2020, ഏപ്രിൽ 29, ബുധനാഴ്‌ച

അർമേനിയൻ ഡയറി - ഭാഗം 3 (Armenian Diary - Part 3)

അർമേനിയ - രണ്ടാം ദിവസം തുടർച്ച ......
ഗാർണി ടെംപിൾ കണ്ടു കഴിഞ്ഞു  രണ്ടരയോട് കൂടി ഞങ്ങൾ കാസ്കേഡ് കോംപ്ലക്സ് കാണാനായി പുറപ്പെട്ടു. ബസിൽ കയറി കുറച്ചു കഴിഞ്ഞപ്പോഴേക്കും മഴയുടെ ശക്തി കൂടി. കാസ്കേഡ് കോംപ്ലക്സിൽ നിന്നും ഒരു കിലോമീറ്ററോളം മാറി ആണ് ബസ് നിർത്തിയത്. അവിടെ ആണ്  പാർക്കിംഗ് സൗകര്യം ഉണ്ടായിരുന്നത്. നല്ല മഴയും തണുത്ത കാറ്റും. ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന പകുതി പേരും ബസിൽ നിന്ന് ഇറങ്ങിയില്ല. ഞങ്ങൾ എന്തായാലും വീണ്ടും റൈൻ കോട്ടും വലിച്ചു കയറ്റി ഇറങ്ങി... കട്ടിയുള്ള  സ്വെറ്ററിനു മുകളിലൂടെ റൈൻ കോട്ട് ഇടുന്നതു ഒരു മിനക്കേട്‌ പിടിച്ച പണി ആയിരുന്നു. പകുതി ദൂരം എത്തിയപ്പോഴേക്കും തണുത്തു ഫ്രീസ് ആയ പോലെ തോന്നി. എങ്കിലും വിട്ടു കൊടുത്തില്ല ആഞ്ഞു നടന്നു. എന്റെ ഭാരം സ്വെറ്ററി ന്റെ  ഭാരം മേത്തു കല്ല് പോലെ വന്നു വീഴുന്ന ഐസ്  വെള്ളത്തിന്റെ  ഭാരം  ഒക്കെ കൂടെ ആയപ്പോൾ തിരിച്ചു ബസിൽ പോയ മതി എന്നായി.  ഏകദേശം ഒരു 4 മണിയോടെ ഞങ്ങൾ കാസ്കേഡിന് മുൻപിൽ എത്തി.  കുറച്ചു ഫോട്ടോസു എടുത്തു പെട്ടന്ന് തിരിച്ചു പോന്നു. മാക്സിമം ഒരു മണിക്കൂറു അത്രേം മാത്രേ അവിടെ എടുത്തുള്ളൂ.

കാസ്കേഡ് കോംപ്ലക്സ്എന്താണ് എന്നല്ലേ ?

അർമേനിയയുടെ സമ്പന്നമായ ചരിത്രത്തിലേക്കും സാംസ്കാരിക പൈതൃകത്തിലേക്കും വെളിച്ചം വീശുന്ന സ്മാരകം -  അതാണ് കാസ്കേഡ് കോംപ്ലക്സ്.  കാസ്കേഡ് സമുച്ചയം വാസ്തുശില്പി അലക്സാണ്ടർ തമാന്യന്റെ ആശയം ആയിരുന്നു എങ്കിലും  അത് സാക്ഷാൽക്കരിച്ചത് യെരേവന്റെ ചീഫ് ആർക്കിടെക്റ്റ് ജിം ടൊറോസ്യനാണ്. ടൊറോസ്യന്റെ കാസ്കേഡ് സങ്കൽപ്പത്തിൽ തമന്യന്റെ ഒറിജിനൽ പ്ലാൻ കൂടാതെ പുതിയ ആശയങ്ങൾ കൂടി ഉൾപ്പെടുത്തി. കാസ്കേഡ് കോംപ്ലക്സ് നിർമാണം തുടങ്ങിയത് 1971ൽ ആയിരുന്നു . 1980ൽ ആദ്യ ഘട്ടം പണി പൂർത്തി  ആയി.   രണ്ടാം ഘട്ടം 2000 -2009 ആണ് പണി പൂർത്തി ആക്കിയത്. ചുറ്റുമുള്ള കുന്നുകളിൽ സ്ഥിതിചെയ്യുന്ന  ഏരിയകളെയും റെസിഡൻഷ്യൽ‌ ഏരിയകളെയും മനോഹരമായി ബന്ധിപ്പിക്കുന്ന ചുണ്ണാമ്പുകല്ല് കൊണ്ട് നിർമ്മിച്ച ഭീമാകാരമായ ഗോവണിപ്പടികളാണ് ഗ്രേറ്റ് കാസ്കേഡ്.   572 സ്റ്റെപ്പുകൾ കയറി വേണം കാസ്കേഡിനു മുകളിൽ എത്തിച്ചേരാൻ. സമുച്ചയത്തിന്റെ നീളത്തിൽ ഉയരുന്ന ഏഴ് എസ്‌കലേറ്ററുകളുണ്ട്. കഫെസ്ജിയൻ മ്യൂസിയം ഓഫ് ആർട്ട് ഈ സമുച്ചയത്തിൽ ആണ് ഉള്ളത്. മനോഹരങ്ങളായ വാട്ടർ ഫാൾസും കാസ്കേഡ്നു പുറത്തു നിർമിച്ചിട്ടുണ്ട്‌. കാസ്കേഡിനു മുൻപിലുള്ള വിശാലമായ ഗാർഡൻ നിരവധി ശില്പങ്ങളാൽ  അലങ്കരിച്ചിരിക്കുന്നു. കാസ്കേഡിന്റെ ഇരുവശത്തും നിരവധി കഫേകളും റെസ്റ്റോറന്റുകളും ഉണ്ട്. മഴയും തണുപ്പും ആയതു കൊണ്ട് എല്ലാ കഫേകളും സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്നു.

