2009, മാർച്ച് 9, തിങ്കളാഴ്‌ച

മുസണ്ഡം യാത്ര...

കഴിഞ്ഞ ഈദ് അവധിക്കാണ് ഞങള്‍ മുസണ്ഡം പോയത്. കൃത്യമായി പറഞ്ഞാല്‍ 2008 ഒക്ടോബര്‍ 2നു. മുന്‍പ് പലതവണ വിചാരിച്ചിട്ടും ഓരോ കാരണങളാല്‍ മാറിപോയതായിരുന്നു ഈ യാത്ര.

ദുബായില്‍ നിന്നും റോഡ് വഴി ഏകദേശം 150km ദൂരത്തായി ഒമാന്‍ രാജ്യത്തില്‍ ഉള്‍പ്പെടുന്ന ഒരു കൊച്ചു ദ്വീപു, അതാണ് മുസണ്ഡം. മുസ്സണ്ഡംത്തിന്‍റെ തലസ്ഥാനമാണ് ഖസബ്. റാസല്‍ഖൈമ വഴി പോകുമ്പോള്‍ റാസഅല്‍ദാര് - ഒമാന്‍ അതിര്‍ത്തിയില്‍നിന്നും 40km യാത്രചെയ്താല്‍ ഖസബില്‍ എത്തിച്ചേരാം.

അവധി ദിവസമായതിനാല്‍ അതിര്‍ത്തിയില്‍ നല്ല തിരക്കുണ്ടാകും അതുകൊണ്ടു ഞങള്‍ രാവിലെ 5 മണിക്കുതന്നെ വീട്ടില്‍ നിന്നും ഇറങ്ങി. അവധി ദിവസമായതുകൊണ്ടും രാവിലെ നേരത്തെ ആയതിനാലും റോഡ് ഏതാണ്ട് വിജനമായിരുന്നു. 6.30 ആകുമ്പോഴേക്കും ഞങള്‍ ബോര്ഡറില്‍ എത്തിചേര്‍ന്നു. exit അടിക്കാനും, വിസ സ്റ്റാമ്പ്‌ ചെയ്യാനുമായി അവിടെ ഒരു മണിക്കൂറോളം എടുത്തു.

മുസണ്ഡംത്തിലേക്ക് പ്രവേശിച്ചതും പെട്ടന്ന് വേറെ ഏതോ ലോകത്ത് എത്തിയ പ്രതീതിയായിരുന്നു. ബോര്‍ഡര്‍ വരെ റോഡിനിരുവശവും വിജനമായ മരുഭൂമിയിരുന്നു. എന്നാല്‍ ബോര്‍ഡര്‍ കടന്ന് മുസണ്ഡംത്തില്‍ എത്തിയാല്‍ മനംകവരുന്ന പ്രകൃതിദ്രിശ്യങ്ങളാണ് നമ്മുക്ക് കാണാന്‍ കഴിയുക. റോഡിനു ഒരു ഭാഗത്ത് കടലും മറുഭാഗത്ത് കടലിലേക്ക്‌ ഇറങ്ങി ആകാശം മുട്ടി നിലക്കുന്ന മലനിരകളും.വഴിയരുകില്‍ നിര്‍ത്തി പൊതിഞ്ഞെടുത്തിരുന്ന ചപ്പാത്തിയും കറിയും കഴിച്ചു ഞങള്‍ യാത്ര തുടര്‍ന്നു . മലയിടുക്കുകളിലൂടെ ഹെയര്‍പിന്‍ വളവുകളും കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും നിറഞ്ഞ റോഡ്. പ്രകൃതിയെ സ്നേഹിക്കുന്നവര്‍ക്കും സാഹസികത ഇഷ്ടപെടുന്നവര്‍ക്കും വിസ്മരിക്കാനാകാത്ത ഒരു യാത്ര.






