2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

ആദ്യത്തെ പ്രേമാഭ്യര്‍ത്ഥന

ജനുവരി മാസം ആകുമ്പോഴേക്കും ഞങ്ങളുടെ പറമ്പിലെ മാവുകളില്‍ നിറച്ച് മാങ്ങ ആയിട്ടുണ്ടാകും. മാങ്ങ സീസണ്‍ ആയാല്‍ ഞങ്ങളുടെ വീട്ടില്‍ നിന്നും അടുത്ത വീടുകളിലേക്ക് അവ കൊണ്ടു കൊടുക്കാറുണ്ടു. (നമ്മുടെ വീട്ടിലുണ്ടാകുന്ന പച്ചക്കറികളും പഴങ്ങളും അടുത്ത വീടുകളിലേക്കു കൊണ്ടു കൊടുക്കുന്ന പതിവു ഉണ്ടായിരുന്നു അന്നു. ഇന്നും നാട്ടിന്‍പുറങ്ങളില്‍ ആ പതിവു ഉണ്ടെന്നു തോന്നുന്നു.)

അങ്ങനെ ഒരു ജനുവരി മാസം. ഞാന്‍ അന്നു എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു.എട്ടാം ക്ലാസ്സില്‍ ആയെങ്കിലും മണ്‍കലത്തില്‍ ചോറും കറിയും വെച്ചും, അംബസ്ത്താനി കളിച്ചും നടക്കുന്ന പ്രക്യതമായിരുന്നു എന്റേത്. ഒരു ദിവസം നാലഞ്ചു വീടപ്പുറമുള്ള വീട്ടില്ലേക്കു മാങ്ങയും മുരിങ്ങക്കായും കൊണ്ടു കൊടുക്കാന്‍ അമ്മ എന്നെ പറഞ്ഞു വിട്ടു. പോകുന്ന വഴിക്കു ഒരാള്‍ സൈക്കിളില്‍ വരുന്നതു കണ്ടു.നന്നായി അറിയാവുന്ന ആളാണു. അവിടെ അടുത്തു തന്നെയാണു വീടു. പ്രീഡിഗ്രിക്കു പഠിക്കുന്നു. അവന്റെ ചേച്ചി എനിക്കു കുറച്ചു നാള്‍ ട്യൂഷന്‍ എടുത്തിരുന്നു. കണ്ടാല്‍ ചിരിക്കാനും ആവശ്യത്തിനു സംസാരിക്കാനും ഉള്ള പരിച്ചയമുണ്ടായിരുന്നു എന്നു ചുരുക്കം. അന്നും അതുപോലെ അവനെ എന്നെ കണ്ടപ്പോള്‍ ചിരിച്ചു, ഞാനും ചിരിച്ചു. അടുത്ത വീട്ടില്‍ സാധനങ്ങള്‍ കൊടുത്തു തിരിച്ചു വരുമ്പോ അവന്‍ സൈക്കിളില്‍ നിന്നിറങ്ങി വഴി അരികിലുള്ള ഇലക്ട്രിക്ക് പോസ്റ്റില്‍ ചാരി നില്‍ക്കുന്നത് ഞാന്‍ അകലന്നു തന്നെ കണ്ടു. കൂട്ടുക്കാരെ ആരെയെങ്കിലും കാത്തു നില്‍ക്കായിരിക്കും എന്നെ വിചാരിച്ചുള്ളൂ. പക്ഷേ ‍ഞാന്‍ അടുത്തെത്തിയപ്പോള്‍ അവന്‍ എന്റ്ടുത്തു ‘ഞാന്‍ നിന്നെ കാത്ത് നില്ക്കായിരുന്നു’ എന്നു പറഞ്ഞു. അതൊരു പ്രേമാഭ്യര്‍ത്ഥന നടത്താനാണെന്നൊന്നും എനിക്കു ലവലേശം അറിയില്ലായിരുന്നു. അതുകൊണ്ടു വളരെ നിഷ്കളങ്കമായി ഞാന്‍ ചോദിച്ചു ‘എന്താ?’. ഞാന്‍ ഗ്രീന്‍ സിഗ്നല്‍ കാണിച്ചു എന്ന ആശ്വാസത്തോടെ അവന്‍ പറഞ്ഞു ‘ I Love You ’. അറിയാതെ ചാണകത്തില്‍ ചവിട്ടിയതു പോലെയാണു എനിക്കു അപ്പോള്‍ തോന്നിയത്. ഒരു നിമിഷത്തെ പകപ്പിനുശേഷം ‘നീ പോടാ..’ എന്നു പറഞ്ഞു ഞാന്‍ വീട്ടിലേക്കു ഓടി. ഓടി കിതച്ചെത്തിയ എന്നോട് അമ്മൂമ്മ കാര്യം തിരക്കിയപ്പോള്‍ പട്ടിയെ കണ്ടു ഓടിയതാണെന്നു ഞാന്‍ കള്ളം പറഞ്ഞു. സത്യം പറഞ്ഞിരുന്നെങ്കില്‍ ഒരു ഹിറ്റ്ലറി (ഹിറ്റ്ലറിന്റെ സത്രീലിംഗം) ആയിരുന്ന ‍അമ്മൂമ്മ അതൊരു ആഗോള പ്രശ്നമാക്കി മാറ്റുമെന്ന് എനിക്കറിയാമായിരുന്നു.

