2019, ഡിസംബർ 31, ചൊവ്വാഴ്ച

അർമേനിയൻ ഡയറി - ഭാഗം 1 (Armenian Diary - Part 1)

പോകാൻ പലതവണ പ്ലാൻ ചെയ്തു നടക്കാതെ പോയ യാത്ര....  ഇത്തവണ ഇവിടെ നാഷണൽ ഡേ അവധി കിട്ടിയപ്പോൾ വലിയ പ്ലാനിംഗ് ഒന്നും ഇല്ലാതെ അങ്ങ് നടത്തി. 2019 നവംബർ 29നു രാവിലെ 8.20നു   ഷാർജയിൽ നിന്നും അങ്ങനെ അർമേനിയയിലേക്കു ഫ്ലൈറ്റ് കയറി. മൂന്ന് മണിക്കൂർ പത്തു മിനിറ്റ് നേരത്തെ പറക്കലിന് (യാത്രക്ക്) ശേഷം 11.30നു  ഞങ്ങൾ അർമേനിയയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ സവ്ർട്നോട്സ്ൽ  (Zavartnots) ഇറങ്ങി. ആർഭാടങ്ങൾ ഒന്നും ഇല്ലാത്ത വളരെ  ചെറിയ എയർപോർട്ട്.  നമ്മുടെ മെട്രോ സ്റ്റേഷനുകളുടെ പകുതി പോലും വരില്ലാ.

Zavartnots Airport 

ഇന്ത്യൻ പാസ്പോര്ട്ട്  ഉള്ളവർക്ക് ഓൺ അറൈവൽ വിസ ആണ്. അർമേനിയൻ ഡ്രാമ് (AMD)  ആണ് അവിടുത്തെ കറൻസി. ഒരു UAE ദിർഹം 130 അർമേനിയൻ ഡ്രാമ്. അതായതു ഒരു ഇന്ത്യൻ രൂപ 6.70 ഡ്രാമ്.

എമിഗ്രേഷനിൽ വിസ ചാർജ്സ്  രേഖപ്പെടുത്തിയ നോട്ടീസ് കണ്ടു കണ്ഫ്യൂഷന് അടിച്ചു ഒരു നിമിഷം നിന്നു.

3 ഡേയ്സ് വിസ - 10000 AMD (77 AED / 1493 Rs)
21 ഡേയ്സ് വിസ - 3000 AMD (23 AED / 448 Rs)
120 ഡേയ്സ് വിസ - 15000 AMD ( 116 AED / 2238 Rs)
18 വയസ്സിനു താഴെ ഉള്ളവർക്ക് വിസ ഫ്രീ ആണ്.

മൂന്ന് ദിവസത്തേക്കാണ് ഞങ്ങൾ പോയത് എങ്കിലും വിസ ചാർജ് നോക്കിയപ്പോൾ എന്തായാലും 21 ദിവസത്തെ വിസ എടുക്കാൻ തീരുമാനിച്ചു.  നമ്മൾ മലയാളികളോടാ കളി.

എമിഗ്രേഷൻ ഉദ്യോഗസ്ഥർ എല്ലാം വലിയ ഗൗരവത്തിലും കർക്കശ്യത്തിലും ആയിരുന്നു യാത്രക്കാരോട് പെരുമാറിയത്. ചിരിക്കാൻ അറിയില്ല എന്ന് തോന്നി പോയി അവരുടെ മുഖം കണ്ടപ്പോൾ.   പിന്നീട് ഞങ്ങളുടെ ടൂറിസ്റ്റ് ഗൈഡ് പറഞ്ഞാണ് അറിഞ്ഞത് ഞങ്ങൾ ചെല്ലുന്നതിനു ഒന്ന് രണ്ടു ആഴ്ച മുൻപ് കുറച്ചു ഇന്ത്യൻ ടൂറിസ്റ്റുകൾ എമിഗ്രേഷൻ ഉദ്യഗസ്ഥരുമായി എന്തോ പറഞ്ഞു വാക്ക് തർക്കമായെന്നും അവസാനം അത് അടിപിടിയിൽ കലാശിച്ചെന്നും. അതിനു ശേഷമാണ് ഇന്ത്യൻസിനോട് അവർ  കാർക്കശ്യം കാണിച്ചു തുടങ്ങിയതെന്നും . എന്താ ചെയ്യാ എവിടെ ചെന്നാലും വെറുപ്പിക്കാനായി  ചിലരെങ്കിലും ഉണ്ടാകുമല്ലോ. ആ ഇന്ത്യൻ ടൂറിസ്റ്റുകൾ മലയാളികൾ ആയിരുന്നിരിക്കരുതേ എന്ന് വെറുതെ ആഗ്രഹിച്ചു പോയി.