മലകളും കടലും മാത്രമുള്ള ഒരു ഭൂപ്രകൃതിയാണ് മുസ്സണ്ഡംത്തിന്‍റെതു. മലകള്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ കാണുന്നതുപോലെ പച്ചപുതച്ച മലനിരകളല്ലാട്ടൊ. പാറക്കെട്ടുകള്‍ എന്ന് പറയുന്നതായിരിക്കും ശെരി. നല്ല ചൂടുള്ള സമയമാണ്‍െങ്കില് അത്യാവശ്യത്തിനു ദോശ ചുടാനും, ഓംലെറ്റ് ഉണ്ടാക്കാനും പാത്രത്തിന്‍റെ അവശ്യം വരില്ല നേരെ ചുട്ടുപഴുത്ത പാറയിലേക്ക്‌ ഒഴിച്ചാല്‍ മതിയാകും.അങ്ങനെയൊക്കെ ആണെങ്കിലും പ്രകൃതിയുടെ കൊത്തുപണികള്‍ നിറഞ്ഞ ആ പറക്കെട്ടുകള്‍ക്കും ഉണ്ട് ഒരു പ്രത്യേക ഭംഗി. കണ്ണാടി പോലെ തെളിഞ്ഞു കിടക്കുന്ന സൂര്യപ്രകാശമേറ്റു തിളങ്ങുന്ന ജലാശയങളും കാണാം. പ്രകൃതിരമണീയമായ ഈ സ്ഥലം Norway of Arabia എന്ന പേരില്‍ അറിയപ്പെടുന്നതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല.






ഭക്ഷണം പൊതിഞ്ഞെടുത്തത് എന്ത്‌കൊണ്ടും നന്നായി എന്ന് തോന്നി. കാരണം ഖസബ് എത്തുന്നതുവരെ ഒരു പെട്ടികടപോലും ഞങള്‍ക്ക് കാണാനായില്ല. വഴിയില്‍ ഇടക്കിടെ വണ്ടി നിര്‍ത്തി ഫോട്ടോസ് എടുത്തും പ്രകൃതി ഭംഗി ആസ്വദിച്ചും യാത്ര ചെയ്തതിനാല്‍ ഖസബില്‍ എത്തിയപ്പോള്‍ 9 മണിയായി. എന്നാല്‍ ഒരു ബോട്ട് യത്ര ആകാം എന്ന് കരുതി അതിനെക്കുറിച്ച്‌ അന്വഷിചപ്പോള്‍ 8 മണിക്ക് ഒരു ട്രിപ്പ്‌ പോയെന്നും ഇനി 11 മണിക്കേ അടുത്ത ട്രിപ്പ്‌ ഉള്ളു എന്നും അറിയാന്‍ കഴിഞ്ഞു. 2 മണിക്കൂര്‍ എന്തു ചെയ്യണം എന്ന ആലോച്ചനകൊടുവില്‍ ഖസബ് ഫോര്‍ട്ട്‌ കണ്ടേക്കാം എന്ന് തീരുമാനമായി. ഞങളുടെ കഷ്ട്ക്കാലമെന്നു പറയട്ടെ ഈദ് പ്രമാണിച്ച് ഫോര്‍ട്ട് അന്ന് തുറന്നിരുനില്ല. പുറത്തു കുറച്ച് നേരം ചുറ്റിപറ്റി നടന്നു ഫോട്ടോസും എടുത്തു തിരിച്ച് പോന്നു. അവിടവിടെ ചുറ്റികറങ്ങി നടന്നു ഒരുവിധത്തില്‍ 11 മണിവരെ സമയം തള്ളി നീക്കി.




കൃത്യം 11 മണിക്ക് ഞങളെ ബോട്ടിനടുത്തേക്ക് കൊണ്ടുപോയി. കട്ടിയുള്ള കാര്പെറ്റുകള്‍ വിരിച്ച്‌ വലിയ കുഷ്യനുകള് ഇട്ട ഇരിപ്പിടങ്ങള്‍ ഒരുക്കിയ ബോട്ടുകള്‍ 20 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്നവയാണ്. അറബിക്ക് കോഫി തന്നു അതിലെ ആളുകള്‍ ഞങളെ സ്വീകരിച്ചു. പഴം, ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ ഫ്രൂട്ട്സും, പലതരത്തിലുള്ള ശീതള പാനിയങ്ങളും നിറച്ച പെട്ടികള്‍ ബോട്ടിന് നടുവില്‍ വെച്ചിരുന്നു. ആര്‍ക്കു വേണമെങ്കിലും എത്ര വേണമെങ്കിലും കഴിക്കാം, പരിമിതികള്‍ ഇല്ലാ. ഒഴിയുന്നതിനനുസരിച്ചു പെട്ടികള്‍ നിറക്കാന്‍ അവര്‍ മരനിരുനില്ല.

ബോട്ടിലൂടെ ഒരു കടല്‍ യാത്ര നടത്തിയില്ലെങ്കില്‍ മുസണ്ഡം കാഴ്ച പൂര്‍ത്തിയായി എന്ന് പറയാന്‍ ഒരിക്കലും കഴിയില്ല. കടലിന്‍റെ ഭയാനകമായ ശാന്തതയിലൂടെ ഡോള്‍ഫിനുകളുടെ കളികള്‍ കണ്ടു കൊണ്ടുള്ള അവിസ്മരണീയമായ ഒരു ബോട്ട് യാത്ര.










