സ്കൂളില്‍ പഠിക്കുന്ന കാലത്ത് മാര്‍ച്ച് എനിക്കിഷ്ടപ്പെട്ട മാസങ്ങളില്‍ ഒന്നായിരുന്നു. വര്‍ഷാവസാന പരീക്ഷകള്‍ കഴിഞ്ഞു നീണ്ട 2 മാസത്തേക്ക് അവധി തുടങ്ങുന്നത് ഈ മാസത്തിലാണല്ലോ. അവധി തുടങ്ങിയാല്‍ പക്ഷെ വീട്ടുക്കാര്‍ക്ക് തലവേദനയാണ്. രാവിലെ കളിക്കാന്‍ ഇറങ്ങിയാല്‍ പിന്നെ ഊണും വേണ്ട ഉറക്കവും വേണ്ട ഈ പിള്ളേര്‍ക്ക് എന്ന ശകാരം കേള്‍പിക്കാത്ത ഒറ്റ ദിവസം ഉണ്ടാകില്ല.
3 മാവുണ്ടായിരുന്നു ഞങളുടെ പറമ്പില്‍. അതില്‍ ചെറിയ മാവിന്‍റെ കൊമ്പില്‍ ഊഞ്ഞാല് കെട്ടും. തെങ്ങിന്‍ പട്ട വെട്ടി ആകൃതി വരുത്തിയാണ് ഊഞ്ഞാല്നു സീറ്റ് ഉണ്ടാക്കുക. ഓരോരുത്തര്‍ക്കും 15 പ്രാവശ്യം ആട്ടം. അതില്‍ അവസാനത്തെ 5 എണ്ണം വെറ്റിലപൊക്കമായിരിക്കും. വെറ്റിലപൊക്കം എന്ന് പറഞ്ഞാല്‍ ഊഞ്ഞാലാട്ടുന്ന ആള്‍ നമ്മളെ ആട്ടികൊണ്ടുവന്നു അവരുടെ തലക്കുമീതെ ഉയര്‍ത്തി നമ്മുടെ താഴെ കൂടെ മുന്‍പിലേക്ക് വരും. മാവിന്‍റെ ഇല തൊടുന്ന അത്രേം ഉയരത്തില്‍ ആട്ടും. ഉള്ളില്‍ പേടി ഉണ്ടെങ്കിലും ഞാനും ധൈര്യം കാണിച്ചിരിക്കും. അല്ലെങ്കില്‍ പേടിതോണ്ടി എന്ന പരിഹാസം കേള്‍ക്കേണ്ടി വരും.
ചോറും കറിയും വെച്ച് കളിക്കാന്‍ ഞങള്‍ പെണ്‍കുട്ടികള്‍ക്ക് വലിയ ഇഷ്ട്ടമായിരുന്നു. അണ്‍ക്കുട്ടികള്‍ പലചരക്ക് കടയും തുണി കടയും നടത്തും. കൊന്നവടിയില്‍ 2 ചിരട്ടകള്‍ ചാക്കുച്ചര്ട് വെച്ച് കെട്ടിയാണ് ത്രാസ്സു ഉണ്ടാക്കുക. അരിയായി മണലും മുളകുപ്പൊടിയായി ഇഷ്ട്ടികപ്പൊടിയും ഒക്കെയുണ്ടാകും കടയില്‍. അടുത്ത വീട്ടിലെ തുന്നല്‍ക്കാരി ചേച്ചിയില്‍ നിന്ന് സങ്കടിപ്പിക്കുന്ന വെട്ടു കഷ്ണങളാണ് തുണികടയിലെ വസ്ത്രങ്ങള്‍. ചോറും കറികളും വെച്ച് അടുത്ത വീട്ടുകാരെ വിരുന്നിനു വിളിക്കും. അതുപോലെ അവരുടെ വീട്ടിലേക്കും പോകും. അടുത്ത വീട് എന്ന് പറഞ്ഞാല്‍ മാവിന്‍ ചുവടോ പ്ലാവിന്‍ ചുവടോ ആയിരിക്കും.