വിസ അടിച്ചു ലഗേജ്‌കളും എടുത്തു പുറത്തേക്കു കടന്നു.   ദുബായിലെ ഒരു ടൂർ ഏജൻസി വഴി ആണ് ഞങ്ങൾ ട്രിപ്പ് ബുക്ക് ചെയ്തിരുന്നത്. ഞങ്ങൾ സ്ഥിരമായി ആ ഏജൻസി വഴി ആണ് യാത്രകൾ പോകാറുള്ളത്. ഇത്തവണ  45 പേര് അടങ്ങുന്ന ഒരു ഗ്രൂപ്പ് ആയിരുന്നു ഉണ്ടായിരുന്നത്. എയർപോർട്ടിൽ  ടൂറിസ്റ്റ് ഗൈഡ് കാത്തു നിൽപ്പുണ്ടായിരുന്നു.  ഞങ്ങൾക്കു പോകാനുള്ള ബസും റെഡി ആയിരുന്നു.


ആർമേനിയയുടെ തലസ്ഥാനനഗരിയാണ് യേരവാൻ.   യേരവാൻ സിറ്റിയിലേക്ക് എയർപോർട്ടിൽ നിന്നും 15 കിലോമീറ്ററോളം ദൂരം മാത്രേ ഉള്ളു. നല്ല തണുത്ത തെളിഞ്ഞ  കാലാവസ്ഥ. 15 ഡിഗ്രി ആയിരുന്നു പുറത്തു.  ഉച്ചക്ക് ഒന്നരയോടെ ആണ് ഞങ്ങൾ എയർപോർട്ടിൽ നിന്നും യേരവാൻ സിറ്റിയിലേക്ക് യാത്ര തിരിച്ചത്. ഇനി എനിക്ക്‌ അറിയാവുന്ന കുറച്ചു അർമേനിയൻ ചരിത്രം പറയാം.

ഏകദേശം മുപ്പതിനായിരം sq.km വിസ്തീർണ്ണവും മുപ്പതു ലക്ഷത്തോളം ജനസംഘയും മാത്രം ഉള്ള ഒരു കൊച്ചു ഏഷ്യൻ രാജ്യമാണ് അർമേനിയ.  ഏഷ്യക്കും യൂറോപ്പിനും ഇടയ്ക്കു തെക്കൻ കൊക്കേഷ്യസ് പർവത പ്രദേശങ്ങളും താഴ്വാരങ്ങളും ഉൾപ്പെട്ടതാണ് അർമേനിയ. 1990ൽ ആണ് സോവിയറ്റ് യൂണിയനിൽ നിന്ന് വേർപെട്ടു അർമേനിയ ഒരു സ്വതന്ത്ര രാജ്യമായതു.  വടക്കു ജോർജിയ കിഴക്കു അസർബെയ്ജാൻ തെക്കു ഇറാൻ പടിഞ്ഞാറു ടർക്കി (തുർക്കി) എന്നിവയാണ് അർമേനിയയുടെ അതിർത്തി രാജ്യങ്ങൾ. കരയാൽ ചുറ്റപെട്ട് കിടക്കുന്ന രാജ്യം ആയതു കൊണ്ട്  കടൽമാർഗമുള്ള വാണിജ്യം സാധ്യമല്ലാത്തതു അർമേനിയയുടെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി വളരെ ഏറെ ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളെക്കാളും ചരിത്രപരമായി മുന്നിട്ടു നിൽക്കുന്ന ഈ കൊച്ചു രാജ്യം സാമ്പത്തികമായി വളരെ പുറകോട്ടാണ്.  