അതുകൂടാതെ ഈ യാത്രയില്‍ 7 ഗ്രാമങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. നദീഫി,ഖാനാഹ, മഖ്‌ലാബ്, സീബി എന്നിവയാണ് അവയില്‍ ചിലത്. കടലിലേക്ക്‌ ഇറങ്ങി നില്‍കുന്ന മലകളില്‍ പത്തോ പതിനഞ്ചോ വീടുകള്‍ മാത്രമുള്ള ഗ്രാമങ്ങള്‍. പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്നവര്‍. മത്സ്യമാണ് അവരുടെ പ്രധാന ഭക്ഷണം. കുറച്ചു കാലങ്ങളായി ചെറിയ വന്ഞികളില്‍ കരയില്‍ വന്നു സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ടത്രേ അവര്‍. ആശുപത്രികള്‍, വിദ്യഭ്യാസസ്ഥാപനങ്ങള്‍ എന്തിനു ഒരു പെട്ടികട പോലും അവിടെയില്ല. പക്ഷെ അവിടെയും വൈദ്യുതി എത്തിയിട്ടുണ്ട് എന്നത് ശ്രദിക്കപെടേണ്ട വസ്തുതയാണ്.




നൂറ്റാണ്ടുകള്‍ പഴക്കമുളള ടെലഗ്രാഫിക്ക് ദ്വീപുആണ് മറ്റൊരാകര്‍ഷണം. 1864ല്‍ ഇന്‍ഡ്യയില്‍ നിന്നും ഇറാഖിലേക്ക് ബ്രിട്ടീഷ്ക്കാര്‍ ടെലഗ്രാഫിക്ക് കേബിള്‍ ഇട്ടത് ഈ ദ്വീപിലൂടെ ആയിരുന്നു. അന്ന് അത് 10 വര്‍ഷം എടുത്താണ് സാധ്യമാക്കിയത്. ഇപ്പോഴും അതിന്‍റെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാന്‍ കഴിയും.



ബോട്ട് യാത്ര കഴിഞ്ഞു 2 മണിക്ക് ഞങള്‍ തിരിച്ചെത്തി. ഉച്ചഭക്ഷണവും ഞങള്‍ കൊണ്ടുപോയിരുന്നു. ഭക്ഷണം കഴിച്ചു കുറച്ചു സമയം റെസ്റ്റ് എടുത്തതിനു ശേഷം 4 മണിക്ക് ജെബല്‍ ഹരിം കാണാന്‍ പുറപെട്ടു. മുസ്സണ്ഡംത്തിലെ ഏറ്റവും ഉയരം കൂടിയ മലനിരയാണ് 'Mountain of Women' എന്നറിയപെടുന്ന ജെബല്‍ ഹരിം. ഏതാണ്ട്‌ 2087 മീറ്റ്ര്‍ ഉയരം വരും. മുകളിലേക്ക് കയറുമ്പോള്‍ താഴെക്ക് നോക്കിയാല്‍ പറക്കെട്ടുകള്‍ക്കിടയിലൂടെ ഒരു നൂല് പോലെ ചുറ്റി കിടക്കുന്ന കടലും കൂറ്റന്‍ പാറക്കെട്ടുകളില്‍ പ്രകൃതി തീര്‍ത്ത കൊത്തുപണികളും കാണാന്‍ സാധിക്കും. മലമുകളിലും ഉണ്ട് ചെറിയ ഗ്രാമങ്ങള്‍. പാറക്കല്ലുകള്‍ അടുക്കി വെച്ച് കെട്ടിപൊക്കിയ പഴയ വീടുകളുടെ അവശിഷ്ടങ്ങളും അവിടവിടെ അക്കേഷ്യാമരങ്ങളും കാണാം.



=]







6.30 ആയപ്പോള്‍ ഞങള്‍ താഴെ എത്തി. ഒത്തിരി ഇരുട്ടിയാല്‍ തിരിച്ചുള്ള യാത്ര എളുപ്പമാകില്ല എന്നുള്ളതിനാല്‍ തല്‍കാലത്തേക്ക് മുസണ്ഡംതിനോട് വിടപറഞ്ഞു ഞങ്ങള്‍ യാത്രതിരിച്ചു.