Yerevan Cascade Complex 
കാസ്കേഡ് കോംപ്ലക്സ്

Deer Sculpture 

"Mujer Fumando un Cigarrillo" 
സിഗരറ്റ് വലിക്കുന്ന സ്ത്രീയുടെ ശിൽപം 

Roman Warrior statue
റോമൻ പടയാളിയുടെ ശിൽപം 

 


Alexander Tamanian Statue
അലക്സാണ്ടർ തമാന്യ

അടുത്തതായി ഞങ്ങൾ കാണാൻ പോകുന്ന സ്ഥലം ആണ് ഇന്നത്തെ ലാസ്‌റ് ഡെസ്റ്റിനേഷൻ ... ഞങ്ങൾ എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ഥലം.... Ararat Brandy Factory (അറാറത്ത് ബ്രാണ്ടി ഫാക്ടറി). അർമേനിയയുടെ ആസ്ഥാന ബ്രാണ്ടി ഫാക്ടറി. ഒരു  6.20 ആയപ്പോൾ ഞങ്ങൾ ബ്രാണ്ടി ഫാക്ടറിയിൽ എത്തി. 6.30 ആയിരുന്നു ഞങ്ങൾക്ക് കിട്ടിയിരുന്ന സന്ദർശന സമയം.  

Ararat Brandy Factory (അറാറത്ത് ബ്രാണ്ടി ഫാക്ടറി)

സമ്പന്നനായ ഒന്നാം ഗിൽഡ് വ്യാപാരി നേഴ്സസ് ടെറിയാൻ  ആണത്രേ അദ്ദേഹത്തിന്റെ കസിൻ വാസിലി ടൈറോവിന്റെ സഹായത്തോടെ1887 ൽ യെരേവൻ കോട്ടയുടെ പ്രദേശങ്ങളിൽ യെരേവൻ ബ്രാണ്ടി കമ്പനി സ്ഥാപിച്ചത്. അറാറത്ത് സമതലത്തിലെ താവുഷ് മേഖലയിലെയും നാഗോർനോ-കറാബാക്കിലെയും ഫലഭൂയിഷ്ഠമായ വയലുകളിലെ  മുന്തിരിപ്പഴങ്ങളിൽ നിന്നാണ് അറാറത്ത് അർമേനിയൻ കോഗ്നാക് നിർമ്മിക്കുന്നത്. 3 മുതൽ 30 വര്ഷം വരെ പഴക്കമുള്ള ബ്രാൻഡികളാണ് ഇപ്പോൾ ഇവിടെ വില്പന നടത്തുന്നത്. 70 വര്ഷം വരെ പഴക്കമുള്ള ബ്രാണ്ടികൾ ഉണ്ടായിരുന്നു. എന്നാൽ അവ ഇപ്പൊൾ വില്പനക്ക് ഇല്ല. 


ഫാക്ടറിയുടെ അകത്തേക്ക് പ്രവേശിച്ചാൽ ആദ്യം കണ്ണിൽ പെടുക റിസെപ്ഷനിൽ ഉള്ള ചുമരിൽ ഭംഗിയായി പ്രദര്ശിപ്പിച്ചിട്ടുള്ള അവിടെ നിർമിക്കുന്ന ബ്രാൻഡികളുടെ ചെറിയ കുപ്പികളാണ്.

റിസപ്ഷന് ഇടതുവശത്തായി ഒരു ചെറിയ ഹാളിൽ ബ്രാണ്ടി വില്പനക്ക് വെച്ചിട്ടുണ്ട്. ബ്രാണ്ടി ഫാക്ടറി കാണാൻ വരുന്ന ടൂറിസ്റ്റുകൾക്ക് വാങ്ങാൻ വേണ്ടി മാത്രം.
50 വര്ഷം വരെ പഴക്കമുള്ള ബ്രാണ്ടി (ഇതിന്റെ വില ഇന്ത്യൻ രൂപ തൊണ്ണൂറായിരം)

30 വര്ഷം വരെ പഴക്കമുള്ള ബ്രാണ്ടി ((ഇതിന്റെ വില ഇന്ത്യൻ രൂപ 43,500)

15 വര്ഷം വരെ പഴക്കമുള്ള ബ്രാണ്ടി

25 വര്ഷം വരെ പഴക്കമുള്ള ബ്രാണ്ടി

ആവശ്യക്കാർക്ക് വാങ്ങാനായി കുറച്ചു സമയം ലഭിച്ചു. പഴക്കം അനുസരിച്ചു ബ്രാണ്ടിയുടെ വിലയും കൂടും. അവിടെ വച്ച് ഞാൻ കണ്ടതിൽ ഏറ്റവും വിലകൂടിയ ബ്രാണ്ടി 50 വര്ഷം പഴക്കമുള്ളതായിരുന്നു 5,72,000 അർമേനിയൻ ഡ്രം. അതായതു ഏകദേശം 4,350 ദിർഹംസ് /  90,650 ഇന്ത്യൻ രൂപ.