ആ സംഭവം ഞാന്‍ അത്ര സീരിയസ് ആയെടുത്തില്ല. അതിനുള്ള പക്വത വന്നിരുന്നില്ലലോ. അല്ലെങ്കില്‍ തന്നെ ഇതില്‍ ഇപ്പോ എന്തോന്നിത്ര സീരിയസായിട്ടെടുക്കാനുള്ളത്. അതുകൊണ്ടു ഞാന്‍ ആക്കാര്യം ആരോടും പറഞ്ഞില്ല. എങ്കില്ലും അതിനു ശേഷം ഒറ്റക്കു അവന്റെ മുന്‍പില്‍ ചെന്നുപെടാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു.

ആ സംഭവം നടന്നു ആറേഴു ദിവസം കഴിഞ്ഞു കാണും. ആനിവേഴ്സറിയോ സ്പോട്സ് ഡേയോ മറ്റോ ആയതോണ്ട് ഞാന്‍ അന്നു സ്ക്കൂളില്‍ പോയിരുന്നില്ല. ഉച്ചയൂണു കഴിഞ്ഞു വൈകുന്നേരം ചായ സമയം ആകുന്നതുവരെയുള്ള ഇടവേളയില്‍ അടുത്ത വീടുകളിലെ സ്ത്രീകളെല്ലാം കൂടി ഏതെങ്കിലും ഒരു വീടിന്റെ ഉമ്മറത്ത് നാട്ടുവിശേഷം പറഞ്ഞിരിക്കുക ഞങ്ങളുടെ അവിടെ പതിവായിരുന്നു. അന്നും അങ്ങനെ എല്ലാരും കൂടി ഇരിക്കുന്ന ഒരു ഉച്ച സമയം. അപ്പോഴാണ് പോസ്റ്റ്മാന്‍ വന്നത്. അന്നു എല്ലാ വീടുകളിലേക്കും കത്തുണ്ടായിരുന്നു. കത്തല്ല ഒരു പോസ്റ്റ് കാര്‍ഡ്. ഒന്നിലും അയച്ച ആളുടെ അഡ്രസ്സ് ഉണ്ടായിരുന്നില്ല എങ്കിലും എല്ലാ കാര്‍ഡുകളിലും ഒരേ കാര്യമായിരുന്നു എഴുതിയിരുന്നതു എന്നതു കൊണ്ട് എല്ലാ കാര്‍ഡും അയച്ചത് ഒരേ ആള്‍ തന്നെയാണെന്ന് മനസ്സിലായി. എന്തായിരുന്നു എഴുതിയിരുന്നത് എന്നല്ലേ???

“മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാശ്ലീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കു വേണ്ടി അപേക്ഷിക്കേണമ്മേ. യാതൊരു സഹായവും ഫലസിദ്ധി ഇല്ലാതെ വരുന്ന സന്ദര്‍ബത്തില്‍ ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിനു അങ്ങേക്കു വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങു ഉപയോഗിക്കേണമ്മേ. എനിക്കു ഒരു പെണ്‍ക്കുട്ടിയോടു പ്രേമം തോന്നി, ഞാന്‍ അതവളോട് തുറന്നു പറഞ്ഞപ്പോള്‍ അവള്‍ എന്നോട് അപമര്യദ്യയായി പെരുമാറി. അവള്‍ക്കെന്നോടു പ്രേമം തോന്നാന്‍ അങ്ങേ സഹായം ഞാന്‍ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാശ്ലീഹായേ, അങ്ങേ ഈ അനുഗ്രഹത്തെ സദാ ഓര്‍ക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു.ആമേന്‍...”

അയച്ച ആളുടെ പേരില്ലായിരുന്നെങ്കിലും എല്ലാവീട്ടിലേക്കും ഒരേ കാര്‍ഡ് വന്ന സ്ഥിതിക്ക് പരിചയമുള്ള ആ ചുറ്റുവട്ടത്തുള്ള ആളു തന്നെയാണ് ഈ നിരാശാകാമുകന്‍ എന്നു എല്ലാര്‍ക്കും ഉറപ്പായിരുന്നു. അതാരായിരിക്കും? എന്ന കണ്‍ഫ്യൂഷന്‍ മാത്രം ബാക്കിയായി. എനിക്കു മാത്രം ആളേ പിടികിട്ടി. പിന്നെ എനിക്ക് ടെന്‍ഷന്‍ ആയി ഈശ്വരാ ഈ യൂദാശ്ലീഹയെങ്ങാനും അനുഗ്രഹിചു അവനോട് എനിക്കു പ്രേമം തോന്നുമോ? പ്രേമിക്കുന്നതു വലിയ അപരാധമാണെന്നായിരുന്നു എന്റെ വിശ്വാസം (8 വര്‍ഷം മുന്‍പു വരെ). പിന്നെ കുറച്ചു നാളത്തേക്ക് എനിക്ക് ഒന്നേ പ്രാര്‍ത്ഥിക്കാന്‍ ഉണ്ടായിരുന്നുള്ളു ‘ഈശ്വരാ എനിക്കവനോട് ഒരിക്കലും ഇഷ്ടം തോന്നരുതേ’. കുറ്റി താടിയും വെച്ച് കുറെ നാള്‍ കക്ഷി എന്റെ മുന്നിലൂടെ നടന്നു നോക്കി. ഈശ്വരന്‍ എന്റെ പ്രാര്‍ത്ഥന കേട്ടതു കൊണ്ടാ അതോ യൂദാശ്ലീഹാ അവനെ അനുഗ്രഹിക്കാഞ്ഞതോ എന്നറിയില്ല എനിക്കവനോടു ഒരു തരിമ്പും സ്നേഹം തോന്നിയില്ല. എന്തായാലും ആ വര്‍ഷം പ്രീഡിഗ്രി റിസല്‍റ്റ് വന്നപ്പോള്‍ കഥാനായകന്‍ ഫെയില്‍ഡ്.. ആ കാര്‍ഡ് എഴുതാന്‍ മിനക്കെട്ട സമയം പഠിച്ചിരുന്നെങ്കില്‍ ആ പരീക്ഷയെങ്കിലും പാസ്സായേനെ.

2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

ഓര്‍മ്മയുണ്ടോ???

ഈ വെക്കേഷനു നാട്ടില്‍ പോയപ്പോള്‍ പൊടി തട്ടിയെടുത്ത എന്റെ ചില പഴയ കളിപ്പാട്ടങ്ങള്‍.
കലം, ചട്ടി, തവി, അടുപ്പ്..
ചട്ടി കുട്ടി കലം വേണോ എന്നു വിളിച്ചു ചോദിച്ചു കൊണ്ട് വലിയ ചാക്കും തലയിലേറ്റി വരാറുള്ള അമ്മൂമ്മയുടെ മുഖം ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു...
മണ്‍പാത്രത്തില്‍ ചോറും കറിയും വെച്ചു കളിച്ചിരുന്ന കുട്ടിക്കാലത്തിന്റെ ഓര്‍മ്മക്കായി ഞാന്‍ ഇന്നും ഇവ സൂക്ഷിക്കുന്നു....