ചരിത്രം തത്കാലത്തേക്ക് നിർത്തി നമുക്കു ഇനി യാത്ര തുടരാം. അർമേനിയ വൈനിനു പേരുകേട്ട സ്ഥലം ആണ്. അതുകൊണ്ടു തന്നെ ആദ്യം കണ്ട റൌണ്ട് എബൗട്ടിൽ വൈൻ ബോട്ടിൽ ആയിരുന്നു.




റൌണ്ട് എബൌട്ട് 

 മരങ്ങൾ എല്ലാം ഇല കൊഴിച്ചു മഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്നു. വളരെ പഴക്കം ചെന്ന കെട്ടിടങ്ങൾ. വോൾകാനോയിൽ നിന്നുള്ള ലാവാ ഉറച്ചുണ്ടായ പാറയിൽ നിന്നും ചെത്തി എടുത്ത കല്ലുകൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. പിങ്ക് നിറങ്ങളിൽ ഉള്ള കല്ലുകൾ ആണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത് . ഇടയ്ക്കു കടും മഞ്ഞ  നിറങ്ങളിൽ ഉള്ള കല്ലുകളും കാണാം. യേരവാൻ പിങ്ക് സിറ്റി എന്ന് അറിയപെടുന്നതിനു കാരണം പിങ്ക് നിറത്തിലുള്ള ഈ കെട്ടിടങ്ങൾ ആണ്.

യേരവാൻ സിറ്റി എത്തിയപ്പോഴേക്കും  2  മണി കഴിഞ്ഞിരുന്നു. വിശപ്പിന്റെ വിളി കേട്ട് തുടങ്ങിയിരുന്നു. എന്ത് കിട്ടിയാലും കഴിയ്ക്കാം എന്ന അവസ്ഥ. . സിറ്റിയിൽ ഉള്ള Artashi Mot  എന്ന റെസ്റ്റോറൻറ് ലേക്കാണ്  ഞങ്ങളെ ഗൈഡ് കൊണ്ട് പോയത്. മെനു അർമേനിയൻ ഭാഷയിൽ ആയിരുന്നു. ബീഫ്, ലാംബ് ഡിഷസ് ആയിരുന്നു കൂടുതലും.  ഓർഡർ എടുക്കുന്നവർക്കോ സപ്ലയർമാർക്കോ ഇംഗ്ലീഷ് അറിയില്ലായിരുന്നു. എല്ലാം ആക്ഷൻ ആയിരുന്നു. മെനുവിലെ ഫോട്ടോസ് കാണിച്ചാണ് ഭക്ഷണം ഓർഡർ ചെയ്തത്. ഫോട്ടോസ് നോക്കി ഞങ്ങൾക്ക് പറ്റുന്നത് എന്ന് തോന്നിയ കുറച്ചു ഭക്ഷണം ഓർഡർ ചെയ്തു.



ചിക്കൻ കബാബ്, ഗ്രിൽഡ് പൊട്ടറ്റോ, അർമേനിയൻ റൊട്ടി ലവാഷ്, ഇവിടുത്തെ തേഹിനാ പോലെ ഉള്ള ഒരു ഡിഷും ആണ് പറഞ്ഞത്. ഭക്ഷണം കൊള്ളാമായിരുന്നു. ഫോട്ടോയിൽ തഹിനാ പോലെ തോന്നിച്ച ഡിഷ് വന്നപ്പോഴാണ് മനസ്സിലായത് അത് നല്ല അസ്സൽ വെണ്ണ ആയിരുന്നു എന്ന്. 3600 AMD ആയിരുന്നു ബില്ല്. അതായത് 28 AED.



