2009, ഏപ്രിൽ 22, ബുധനാഴ്‌ച

അമൂല്യ വസ്തു...

2 വര്‍ഷം മുന്‍പ് വെക്കേഷന് നാട്ടില്‍ പോയി മടങ്ങുമ്പോള്‍ ഇവിടെയുള്ള ഒരു സുഹൃത്തിനു കൊടുക്കാനായി അയാളുടെ വീട്ടില്‍ നിന്ന് കുറച്ചു സാധനങ്ങള്‍ തന്നു വിട്ടു. ഒരു പാക്കറ്റില്‍ പിക്കിള്‍, ബീഫ് വരട്ടിയത്, ചിപ്സ് ഒക്കെയാണെന്ന് പറഞ്ഞു. അത് കൂടാതെ ഒരു ചെറിയ പൊതി ഉണ്ടായിരുന്നു. കണ്ടാല്‍ ഒരു പെന്‍ ചെറിയ ബോക്സില്‍ പായ്ക്ക് ചെയ്തതുപോലെ തോന്നും. വീട്ടുക്കാര്‍ പ്രത്യേകം പറഞ്ഞു ഭക്ഷണ സാധനങ്ങള്‍ ഉള്ള പാക്കറ്റ് എത്തിച്ചില്ലെങ്കിലും ഈ ചെറിയ പാക്കറ്റ് മറക്കാതെ അവനു കൊടുക്കണം, കളഞ്ഞു പോകാതെ സൂക്ഷിക്കണം എന്നൊക്കെ. ഞങ്ങള്‍ കരുതി എന്തോ വിലപിടിച്ച വസ്തു ആണെന്ന്. അത് കൊണ്ട് തന്നെ ഞാന്‍ അത് ഹാന്‍ഡ് ബാഗിലാണ്‌ വെച്ചത്. ഞങ്ങള്‍ ഇവിടെ തിരിച്ചെത്തിയ അന്ന് വൈകീട്ടു തന്നെ പുള്ളിക്കാരന്‍ നാട്ടില്‍ നിന്ന് തന്നുവിട്ട സാധനങ്ങള്‍ വാങ്ങിക്കാന്‍ വന്നു. ആദ്യം വലിയ പാക്കറ്റ് എടുത്തു കൊടുത്തു. ഇതില്‍ അച്ചാറും, ഇറച്ചിയുമൊക്കെ ആകും നിങ്ങളും എടുത്തോള്ളൂ എന്ന് പറഞ്ഞു പുള്ളിക്കാരന്‍ ആ പാക്കറ്റ് എന്‍റെ നേരെ നീട്ടി. നാട്ടില്‍ പോയി എല്ലാം കഴിച്ചു വന്നതല്ലേ ഉള്ളു ഞങ്ങളും നാട്ടില്‍ നിന്ന് എല്ലാം കൊണ്ട് വന്നിട്ടുണ്ട് എന്ന് പറഞ്ഞു ഞാന്‍ അത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഞാന്‍ വേഗം ചെറിയ പാക്കറ്റ് എടുത്തു കൊടുത്തിട്ട് പറഞ്ഞു ഇതു ഭദ്രമായി കൊണ്ടുതരണം എന്ന് വീട്ടുക്കാര്‍ പ്രത്യേകം പറഞ്ഞിരുന്നു എന്ന്. പുള്ളിക്കാരന്‍ ഒരു ചമ്മിയ ചിരി പാസ്സാക്കിയിട്ടു ആ പാക്കറ്റ് വാങ്ങി. അത് വരെ അടക്കി വെച്ചിരുന്ന ആകാംക്ഷക്ക് തിരശീലയിട്ടുകൊണ്ട് പുള്ളിക്കാരന്‍ ആ പാക്കറ്റ് തുറന്നു. ഞങ്ങള്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. വീട്ടുക്കാര്‍ ഇത്രയും ഭംഗിയായി പായ്ക്ക് ചെയ്തു തന്നുവിട്ട, ഞാന്‍ ഹാന്‍ഡ് ബാഗില്‍ വെച്ച് ഭദ്രമായി ഇവിടെ എത്തിച്ച ആ അമൂല്യ വസ്തു എന്തായിരുന്നു എന്നറിയുമ്പോള്‍ ആരായാലും ചിരിച്ചു പോകും. അത് വെറും കോഴിപപ്പായിരുന്നു. (ഞങ്ങളുടെ നാട്ടില്‍ അങ്ങനെയാണ് പറയുക. കുറച്ചു കൂടി ആലങ്കാരികമായി പറഞ്ഞാല്‍ കോഴി തൂവല്‍. ) ഞങ്ങളുടെ ചിരികണ്ട് നിസഹായ ഭാവത്തോടെ പുള്ളിക്കരന്‍ പറഞ്ഞു 'എനിക്ക് കോഴിത്തൂവല്‍ ചെവിയിലിട്ടാലെ ശരിയാകൂ ഈ ബട്സ് ഒന്നും നമ്മുക്ക് പറ്റില്ല. ഞാന്‍ ഇവിടെ കൊറേ അന്വേഷിച്ചു. കിട്ടിയില്ല. അതാണ് നാട്ടില്‍ നിന്നും കൊടുത്തു വിടാന്‍ പറഞ്ഞത്.'