2009, മാർച്ച് 3, ചൊവ്വാഴ്ച

UAE - എന്‍റെ കണ്ണുകളിലൂടെ....

സൗദി, കുവൈറ്റ്, ഒമാന്‍, ബഹറിന്‍, UAE എന്നിവയൊക്കെ വേറെ വേറെ രാജ്യങ്ങളാണെന്ന അറിവ് ഇപ്പോഴും പലര്‍ക്കും ഇല്ല. ഈ രാജ്യങ്ങളെല്ലാം ചേര്‍ത്ത് ഗള്‍ഫ് എന്ന ഒറ്റ പേരിലല്ലേ നമ്മള്‍ മലയാളികള്‍ക്ക് അറിയുമായിരുന്നുള്ളു ‍. കേരളമാണോ ഇന്ത്യയാണോ വലുത് എന്ന സംശയം അറബികള്‍ക്കിടയില്‍ ഉണ്ടാക്കിയ മിടുക്കരാണ് നമ്മള്‍.

UAE എന്ന് പറഞ്ഞാല്‍ പലര്‍ക്കും അറിയില്ല. എന്നാലോ ദുബായ്, ഷാര്‍ജ്ജ, അബുദാബി ഈ പേരുകള്‍ എല്ലാവര്‍ക്കും ഇപ്പോള്‍ സുപരിചിതമായിരിക്കും. നമ്മുടെ കേരളത്തിന്‍റെ ഇരട്ടി വലുപ്പം മാത്രം വരുന്ന, ഏകദേശം 78,700 കിലോമീറ്റര്‍ സ്ക്വയര്‍ വിസ്തൃതിയുള്ള ഒരു കൊച്ചു രാജ്യമാണ് UAE. അബുദാബി, അജ്മാന്‍, ദുബായ്, ഫുജൈറാ, റാസല്‍ഖൈമ, ഷാര്‍ജ്ജ, ഉമല്ഖൊയിന്‍ എന്നിങനെ 7 എമിറേറ്റുകള്‍ ഉള്‍പെടുന്ന ഒരു ഫെഡറേഷന്‍. വിസ്തൃതിയില്‍ കേരളത്തിന്‍റെ ഇരട്ടി ഉണ്ടെങ്കിലും ജനവാസപ്രദേശം കേരളത്തിന്‍റെ അത്രേം വരില്ല. എറിയ പങ്കും വിജനമായ മരുഭൂമിയാണ്.

7 എമിറേറ്റുകളില്‍ അബുദാബിയാണ് വിസ്തൃതിയില്‍ ഏറ്റവും വലുത്. ഏകദേശം 67340 കിലോമീറ്റര്‍ സ്ക്വയര്‍. മൊത്തം വിസ്തൃതിയുടെ മുക്കാല്‍ ഭാഗവും അബുദാബി എമിറേറ്റില്‍ ഉള്‍പ്പെടുന്നു. UAEടെ തലസ്ഥാന നഗരവും അബുദാബി തന്നെയാണ്. UAEലെ ഏറ്റവും വലിയ സിറ്റിയ്യായ ദുബായിടെ വിസ്തൃതി ഏകദേശം 4114 കിലോമീറ്റര്‍ സ്ക്വയറെ വരൂ. ഏറ്റവും ചെറിയ എമിറേറ്റ് അജ്മാനാണ്. വിസ്തൃതി ഏകദേശം 260 കിലോമീറ്റര്‍ സ്ക്വയര്‍. ഷാര്‍ജ്ജയാണ് വിസ്തൃതിയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത് ഏകദേശം 2590 കിലോമീറ്റര്‍ സ്ക്വയര്‍. റാസല്‍ഖൈമ 1683 കിലോമീറ്റര്‍ സ്ക്വയര്‍, ഫുജൈറാ 1450 കിലോമീറ്റര്‍ സ്ക്വയര്‍, ഉമല്ഖൊയിന്‍ 777 കിലോമീറ്റര്‍ സ്ക്വയര്‍ എന്നിങനെ പോകുന്നു കണക്കുകള്‍.

2007ലെ സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ച് UAEലെ മൊത്തം ജനസംഖ്യ 44,80,000 ആണ്. അതില്‍ 8,64,000 മാത്രേ ഇവിടുത്തെ ജനങള്‍ ഉള്ളു. 36,16,000 ജനങളും ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളാണ്. UAEടെ പകുതി മാത്രം വിസ്തൃതിയുള്ള കേരളത്തിലെ ജനസംഖ്യ 3,18,38,619 ആണ്.