ഭക്ഷണം കഴിഞ്ഞു ഞങ്ങൾ പോയത് മദർ ഓഫ് അർമേനിയ സ്റ്റാച്യു കാണാൻ ആയിരുന്നു.  വൈകുന്നേരം ആകും തോറും തണുപ്പിന് ശക്തി കൂടി വന്നു.  യേരവാൻ സിറ്റിക്കുള്ളിൽ തന്നെ ഉള്ള ഒരു  കുന്നിൻ മുകളിലെ വിക്ടറി പാർക്കിൽ  ആണ് മദർ ഓഫ് അർമേനിയ സ്റ്റാച്യു  സ്ഥിതിചെയ്യുന്നത്.  1950 മുതൽ 1962  വരെ സ്റ്റാലിന്റെ പ്രതിമ  ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. 1962ൽ സ്റ്റാലിന്റെ പ്രതിമ എടുത്തു മാറ്റുകയും അഞ്ചു വർഷത്തിന് ശേഷം 52 മീറ്റർ  ഉയരമുള്ള മദർ ഓഫ് അർമേനിയ സ്റ്റാച്യു സ്‌ഥാപിക്കുകയും ചെയ്തു. ഒരു വലിയ വാൾ രണ്ടു കൈകൾ കൊണ്ടും പിടിച്ചു നിൽക്കുന്ന സ്ത്രീയുടെ പ്രതിമ അർമേനിയ്ക്കു സ്വാതന്ത്ര്യം ലഭിക്കാൻ സ്ത്രീകൾ വഹിച്ച  പങ്കിനെ അനുസ്മരിക്കാനായി നിർമിച്ചതാണ് എന്ന് പറയപ്പെടുന്നു .


അർേമനിയൻ മിനിസ്റററി ഓഥ് ഡിഥൻസിൻെറ  മിലിറ്ററി  മ്യൂസിയം  കൂടി വിക്ടറി പാർക്കിൽ കാണാം.




തണുപ്പ് കൂടി കൂടി 3 ഡിഗ്രി ആയിരുന്നു അപ്പോഴേക്കും. ഇരുട്ടാകാനും തുടങ്ങി. അന്നത്തെ സഞ്ചാരം അവസാനിപ്പിച്ച്  ഞങ്ങൾ ഹോട്ടലിലേക്ക് യാത്ര തിരിച്ചു.  യേരവാൻ സിറ്റിയിൽ തന്നെ ഉള്ള ആനി സെൻട്രൽ ഇൻ ഹോട്ടലിൽ ആയിരുന്നു ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്നത്. ഞങ്ങളെ ഹോട്ടലിൽ ആക്കി നാളെ രാവിലെ 9 മണിക്ക് കാണാം എന്ന് പറഞ്ഞു ഗൈഡ് പോയി.


നല്ല റൂം ആയിരുന്നു.  റൂമിൽ AC ഇല്ല ഹീറ്റർ മാത്രം. ഹീറ്റർ ഇടാൻ മാത്രം ഉള്ള തണുപ്പ് ആയിട്ടുണ്ടായിരുന്നില്ല. റൂമിൽ എത്തി ഒന്ന് ഫ്രഷ് ആയി ഞങ്ങൾ പുറത്തേക്കു ഇറങ്ങി. അപ്പോഴേക്കും കാലാവസ്ഥ -4 ഡിഗ്രി ആയിരുന്നു.

വൈൻ വാങ്ങിക്കൽ ആയിരുന്നു പ്രധാന ലക്ഷ്യം. ഞങ്ങൾ താമസിച്ചിരുന്നു ഹോട്ടലിന്റെ എതിർവശത്തു ബസ് സ്റ്റാൻഡ് ആയിരുന്നു. അതിന്റെ സൈഡിൽ ആയി  ചെറിയ ചെറിയ പെട്ടിക്കടകൾ. എല്ലാ കടകളിലും വൈൻ ഉണ്ട്. ഭാഷ വീണ്ടും ഒരു വില്ലനായി...  എങ്കിലും ഒരു അമ്മൂമ്മയുടെ  കടയിൽ കയറി ആക്ഷൻസ് കാണിച്ചു 2 കുപ്പി വൈൻ വാങ്ങി.