നാട്ടിലല്ലെങ്കിലും നമ്മളില്‍ ചില മലയാളികള്‍ക്ക് ശീലങ്ങള്‍ മറ്റാന്‍ പറ്റുമോ???

2009, ഏപ്രിൽ 18, ശനിയാഴ്‌ച

കാപെല്റ്റ് (Catapult)

'Y' ആകൃതിയിലുള്ള മര കമ്പില്‍ സൈക്കിള്‍ ട്യൂബ് മുറിച്ചു ഒരു കഷ്ണം വലിച്ചു കെട്ടി ഒരു ആയുധം ഉണ്ടാക്കുമായിരുന്നു. എന്നിട്ട് അതില്‍ ഒരു കല്ല്‌ വെച്ച് ഉന്നം നോക്കി വലിച്ചു വിടും. ഞങ്ങളുടെ നാട്ടില്‍ കാപെല്റ്റ് എന്ന പേരിലാണ്‌ അത് അറിയപെട്ടിരുന്നത്. യഥാര്‍ത്ഥ പേര് 'catapult' ആണ് എന്ന് ഈ അടുത്തകാലത്താണ് ഞാന്‍ അറിഞ്ഞത്. ട്രൌസറിന്‍റെ പോക്കറ്റില്‍ നിറച്ചും കല്ലും കൈയില്‍ കാപെല്റ്റുമായിട്ടല്ലാതെ ആണ്ക്കുട്ടികളെ അന്ന് കാണുമായിരുന്നുള്ളൂ. മാങയുള്ള മാവുകള്‍, കാക്കകള്‍ എന്ന് വേണ്ട കണ്ണില്‍ കാണുന്നതെല്ലാം അവരുടെ കാപെല്റ്റിനു ഇരകളാകുമായിരുന്നു. ഉന്നം മാറി തലയില്‍ കൊണ്ട് എത്ര ആളുകളുടെ തല പൊട്ടിച്ചിരിക്കുന്നു വിരുതന്മാര്‍.

ദൂരദര്ശനില്‍ രാമായണം സംപ്രേഷണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കാപെല്റ്റ് അമ്പിനും വില്ലിനും വഴിമാറി. പിന്നെ കൊടകമ്പിയില്‍ ചരടു വലിച്ചു കെട്ടി വില്ല് ഉണ്ടാക്കളായി. ഈര്‍ക്കിലി അമ്പും. അമ്പും വില്ലും കരവിരുതോടെ മരകൊമ്പ് ചെത്തി ആകൃതി വരുത്തിയും ഉണ്ടാക്കുന്നവരുണ്ടായിരുന്നു. പിന്നീട് കടകളിലും ഉത്സവത്തിന് അമ്പല പറമ്പുകളിലും പ്ലാസ്റ്റിക്കിന്‍റെ അമ്പും വില്ലും വാങ്ങാന്‍ കിട്ടി തുടങ്ങി. ഇപ്പോ അതൊക്കെ ആര്‍ക്കു വേണം.. AK47നും മെഷീന്‍ ഗണും ഒക്കെയല്ലേ ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഉള്ളത്.

