്കും..

രസകരം

Priya പറഞ്ഞു...

അതെയോ?? ഞാന്‍ ഇനി പുള്ളിക്കാരനെ കാണുമ്പൊള്‍ പറയാം..

ബഷീര്‍ ഇക്ക അപ്പൊ അങ്ങനെയാണ് കോഴി തൂവല്‍ സങ്കടിപിക്കാറ് അല്ലേ?? ഹി ഹി ഹി.....

hi പറഞ്ഞു...

:D kollaam

Rejeesh Sanathanan പറഞ്ഞു...

കാര്യം തമാശയാണെങ്കിലും സംഭവം സത്യമാ.........കോഴി തൂവല്‍ ചെവിയിലിടാന്‍ എന്ത് രസമാണെന്നോ............

ചാണക്യന്‍ പറഞ്ഞു...

ഓരോ ശീലങ്ങളെ....:)

Anil cheleri kumaran പറഞ്ഞു...

ഹ ഹ ഹ..

റാഷിദ് പറഞ്ഞു...

ഇതൊന്നും ശീലമെന്നു പറയാൻ പറ്റില്ല, ദുശ്ശീലങ്ങളാണ്. പുള്ളി ഭയങ്കര സാധനം തന്നെ, നാട്ടിൽ നിന്ന് വരുത്തിച്ചില്ലേ, എന്നിട്ട് നിങ്ങളുടെയൊക്കെ മുന്നിൽ വെച്ചു തന്നെ തുറന്നു നോക്കുകയും ചെയ്തു, നമിച്ചു.

പാച്ചു പറഞ്ഞു...

സംഭവം തമാശ ആണെങ്കിലും, ഒരു നനവ് കണ്ണിന്റെ എവിടൊക്കെയോ വന്നു .. :)