2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

കുമ്മാട്ടി കളി പാട്ടുകള്‍

തൃശൂര്‍ക്കാരുടെ സ്വന്തം കുമ്മാട്ടിക്കളി.. കുമ്മാട്ടി എന്താണെന്നു അറിയുന്ന മലയാളികള്‍ ഇന്നു വളരെ ചുരുക്കമാണ്. എന്തിനു തൃശൂര്‍ക്കാര്‍പോലും "കുമ്മാട്ടിയോ??? അതെന്താ???" എന്നു ചോദിക്കുന്ന കാലം.



മൂന്നോണത്തിന്‍റെ അന്ന് വൈകുന്നേരമാണ് കുമ്മാട്ടികള്‍ വീടുകളിലേക്ക് വരുക. മേലാസകലം കറുക പുല്ലു വെച്ചുകെട്ടി കടും നിറങ്ങളിലുള്ള മുഖം മൂടികള്‍ വെച്ച കുമ്മാട്ടികള്‍. കൃഷ്ണന്‍, ഹനുമാന്‍, കാട്ടാളന്‍, തള്ള, ഗണപതി തുടങ്ങിയവയാണ് കുമ്മാട്ടികള്‍ സാധാരണ വെക്കാറുള്ള മുഖം മൂടികള്‍. ഓരോ വര്‍ഷവും കളികഴിഞ്ഞാല്‍ എല്ലാ മുഖം മൂടികളും ഞങ്ങളുടെ വീടിനടുത്തുള്ള കുഞ്ഞിനായരുടെ വീട്ടിലാണ്‌ സൂക്ഷിക്കുക. തലമുറകളായി കൈമാറി കിട്ടിയ അവകാശം. എനിക്ക് പുളിക്കളിയെക്കാള്‍ ഇഷ്ടം കുമ്മാട്ടിക്കളിയായിരുന്നു. അതിനുകാരണം ഒരു പ്രതേക താളത്തിലുള്ള കുമ്മാട്ടി പാട്ടുകളായിരുന്നു. രാമായണത്തിലെയും മഹാഭാരതത്തിലേയും ചില കഥകള്‍, നാടന്‍ കഥകള്‍ തുടങ്ങിയവയൊക്കെ കുമ്മാട്ടി പാട്ടായി പാടുമായിരുന്നു. അവയില്‍ ചിലത്...

തള്ളേ തള്ളേ എങ്ങട് പോണൂ
ആര്യംക്കാവില് നെല്ലിനു പോണൂ
അവിടുത്തെ തമ്പ്രാന്‍ എന്ത് പറഞ്ഞു
തല്ലാന്‍ വന്നു കുത്താന്‍ വന്നു
ഓടി ഒളിച്ചു കൈതകാട്ടില്‍
കൈത എനിക്കൊരു കയറു തന്നു
കയറു കൊണ്ട് കാളയെ കെട്ടി
കാള എനിക്കൊരു കുന്തി തന്നു
കുന്തി കൊണ്ട് വാഴക്കിട്ടു
വാഴ എനിക്കൊരു കുല തന്നു
കുല കൊണ്ട് പത്തായത്തില്‍ വെച്ചു
പത്തായം എനിക്കത് പഴിപ്പിച്ചു തന്നു
അതിലൊരു പഴം കുമ്മാട്ടി തിന്നു
ആറാപ്പോ................
*****************************************
മഞ്ഞന്‍ നായര് കുഞ്ഞന്‍ നായര്
മഞ്ഞ കാട്ടില്‍ പോകാല്ലോ
മഞ്ഞ കാട്ടില്‍ പോയ പിന്നെ
മഞ്ഞ കിളിയെ പിടിക്കാലോ
മഞ്ഞ കിളിയെ പിടിച്ചാ പിന്നെ
പപ്പും തൂവലും പറിക്കാലോ
പപ്പും തൂവലും പറിച്ചാ പിന്നെ
ഉപ്പും മുളകും പുരട്ടാലോ
ഉപ്പും മുളകും പുരട്ടിയാ പിന്നെ
ചട്ടിയിലിട്ടു പൊരിക്കാലോ
ചട്ടിയിലിട്ടു പൊരിച്ചാ പിന്നെ
നാക്കില വാട്ടി പൊതിയാലോ
നാക്കില വാട്ടി പൊതിഞ്ഞാ പിന്നെ
കള്ള് ഷാപ്പില്‍ പോകാലോ
കള്ള് ഷാപ്പില്‍ പോയാ പിന്നെ
കള്ളും കൂട്ടി അടിക്കാലോ
കള്ളും കൂട്ടി അടിച്ചാ പിന്നെ
ഭാര്യേം മക്കളേം തല്ലാലോ
******************************************
ചാടി ഹനുമാന്‍ രാവണന്‍റെ മുന്‍പില്‍
എന്താടാ രാവണാ ഏതാടാ രാവണാ
സീതേ കക്കാന്‍ കാരണം
നിന്നോടാരു പറഞ്ഞിട്ടോ
നിന്‍റെ മനസ്സില്‍ തോന്നിട്ടോ
എന്നോടാരും പറഞ്ഞിട്ടല്ലാ
എന്‍റെ മനസ്സില്‍ തോന്നിട്ടാ .....................

ഈ പാട്ട് എനിക്കിത്രയേ അറിയൂ. ബാക്കി അറിയാവുന്ന തൃശൂര്‍ക്കാര്‍ ആരെങ്കിലും ഈ വഴിക്ക് വന്നാല്‍ ........ഇതു മുഴുവനാക്കായിരുന്നു.....