2009, ഏപ്രിൽ 17, വെള്ളിയാഴ്‌ച

4 വീലറും സിംഗിള്‍ വീലറും

ഞങ്ങളുടെ വീടിനു അടുത്തുള്ള ആണ്ക്കുട്ടികള്‍ക്കെല്ലാം കുട്ടിക്കാലത്ത് ഒരു വണ്ടി ഉണ്ടായിരുന്നു - 4 വീലര്‍. കൊന്ന വടിയും റബ്ബര്‍ ചെരിപ്പും ഉപയോഗിച്ച് ഉണ്ടാക്കുന്ന വണ്ടി. നീളത്തില്‍ ഒരു കൊന്ന വടി എടുത്തു അതിന്‍റെ ഒരു അറ്റത്തു ചെറിയ കൊന്ന വടി ആണി വെച്ച് ഉറപ്പിക്കും. ചെറിയ വടിയുടെ രണ്ടു അറ്റത്തുമായി റബ്ബര്‍ ചെരിപ്പില്‍ നിന്നും വട്ടത്തില്‍ വെട്ടിയെടുത്ത 2 ചക്ക്രങ്ങള്‍ വീതം ഉറപ്പിക്കും.കനം കുറഞ്ഞ കൊന്നവടി വട്ടത്തില്‍ കെട്ടി വലിയ കൊന്നവടിയുടെ മറ്റേ അറ്റത്തും ഉറപ്പിക്കും. അതാണ് സ്റ്റിയറിംങ്ങ്. 4 വീലര്‍ റെഡി. ഓഡിയോ കാസ്സറ്റിന്‍റെ ടേപ്പ് മുറിച്ചു സ്റ്റിയറിംങ്ങില്‍ തൂക്കിയിടും ചില കുട്ടികള്‍. ഞാന്‍ ഒത്തിരി ആശിച്ചിട്ടുണ്ട് അങ്ങനെ ഒരു വണ്ടി കിട്ടാന്‍. ഒരു ശ്രമം നടത്തിനോക്കാതിരുന്നില്ല. അമ്മയുടെ പുതിയ റബ്ബര്‍ ചെരുപ്പ് എടുത്തു ടയര്‍ ഉണ്ടാക്കിയതിനു കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും നല്ല ഓര്‍മയുണ്ട്‌.

4 വീലര്‍ മാത്രമല്ല ഒറ്റ ചക്ക്ര വണ്ടികളും ഉണ്ടായിരുന്നു അവര്‍ക്ക്. ട്യൂബ് ഇല്ലാത്ത സൈക്കിള്‍ ടയര്‍, ഓട്ടോ ടയര്‍, സ്ക്കൂട്ടര്‍ ടയര്‍ ഇവയൊക്കെ ഒരു വടി കഷ്ണം കൊണ്ട് ഉരുട്ടി നടക്കുക. അതായിരുന്നു ഒറ്റ ചക്ക്ര വണ്ടികള്‍. പിന്നെ ഒരു ഇരുമ്പ് വളയം (അത് എവിടുന്നു കിട്ടും എന്നുള്ളത് എനിക്ക് ഇന്നും അറിയില്ല.) നീളമുള്ള മെലിഞ്ഞ ഒരു കമ്പി കൊണ്ട് കിര്‍ര്‍ര്‍ര്‍ര്‍ര്‍..... കിര്‍ര്‍ര്‍ര്‍ര്‍ര്‍..... ശബ്ദ്ത്തോടെ ഉരുട്ടി നടക്കുന്ന വള്ളി ട്രൌസറുക്കാരുടെ രൂപം ഇന്നും എന്‍റെ മനസ്സില്‍ ഉണ്ട്. പാല് മേടിക്കാന്‍ പോകുമ്പോഴും തൊട്ടടുത്തുള്ള പെട്ടികടയിലേക്ക് സാധനങ്ങള്‍ മേടിക്കാന്‍ പോകുമ്പോഴും വലിയ ഗമയില്‍ ഈ വണ്ടികള്‍ ഓടിച്ചേ പോകു.

കുട്ടിക്കാലത്ത് എനിക്ക് പലപ്പോഴും അവരോടു അസൂയ തോന്നിയിട്ടുണ്ട്,ഒപ്പം ഒരു ആണ്‍കുട്ടി ആയി ജനിക്കാതെ പോയതില്‍ നിരാശയും.

2009, ഏപ്രിൽ 16, വ്യാഴാഴ്‌ച

വിഷു 2009.