ഒത്തിരി കളിച്ചു ക്ഷീണിക്കുബോഴാണ് തൂപ്പ് കളിക്കുക. എല്ലാ കുട്ടികളും വട്ടത്തില്‍ ഇരിക്കും. ഒരു കുട്ടി നിറയെ ഇലകളുള്ള ഒരു ചെറിയ മാവിന്ച്ചില്ല കയ്യിലെടുത്തു "കൊല കൊല മുന്തിരി ആര്‍ക്കു വേണം മുന്തിരി" അല്ലെങ്കില്‍ "തൂപ്പ് വേണോ തൂപ്പ്" എന്നു വിളിച്ചു ചോദിചോണ്ട് ഇരിക്കുന്നവരുടെ ചുറ്റും നടക്കും. ഇരിക്കുന്നവര്‍ "വേണ്ട വേണ്ട വേണ്ട" എന്നു പറഞ്ഞോണ്ടിരിക്കും. മൂന്നോ നാലോ തവണ ചുറ്റും നടന്നിട്ട് ഇരിക്കുന്ന ആരുടേങ്കിലും പുറകില്‍ തൂപ്പ് ഇട്ടോണ്ട് ഓടും. ആരുടെ പുറകിലാണോ തൂപ്പ് ഇട്ടതു അവര്‍ ആ തൂപ്പും എടുത്തോണ്ട് അതിട്ട ആളെ പിടിക്കാന്‍ പുറകെ ഓടണം. പിടികൊടുക്കാതെ ആ കുട്ടി പിടിക്കാന്‍ വരുന്ന ആളുടെ സ്ഥാനത്ത് വന്നിരുന്നാല്‍ പിന്നെ തൂപ്പ് കൈയിലുള്ള ആളായിരിക്കണം "തൂപ്പ് വേണോ തൂപ്പ്" എന്നു വിളിച്ചു ചോദിചോണ്ട് ഇരിക്കുന്നവരുടെ ചുറ്റും നടക്കേണ്ടത്.
പിന്നെ മൂവാണ്ടന്‍ മാവില്‍ നിന്ന് കണ്ണിമാങ്ങ പറിച്ചു ഉള്ളില്‍ ഉപ്പും മുളകും നിറച്ചു കല്ലുകൊണ്ട് ചതച്ച് കഴിക്കും. ഹോ.... ആലോചിക്കുമ്പോ ഇപ്പോഴും വായില്‍ വെള്ളം ഊറുന്നു. പുള്ളി, അരിനെല്ലിക്ക, പേരയ്ക്ക, ചാമ്പക്ക, മാമ്പഴം അങ്ങനെ ഉപ്പും മുളകും ചേര്‍ത്ത് കഴിക്കാന്‍ എന്തൊക്കെ ഉണ്ടായിരുന്നു അറിയോ...
അന്നൊക്കെ എത്ര കുട്ടികളായിരുന്നു കളിക്കാന്‍. അവധിക്ക് അമ്മ വീട്ടില്‍ വരുന്നവരും ബന്ധുക്കളും ഒക്കെയായി. എന്തെല്ലാം കളികളായിരുന്നു നമ്മുക്ക് കളിക്കാനുണ്ടായിരുന്നതു. അതിനുള്ള പറമ്പും അന്നുണ്ടായിരുന്നു. ഇന്നു ഭൂരിഭാഗം കുട്ടികള്‍ക്കും കളികൂട്ടുകാര്‍ tvയും കമ്പ്യൂട്ടറും ഒക്കെയല്ലേ. അവര്‍ക്കെവിടുന്നു മനസിലാകുന്നു ഈ കളികളുടെയൊക്കെ രസം???..
(ഇനിയുമുണ്ട് ഒത്തിരി കളികള്‍... അടുത്ത പോസ്റ്റില്‍ എഴുതാം ബാക്കി...)
2009, ഏപ്രിൽ 5, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
വളരെ ഇഷ്ടമായി ഈ പോസ്റ്റ്. ഇതേ കളികളെല്ലാം ഇതേ രീതിയില്‍ തന്നെ ഞാനും എന്റെ കുട്ടിക്കാലത്ത് കളിച്ചിട്ടുള്ളത് കൊണ്ടാകാം...
ഇതു കലക്കി പ്രിയാ .. :)
ഊഞ്ഞാലാടുമ്പോള്‍ ഞങ്ങള്‍ പറഞ്ഞിരുന്നതു, തലപ്പൊക്കം എന്നും, ഇലപ്പൊക്കം എന്നുമാ .. തലപ്പൊക്കം എന്നു വച്ചാല്‍, ആട്ടുന്നയാളുടെ തലയുടെ പൊക്കം .. അയ്യാള്‍ ആട്ടിക്കൊണ്ട് ഊഞ്ഞാലിന്റെ താഴെക്കൂടെ പോവ്വും .. ഇലപ്പൊക്കം എന്നാല്‍, ആട്ടിക്കഴിഞ്ഞ്, ആടൂന്നയാള്‍ കുതിച്ചു ആടി മാവിന്റെ (അല്ലെങ്കില്‍ പ്ലാവിന്റെ - വീട്ടില്‍ ഊഞ്ഞാല്‍ കെട്ടിയിരുന്നതു പ്ലാവില്‍ ആയിരുന്നു) ഇല കടിച്ചെടുക്കും .. അതൊരു മത്സരവും കൂടി ആയിരുന്നു.
നന്നായിട്ടെഴുതി, പ്രിയാ .. പക്ഷെ, കോറേ കാര്യങ്ങള്‍ ഒരുമിച്ചു പറയുന്നതിനു പകരം, ഓരോന്നിന്റേയും ഓരോ കഥകള്‍ ഓരോ പോസ്റ്റായിട്ടാല്‍, ഞങ്ങള്‍ക്കു ധാരാളം മറന്നു കഴിഞ്ഞ പഴയ കഥകള്‍ വായിക്കാന്‍ കിട്ടും.!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