ഹോട്ടലിലേക്ക് തിരികെ നടക്കുമ്പോഴാണ് ഹസ്ബൻഡിന്റെ അർമേനിയൻ സുഹൃത്തു ഫോൺ ചെയ്തത്. ഡിന്നർ കഴിക്കാൻ പുറത്തു പോകാം. റെഡി ആയി നിന്നോളൂ പറഞ്ഞു. പത്തു മിനിറ്റിനുള്ളിൽ  അവർ എത്തി. സോഫിയ.... ആതിഥേയത്തിന്റെ കാര്യത്തിൽ അർമേനിയന്സ് വളരെ ആത്മാർത്ഥത ഉള്ളവരാണ്.  അർമേനിയൻ സ്പെഷ്യൽസ് വാങ്ങാൻ പറ്റിയ ഒരു ഷോപ്പിൽ കൊണ്ട് പോകുമോ എന്ന് ചോദിച്ചപ്പോൾ അവർ  ഞങ്ങളെ  ഒരു സൂപ്പർമാർക്കറ്റിലേക്കു  കൊണ്ട് പോയി. നമ്മുടെ ലുലു പോലെ ഉണ്ടായിരുന്നു. ഇവിടെ വെള്ളം, പെപ്സി, കോള ഒക്കെ വെച്ചിരിക്കുന്നതുപോലെ അവിടെ പലതരം വൈൻ കുപ്പികൾ വില്പനക്ക് വെച്ചിരിക്കുന്നു. 700AMD (5Dhs) മുതൽ ഉള്ള വൈനുകൾ. പൊമഗ്രാനെറ്റ് ആണ് ആർമേനിയയുടെ ദേശീയ ഫലം. ആ ആകൃതിയിലുള്ള ആകർഷകമായ  മൺകുപ്പികളിലും വൈൻ വില്പനക്ക് ഉണ്ടായിരുന്നു.  ലഗേജിൽ കൊണ്ട് വന്നാൽ പൊട്ടൻ സാധ്യത ഉള്ളത് കൊണ്ട് അതിന്റെ ഭംഗി ആസ്വദിച്ചു തിരികെ വെച്ചു. വൈൻ, ഡ്രൈ ഫ്രൂട്ട്സ്, അർമേനിയൻ സ്പെഷ്യൽ പിക്കിൾ എന്നിവ വാങ്ങി. അപ്പോഴേക്കും സമയം 9 കഴിഞ്ഞിരുന്നു. അവിടുന്ന് പിന്നെ പോയത് കൊക്കേഷ്യസ് ടവേരൻ റെസ്റ്റോറൻറ്ലേക്കാണ്. എന്തൊക്കെയോ ട്രഡീഷണൽ ഭക്ഷണങ്ങൾ ഞങ്ങൾക്കായി സോഫിയ ഓർഡർ ചെയ്തു. അവിടെ എല്ലാ റെസ്റ്റോറൻറ്കളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് ആപ്രികോട്ട്  കഷ്ണങ്ങളായി അരിഞ്ഞിട്ട ജ്യൂസും ചെറി വർഗ്ഗത്തിൽ പെട്ട ഒരു ഫ്രൂട്ട് ഇട്ട ജ്യൂസും. ഇവിടെയും ചിക്കൻ ഡിഷസ് കുറവായിരുന്നു. ചീസ്,  ഗ്രേപ്പ്സ് ഇലകളിൽ ബീഫ് സ്റ്റഫ് ചെയ്തത്, വെജിറ്റബിൾസ്, ലവാഷ് , ചിക്കൻ ചീസ് ബോൾസ്, വഴുതനങ്ങയിൽ ചിക്കൻ സ്റ്റഫ് ചെയ്തത് ഇവയൊക്കെ ആയിരുന്നു ഓർഡർ ചെയ്തത്.



ഇത്തവണ 15000AMD (115dhs) ആണ് ബില്ല് ആയതു. പ്രകൃതി ഭംഗി കൊണ്ടും കാലാവസ്ഥ കൊണ്ടും ഒരു കൊച്ചു സ്വിറ്റ്സർലൻഡ്  ആണെങ്കിലും ജീവിത ചിലവ് വളരെ കുറവാണു ഇവിടെ. ഭക്ഷണം താമസം ടാക്സി എല്ലാം സ്വിസ്സിനേക്കാൾ വളരെ വളരെ കുറവ്. അതുകൊണ്ടു അർമേനിയയെ പാവങ്ങളുടെ സ്വിസ്സ് എന്ന് വിളിക്കാം നമുക്ക്.

ഭക്ഷണം കഴിച്ചു കഴിഞ്ഞു റൂമിൽ തിരിക്കെ എത്തിയപ്പോൾ 12.30 കഴിഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ 7 മണിക്ക് അലാറം വെച്ച് ബെഡിലേക്കു വീണതെ ഓർമ ഉള്ളു. അത്രക്കും ക്ഷീണം ആയിട്ടുണ്ടായിരുന്നു, നല്ല തണുപ്പും കൂടി ആയപ്പോൾ പിന്നെ പറയണ്ട ....

തുടരും.......