കണി വെക്കാന്‍ സാധനങ്ങള്‍ മേടിക്കാന്‍ തിങ്കളാഴ്ച വൈകുന്നേരം ഇവിടെ ലുലുവില്‍ പോയപ്പോള്‍ തൃശൂര്‍ പൂരത്തിന്‍റെ അത്രേം തിരക്ക്. വിഷു ഫ്ലവര്‍ എന്ന് എഴുതിയ ഒരു ബോര്‍ഡ് കണ്ടു പക്ഷെ അതിനടിയില്‍ വെച്ചിരിക്കുന്ന കുട്ട കാലിയായിരുന്നു. അവിടെ കൂടി നിന്നിരുന്ന ചിലര്‍ പറഞ്ഞു കൊന്ന പൂ വേണമെങ്കില്‍ ഇവിടെ നിന്നോളു സേയില്‍സ് മാന്‍ എടുക്കാന്‍ പോയിട്ടുണ്ട് എന്ന്. പറഞ്ഞത് പോലെ കുറച്ചു കഴിഞ്ഞപ്പോള്‍ സേയില്‍സ് മാന്‍ ഒരു കുട്ടയില്‍ കൊന്ന പൂ പാക്കറ്റ്കളുമായി വന്നു. കണടച്ചു തുറക്കുന്ന സമയം കൊണ്ടല്ലെ അത് സംഭവിച്ചതു. ചുറ്റും നിന്ന് കൊറേ കൈകള്‍ നീണ്ടു വരുന്നത് മാത്രം കണ്ടു സേയില്‍സ് മാന്‍ അതാ നില്‍ക്കുന്നു കാലി കുട്ടയുമായി. കണി വെക്കാന്‍ കൊന്ന വേണമെങ്കില്‍ കൈക്കരുത്തു വേണമെന്ന് മനസിലാക്കിയ ഞാന്‍ പതുക്കെ ഭര്‍ത്താവിനെ അതിനായി നിയോഗിച്ചുകൊണ്ട്‌ പച്ചകറികള്‍ എടുക്കാനായി നീങ്ങി. ഒരു വിധം പച്ചകറികളും പഴങ്ങളും കിട്ടി. പച്ച മാങ്ങാ ഇലയോട് കൂടി എടുക്കാന്‍ ഒരു മല്‍പിടുത്തം തന്നെ നടത്തേണ്ടി വന്നു. മത്തങ്ങയും ചേനയും കഷ്ണങ്ങളാക്കി ഇട്ടിരിക്കുന്നു. മുഴുവനോടെയല്ലേ കണി വെക്കുക. ഇനി ഇപ്പോ കഴിയാറായപ്പോള്‍ കഷ്ണങ്ങളാക്കിയതാണോ എന്നറിയില്ല. എന്തായാലും മുഴുവനോടെ ഉള്ളതെ കണിവെക്കൂ എന്ന തീരുമാനത്തില്‍ ഉറച്ചു നിന്നത് കൊണ്ട് മത്തങ്ങയും ചേനയും അവിടുന്ന് വാങ്ങിയില്ല. പച്ചകറികളും പഴങ്ങളും എടുത്തു ഞാന്‍ ചെല്ലുമ്പോഴേക്കും ഒരു പാക്കറ്റ് കൊന്ന പൂ കൈക്കലാക്കി വിജയശ്രീ ലാളിതനായി എന്‍റെ പതി നില്പുണ്ടായിരുന്നു. തിരിച്ചു വരുന്ന വഴിക്ക് ഒരു ചെറിയ ഗ്രോസറികടയില്‍ നിന്നും മത്തങ്ങയും ചേനയും സങ്കടിപിച്ചു. ചക്ക മാത്രം കിട്ടിയില്ല. ഒരു കടച്ചക്കയെങ്കിലും കിട്ടിയിരുന്നെങ്കില്‍....

എന്തായാലും കിട്ടിയ പച്ചകറികളും പഴങ്ങളും വെച്ച് ഞങ്ങള്‍ ചെറിയ രീതിയില്‍ ഒരു കണി ഒരുക്കി.
രാവിലെ എണീറ്റ്‌ കണികണ്ടു. കൈനീട്ടവും കിട്ടി.







സദ്യ എല്ലാവരും ചേര്‍ന്നായിരുന്നു. എല്ലാവരും എന്ന് പറഞ്ഞാല്‍ 5 ഫാമിലിയും 3 ബാച്ചിലേര്‍സും അടങ്ങുന്ന ഒരു വലിയ കൂട്ടുകുടുംബം. ഓരോ ഫാമിലിയും 2 വിഭവങ്ങള്‍ വീതം ഉണ്ടാക്കി കൊണ്ട് വന്നു ഒരുമിച്ചിരുന്നു സദ്യ ഉണ്ടു. ഞങ്ങളുടെ എല്ലാ ആഘോഷങ്ങളും ഇങ്ങനെയാണ്. ഇവിടെ അല്ലാതെ തനിച്ചു എന്ത് ആഘോഷം. അങ്ങനെ ഈ വര്‍ഷത്തെ വിഷുവും കഴിഞ്ഞു. ഈ മണലാരണ്യത്തില്‍ ഞങ്ങളും ചെറിയ തോതില്‍ വിഷു ആഘോഷിച്ചു.

2009, ഏപ്രിൽ 7, ചൊവ്വാഴ്ച

വിഷു....

''കണി കാണും നേരം കമലാ നേത്രന്‍റെ
നിറമേറും മഞ്ഞ തുകില്‍ ചാര്‍ത്തി
കനക കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ"

വിഷുവിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുക ഈ വരികളാണ്. വിഷുവിന്‍റെ അന്ന് രാവിലെ ആകാശവാണിയിലൂടെ ഈ ഗാനം സംപ്രേഷണം ചെയ്യാറുണ്ട്.