2009, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

തൃക്കടീരി മൂന്നുമൂര്‍ത്തി ക്ഷേത്രം.

പാലക്കാട് ജില്ലയിലെ മനോഹരമായ ഗ്രാമങ്ങളില്‍ ഒന്നായ തൃക്കടീരിയിലാണു (ഒറ്റപ്പാലത്തിനടുത്ത്) അപൂര്‍വ്വതകളേറെയുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരു ശ്രീകോവിലില്‍ തന്നെ ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നി മൂന്നു പ്രതിഷ്ഠകളുള്ളതിനാലാണു ഈ ക്ഷേത്രം മൂന്നു മൂര്‍ത്തി ക്ഷേത്രം എന്നു അറിയപെടുന്നത്. കഷ്ടിച്ച് ഒരു കാറിനു പോകാനാവുന്ന വീതി കുറഞ്ഞ നാട്ടുവഴിയിലൂടെ വേണം ക്ഷേത്രത്തില്‍ എത്താന്‍.


ക്ഷേത്രത്തിലേക്കുള്ള റോഡ്

കിഴക്കോട്ടും പടിഞ്ഞാട്ടുമായി 2 കവാടങ്ങളാണ് ക്ഷേത്രത്തിനു ഉള്ളത്. കിഴക്കേ നടക്കു മുന്‍പിലായാണു ക്ഷേത്ര കുളം സ്ഥിതി ചെയ്യുന്നതു.


ക്ഷേത്ര കുളം

കിഴക്കോട്ടു ദര്‍ശനം നല്കി ഇരിക്കുന്ന ത്രിമൂര്‍ത്തികള്‍ക്കൊപ്പം ഗണപതിയും ക്യഷ്ണനും അയ്യപ്പനും ഉപ പ്രതിഷ്ഠകളായി ഉണ്ട്.


ക്ഷേത്രം

ഈ ക്ഷേത്രത്തെ കുറിച്ച് ഐതീഹ്യങ്ങള്‍ പലതും ഉണ്ട്. സന്താനങ്ങള്‍ ഇല്ലാതിരുന്ന അത്രി മഹര്‍ഷിക്കും ഭാര്യ അനസൂയക്കും 100 വര്‍ഷം നീണ്ടു നിന്ന കഠിന തപസിനൊടുവില്‍ ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും പ്രത്യക്ഷപെട്ടു വരം നല്‍കി അനുഗ്രഹിച്ചത് ഇവിടെ വെച്ചാണ് എന്നാണ് ഒരു ഐതിഹ്യം. അത്രി മഹര്‍ഷിക്കും ഭാര്യ അനസൂയക്കും മോക്ഷം നല്കാന്‍ ത്രിമൂര്‍ത്തികള്‍ ശിശുക്കളായ് രൂപമെടുത്തു വന്നതു ഇവിടെ വെച്ചാണ് എന്നതാണ് മറ്റൊരു ഐതിഹ്യം.


പ്രസാദം

ധനു മാസത്തിലെ തിരുവാതിരയോടനുബന്ധിച്ച് നടത്തിവരുന്ന മൂന്നു ദിവസത്തെ ജയാബലിയാണ് ഇവിടുത്തെ പ്രധാന ഉത്സവം. തിരുവാതിര നാളില്‍ ഉച്ചക്കുള്ള പെരും പൂജയും രാത്രിയിലെ ദണ്ഡു മുറിച്ചു തൊഴലും പ്രധാനമാണു. ശിവരാത്രിയും പ്രതിഷ്ഠാ ദിനവും ആണു ഇവിടുത്തെ മറ്റു ആഘോഷങ്ങള്‍.