വിഷുവിനു ഞങളുടെ വീട്ടില്‍ കണിയൊന്നും വെക്കാറില്ല. ഞങളുടെ വീട്ടില്‍ എന്നല്ല അടുത്തുള്ള വീടുകളിലൊന്നും കണിവെച്ചു ഞാന്‍ കണ്ടിട്ടില്ല. കൈയ്നീട്ടവും കിട്ടാറില്ല. വീടിനടുത്ത് കൃഷ്ണന്‍റെ ഒരു അമ്പലം ഉണ്ട്. എല്ലാരും രാവിലെ അവിടെ പോയി തൊഴും. പിന്നെ ഉച്ചക്ക് സദ്യ. ഇത്രയുമേ ഉണ്ടയിരുന്നുള്ളൂ വിഷു. മേടമാസം ഒന്നാം തിയ്യതി മലയാള കൊല്ലവര്‍ഷാരംഭം (അതായതു മലയാളം ന്യൂ ഇയര്‍) അണെന്നും അന്ന് വിളവെടുപ്പ്‌ ഉത്സവംആയിട്ടാണ് വിഷു ആഘോഷിക്കുന്നത് എന്നും ഞ്ങള്‍ക്കുണ്ടോ അറിയുന്നു. ഞങള്‍ കുട്ടികള്‍ക്ക് വിഷു എന്നുപറഞ്ഞാല്‍ പടക്കം, കമ്പിത്തിരി, ലാത്തിരി, പൂത്തിരി തുടങ്ങിയവ കിട്ടുന്ന ഒരു ആഘോഷം മാത്രാമായിരുന്നു.

വീട്ടില്‍ മുത്തശ്ശനാണ് എനിക്ക് പടക്കം ഒക്കെ വാങ്ങിതരുക. പിന്നെ ഞങളുടെ പരിചയത്തിലുള്ള ഒരു ചേട്ടന്‍ വിഷുവിനു പടക്ക കച്ചവടം നടത്തും റോഡരികില്‍. അതിനു മേശയും കസേരയും ഒക്കെ ഞങളുടെ വീട്ടില്‍ നിന്നാണ് എടുത്തോണ്ട് പോകുക. അതിനു വാടകയെന്നോണം ആ ചേട്ടനും കൊറേ പടക്കം കൊണ്ട് തരും. അതുകൂടാതെ ഞങളുടെ അടുത്തുള്ള 3 വീടുകളില്‍ മേടിക്കുന്ന പടക്കത്തിന്‍റെ ഒരു പങ്ക് എനിക്ക് കിട്ടും. കാരണം ആ വീടുകളിലെല്ലാം അണ്‍ക്കുട്ടികളായിരുന്നു അതുകൊണ്ട് പെണ്‍ക്കുട്ടിയായ്യ എന്നെ എല്ലാര്ക്കും വലിയ കാര്യമായിരുന്നു. പിന്നെ ഞാന്‍ അച്ഛനില്ലാത്ത കുട്ടിം കൂടി ആണല്ലോ. ഞങള്‍ 4 വീട്ടുകാരും ഒരുമിച്ചായിരുന്നു അതെല്ലാം പൊട്ടിച്ചു തീര്‍ക്കുക. എനിക്ക് പടക്കം പൊട്ടിക്കാന്‍ പേടിയായിരുന്നു. അതുകൊണ്ട് പാമ്പ് ഗുളിക, തലചക്രം, കമ്പിത്തിരി, ലാത്തിരി, പൂത്തിരി, മേശപൂ തുടങ്ങിയവയുടെ കുത്തകാവകാശം എനിക്കായിരുന്നു. ഓല പടക്കം, മാല പടക്കം, ചെറിയ ഗുണ്ട്, വാണം, മൂളി തുടങ്ങിയവ ആണ്‍കുട്ടികളുടെ കൈവശവും.

വിഷുവിന്‍റെ തലേന്ന് രാത്രിയിലെയും, രാവിലത്തെയും ഞങളുടെ പടക്കം പൊട്ടിക്കല്‍ കഴിഞ്ഞാല്‍ പശുക്കള്‍ ഉള്ള അടുത്ത വീട്ടില്‍ നിന്നും പരാതി വരും "ഈ പിള്ളേരുടെ ഒടുക്കത്തെ പടക്കം പൊട്ടിക്കല്‍ കാരണം ഇന്നു പശൂനെ കറന്നിട്ടു പാല് കിട്ടിയില്ല". അതുകേട്ടാല്‍ അമ്മ തുടങ്ങും അടുത്ത വര്‍ഷം ഇവിടെ ഒരാളും പടക്കം മേടിക്കില്ല എന്ന് പറഞ്ഞോണ്ട്. എവിടേ അടുത്ത വര്‍ഷം വീണ്ടും തതൈവ...ഒരു വര്‍ഷം വിഷുവിനു വാണം വിട്ടപ്പോള്‍ കുറച്ചു അപ്പുറത്തുള്ള വീടിന്‍റെ മുറ്റത്തുണ്ടായിരുന്ന വയ്യ്ക്കോല്‍ തുരുവില്‍ ചെന്ന് വീണു തീ പിടിച്ചു. അതുപക്ഷേ ആരും അറിഞ്ഞില്ല ഞങള്‍ വിട്ട വാണം ചെന്ന് വീണിട്ടാണെന്നു.അതോടെ വാണം പിന്നീട് വാങ്ങീട്ടില്ല.

വിഷുവിനു 2 ദിവസം മുന്‍പായി ഒരു അമ്മൂമ്മ വലിയ ചാക്ക് നിറയെ മണ്ണ് കൊണ്ട് ഉണ്ടാക്കിയ ചെറിയ കലം, ചട്ടി, കാശു കുടുക്ക (ഉണ്ടി എന്നും ചിലര്‍ പറയും), ഉരുളി ഒക്കെ വില്‍ക്കാന്‍ കൊണ്ട് വരും. അന്ന് അതിനു 25 പൈസ, 50 പൈസയൊക്കയേ ഉണ്ടയിരുന്നുള്ളൂ. എല്ലാ വര്‍ഷവും 2 രൂപയുടെ പാത്രങ്ങള്‍ അമ്മ എനിക്ക് മേടിച്ചു തരും.എല്ലാ കുട്ടികളും പിന്നത്തെ വിഷു ആകുമ്പോഴേക്കും അതൊക്കെ പൊട്ടിച്ചു കാണും. ഞാന്‍ പക്ഷെ ഒന്നും പൊട്ടിച്ചു കളയില്ല. (ഇന്നും അതൊക്കെ ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.) പാത്രങ്ങള്‍ വാങ്ങിയാല്‍ അന്നുമുതല്‍ പിന്നെ അതില്‍ ചോറും, കറിയും, പായസവും വെക്കലാണ് അടുത്ത പരിപ്പാടി. എല്ലാവരും അവരവരുടെ വീടുകളില്‍ നിന്ന് കൊറച്ചു കൊറച്ചു സാധനങ്ങള്‍ എടുത്തുകൊണ്ടു വരും. എന്നിട്ട് എല്ലാരും കൂടി പ്ലാവിന്‍ ചുവട്ടിലോ മാവിന്‍ ചുവട്ടിലോ അടുപ്പുണ്ടാക്കി ഓല വെച്ച് കത്തിച്ചു ഭക്ഷണം ഉണ്ടാക്കും. ഞ്ങല്‍ക്കുണ്ടോ അടുപ്പ് ശരിക്ക് കത്തിക്കാന്‍ അറിയുന്നു? ഭക്ഷണമാകെ പുകമണക്കും. എങ്കിലും ഞങള്‍ അത് സ്വാദോടെ കഴിക്കും.

അങ്ങനെയൊരു വിഷുക്കാലം ഇനി എന്നെങ്കിലും തിരിച്ചുകിട്ടുംമോ? ഇവിടെ ഞങള്‍ വിഷു ആഘോഷിക്കാറുണ്ട്. നാട്ടില്‍ ഇപ്പോള്‍ ആഘോഷിക്കുന്നതിനേക്കാള് കേമമായി. എങ്കിലും എപ്പോഴും "ഓള്‍ഡ് ഈസ് ഗോള്‍ഡ്".

2009, ഏപ്രിൽ 5, ഞായറാഴ്‌ച

മധ്യവേനല്‍ അവധിക്കാലം.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് മാര്‍ച്ച് എനിക്കിഷ്ടപ്പെട്ട മാസങ്ങളില്‍ ഒന്നായിരുന്നു. വര്‍ഷാവസാന പരീക്ഷകള്‍ കഴിഞ്ഞു നീണ്ട 2 മാസത്തേക്ക് അവധി തുടങ്ങുന്നത് ഈ മാസത്തിലാണല്ലോ. അവധി തുടങ്ങിയാല്‍ പക്ഷെ വീട്ടുക്കാര്‍ക്ക് തലവേദനയാണ്. രാവിലെ കളിക്കാന്‍ ഇറങ്ങിയാല്‍ പിന്നെ ഊണും വേണ്ട ഉറക്കവും വേണ്ട ഈ പിള്ളേര്‍ക്ക് എന്ന ശകാരം കേള്‍പിക്കാത്ത ഒറ്റ ദിവസം ഉണ്ടാകില്ല.

3 മാവുണ്ടായിരുന്നു ഞങളുടെ പറമ്പില്‍. അതില്‍ ചെറിയ മാവിന്‍റെ കൊമ്പില്‍ ഊഞ്ഞാല് കെട്ടും. തെങ്ങിന്‍ പട്ട വെട്ടി ആകൃതി വരുത്തിയാണ് ഊഞ്ഞാല്നു സീറ്റ് ഉണ്ടാക്കുക. ഓരോരുത്തര്‍ക്കും 15 പ്രാവശ്യം ആട്ടം. അതില്‍ അവസാനത്തെ 5 എണ്ണം വെറ്റിലപൊക്കമായിരിക്കും. വെറ്റിലപൊക്കം എന്ന് പറഞ്ഞാല്‍ ഊഞ്ഞാലാട്ടുന്ന ആള്‍ നമ്മളെ ആട്ടികൊണ്ടുവന്നു അവരുടെ തലക്കുമീതെ ഉയര്‍ത്തി നമ്മുടെ താഴെ കൂടെ മുന്‍പിലേക്ക് വരും. മാവിന്‍റെ ഇല തൊടുന്ന അത്രേം ഉയരത്തില്‍ ആട്ടും. ഉള്ളില്‍ പേടി ഉണ്ടെങ്കിലും ഞാനും ധൈര്യം കാണിച്ചിരിക്കും. അല്ലെങ്കില്‍ പേടിതോണ്ടി എന്ന പരിഹാസം കേള്‍ക്കേണ്ടി വരും.

ചോറും കറിയും വെച്ച് കളിക്കാന്‍ ഞങള്‍ പെണ്‍കുട്ടികള്‍ക്ക് വലിയ ഇഷ്ട്ടമായിരുന്നു. അണ്‍ക്കുട്ടികള്‍ പലചരക്ക് കടയും തുണി കടയും നടത്തും. കൊന്നവടിയില്‍ 2 ചിരട്ടകള്‍ ചാക്കുച്ചര്ട് വെച്ച് കെട്ടിയാണ് ത്രാസ്സു ഉണ്ടാക്കുക. അരിയായി മണലും മുളകുപ്പൊടിയായി ഇഷ്ട്ടികപ്പൊടിയും ഒക്കെയുണ്ടാകും കടയില്‍. അടുത്ത വീട്ടിലെ തുന്നല്‍ക്കാരി ചേച്ചിയില്‍ നിന്ന് സങ്കടിപ്പിക്കുന്ന വെട്ടു കഷ്ണങളാണ് തുണികടയിലെ വസ്ത്രങ്ങള്‍. ചോറും കറികളും വെച്ച് അടുത്ത വീട്ടുകാരെ വിരുന്നിനു വിളിക്കും. അതുപോലെ അവരുടെ വീട്ടിലേക്കും പോകും. അടുത്ത വീട് എന്ന് പറഞ്ഞാല്‍ മാവിന്‍ ചുവടോ പ്ലാവിന്‍ ചുവടോ ആയിരിക്കും.

ഒത്തിരി കളിച്ചു ക്ഷീണിക്കുബോഴാണ് തൂപ്പ് കളിക്കുക. എല്ലാ കുട്ടികളും വട്ടത്തില്‍ ഇരിക്കും. ഒരു കുട്ടി നിറയെ ഇലകളുള്ള ഒരു ചെറിയ മാവിന്ച്ചില്ല കയ്യിലെടുത്തു "കൊല കൊല മുന്തിരി ആര്‍ക്കു വേണം മുന്തിരി" അല്ലെങ്കില്‍ "തൂപ്പ് വേണോ തൂപ്പ്" എന്നു വിളിച്ചു ചോദിചോണ്ട് ഇരിക്കുന്നവരുടെ ചുറ്റും നടക്കും. ഇരിക്കുന്നവര്‍ "വേണ്ട വേണ്ട വേണ്ട" എന്നു പറഞ്ഞോണ്ടിരിക്കും. മൂന്നോ നാലോ തവണ ചുറ്റും നടന്നിട്ട് ഇരിക്കുന്ന ആരുടേങ്കിലും പുറകില്‍ തൂപ്പ് ഇട്ടോണ്ട് ഓടും. ആരുടെ പുറകിലാണോ തൂപ്പ് ഇട്ടതു അവര്‍ ആ തൂപ്പും എടുത്തോണ്ട് അതിട്ട ആളെ പിടിക്കാന്‍ പുറകെ ഓടണം. പിടികൊടുക്കാതെ ആ കുട്ടി പിടിക്കാന്‍ വരുന്ന ആളുടെ സ്ഥാനത്ത് വന്നിരുന്നാല്‍ പിന്നെ തൂപ്പ് കൈയിലുള്ള ആളായിരിക്കണം "തൂപ്പ് വേണോ തൂപ്പ്" എന്നു വിളിച്ചു ചോദിചോണ്ട് ഇരിക്കുന്നവരുടെ ചുറ്റും നടക്കേണ്ടത്‌.

പിന്നെ മൂവാണ്ടന്‍ മാവില്‍ നിന്ന് കണ്ണിമാങ്ങ പറിച്ചു ഉള്ളില്‍ ഉപ്പും മുളകും നിറച്ചു കല്ലുകൊണ്ട് ചതച്ച് കഴിക്കും. ഹോ.... ആലോചിക്കുമ്പോ ഇപ്പോഴും വായില്‍ വെള്ളം ഊറുന്നു. പുള്ളി, അരിനെല്ലിക്ക, പേരയ്ക്ക, ചാമ്പക്ക, മാമ്പഴം അങ്ങനെ ഉപ്പും മുളകും ചേര്‍ത്ത് കഴിക്കാന്‍ എന്തൊക്കെ ഉണ്ടായിരുന്നു അറിയോ...

അന്നൊക്കെ എത്ര കുട്ടികളായിരുന്നു കളിക്കാന്‍. അവധിക്ക് അമ്മ വീട്ടില്‍ വരുന്നവരും ബന്ധുക്കളും ഒക്കെയായി. എന്തെല്ലാം കളികളായിരുന്നു നമ്മുക്ക് കളിക്കാനുണ്ടായിരുന്നതു. അതിനുള്ള പറമ്പും അന്നുണ്ടായിരുന്നു. ഇന്നു ഭൂരിഭാഗം കുട്ടികള്‍ക്കും കളികൂട്ടുകാര്‍ tvയും കമ്പ്യൂട്ടറും ഒക്കെയല്ലേ. അവര്‍ക്കെവിടുന്നു മനസിലാകുന്നു ഈ കളികളുടെയൊക്കെ രസം???..


(ഇനിയുമുണ്ട് ഒത്തിരി കളികള്‍... അടുത്ത പോസ്റ്റില്‍ എഴുതാം ബാക്കി...)

2009, ഏപ്രിൽ 1, ബുധനാഴ്‌ച

ഏപ്രില്‍ ഫൂള്‍...

പണ്ടൊക്കെ ഏപ്രില്‍ ഫൂള്‍ ഒരു പേടിസ്വപ്നമായിരുന്നു.ഞങളുടെ ഗ്രാമത്തില്‍ ആണ്പ്പിള്ളേരുടെ ഒരു ഗാംങ് ഉണ്ടായിരുന്നു. എല്ലാ വിരുതന്മാരും ഉള്ള്പ്പെടും അതില്‍. ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് ആരോടെങ്കിലും ഏതേങ്കിലും തരത്തില്‍ ദേഷ്യം തോന്നിയിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കുക ഏപ്രില്‍ ഫൂളിന്‍റെ മറവിലാണ്. ഒരു തവണ അടുത്ത വീട്ടിലെ അയ്യപേട്ടന്‍റെ വരാന്തയില്‍ കിടന്നിരുന്ന കട്ടില്‍ രാവിലെ നോക്കുമ്പോ ഇലക്ട്രിക്‌ പോസ്റ്റില്‍ കെട്ടി വെച്ചിരിക്കുന്നു. അതും ഒരു 10 വീട് അപ്പുറത്തുള്ള പോസ്റ്റില്‍. മുറ്റത്ത്‌ അഴക്കയില്‍ ഉണ്ങാന്‍ സാരിയോ ഷര്‍ട്ടോ ഇട്ടിട്ടുണ്ടെങ്കില് പിന്നെ അത് ധരിച്ച മനുഷ്യകോലങ്ങള്‍ ഏതെങ്കിലും മരത്തില്‍ തൂങ്ങി മരിക്കുകയോ ആരുടെയെങ്കിലും കിണറ്റില്‍ ചാടി മരിക്കുകയോ ചെയ്തിരിക്കും. പിന്നെ പത്രങ്ങള്‍ എന്തെങ്കിലും പുറത്തു ഉണ്ടെങ്കില്‍ ഏപ്രില്‍ 1നു രാവിലെ മുതല്‍ ഓരോ വീടും കയറി ഇറങ്ങി അന്വേഷികണ്ടി വരും ഞങളുടെ ബക്കറ്റ് കണ്ടോ കലം കണ്ടോ എന്നൊക്കെ. ഇതൊക്കെ പിന്നേം സഹിക്കാം. ഒത്തിരി ദേഷ്യമുള്ളവരുടെ വീടിന്‍റെ വരാന്തയില്‍ മലമൂത്ര വിസര്‍ജനം നടത്തും ചില വിരുതന്‍മാര്‍. പിറ്റേ ദിവസം രാവിലെ അത് കഴുകി വൃത്തിയാകേണ്ടി വരുന്ന ഗൃഹനാഥയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു. അതിനൊന്നും അവസരം കൊടുക്കാതിരിക്കാന്‍ മാര്‍ച്ച് 31നു ഞങള്‍ ഉറക്കമൊഴിച്ചിരിക്കും. ചാണകം മെഴുകി വൃത്തിയാക്കി ഇട്ടിരിക്കുന്ന മുറ്റത്ത്‌ കട്ടന്‍ കാപ്പിയും ചക്ക വറുത്തതും കഴിച്ചു വെളുക്കുവോളം വര്‍ത്തമാനം പറഞ്ഞിരിക്കും.....................