കുറച്ചു സമയത്തിന് ശേഷം അവിടെ നിന്നും  അറാറത്ത്ഫാക്ടറി മ്യൂസിയം ചുറ്റി നടന്നു കാണിക്കാനായി  ഗൈഡ് ഞങ്ങളെ കൂടി കൊണ്ട് പോയി.


ഈ ഡോറിനു അപ്പുറത്തെ കാഴ്ചകൾ കാണാൻ പ്രായഭേദമന്യേ കൗതുകത്തോടെ ഞങ്ങൾ നടന്നു. 10 മുതൽ 70 വയസ്സ് വരെ പ്രായം ഉള്ളവർ ഉണ്ടായിരുന്നു ഞങ്ങളുടെ ഗ്രൂപ്പിൽ.  മെയിൻ ഡോർ കടന്നു ഉള്ളിലേക്ക് പ്രവേശിച്ചാൽ നേരെ കാണുന്നത് ഒരു വലിയ ചുമരാണ്. അതിന്റെ ഇടത്തോട്ടും വലത്തോട്ടും ഇടനാഴികൾ ഉണ്ട്. ഇടതു ഭാഗത്തു കൂടി ഞങ്ങൾ ഉള്ളിലേക്ക് നടന്നു. ആദ്യമായി കണ്ടത് ബ്രാണ്ടി ഉണ്ടാകുന്ന യൂണിറ്റിന്റെ ചെറിയ ഒരു മോഡൽ ഡിസ്പ്ലേ ചെയ്തിരിക്കുന്നതാണ്.  

Traditional miniature model of brandy distillery.

ഇടനാഴിയുടെ രണ്ടു വശത്തും നിറയെ മരത്തിന്റെ പല വലുപ്പത്തിലുള്ള ബാരലുകൾ അടുക്കി വെച്ചിരിക്കുന്നു. പല വര്ഷം പഴക്കം ഉള്ള ബാരലുകൾ. ബാരലുകൾ നിർമ്മിക്കുന്നത്, ബ്രാണ്ടി നിർമ്മിക്കാൻ ആവശ്യമായ മുന്തിരി കൃഷി ചെയ്യുന്നത്, അവ വിളവെടുക്കുന്ന തുടങ്ങി ആദ്യം മുതൽ അവസാനം വരെ എല്ലാ കാര്യങ്ങളും അറാറത്ത് നേരിട്ടാണ് ചെയുന്നത്. ഗുണമേന്മയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചക്കും കമ്പനി ഒരുക്കമല്ല. 

Wooden Barrels 

Wooden Barrels

ഒരു ഭാഗത്തുള്ള ബാരലുകളിൽ പേരെഴുതി ഒപ്പിട്ടു  സീൽ വെച്ചിട്ടുണ്ട്. അതിൽ വർഷവും അടയാളപ്പെടുത്തിയിരിക്കുന്നു. അത് എന്താണെന്നു അന്ന്വേഷിച്ചപ്പോൾ ഗൈഡ് പറഞ്ഞത്  മറ്റു രാജ്യങ്ങളിലെ വിശിഷ്ട വ്യക്തികൾ അതായതു പ്രസിഡന്റ്, പ്രധാനമന്ത്രി, റൂളേഴ്‌സ്  അങ്ങനെ ഉള്ളവർ ഫാക്ടറി സന്ദർശിക്കുമ്പോൾ ആ തീയതി വെച്ച് ഒരു ബാരൽ ബ്രാണ്ടി നിറച്ചു സീൽ ചെയ്തു അവരുടെ ഒപ്പോടു കൂടി സൂക്ഷിക്കും. ആ വ്യക്തി എന്നാണോ ആവശ്യപ്പെടുന്നത് അന്ന് ആ ബാരൽ ആ വ്യക്തിക്ക് എത്തിച്ചു കൊടുക്കുമത്രേ. 

Barrels with name of delegates who visited Ararat Brandy Factory.

ഇനിയുള്ളത് നമ്മുടെ തുലാഭാരം തട്ടിനെ ഓർമിപ്പിക്കുന്ന തരത്തിൽ ഉള്ള ഒന്നായിരുന്നു. അന്ന്വേഷിച്ചു വന്നപ്പോൾ ഇതും ഒരു തുലാഭാരം തട്ട് തന്നെ ആണ്. ഈ തുലാഭാരം നമുക്കുള്ളതല്ല. മുൻപു പറഞ്ഞ പോലെ വലിയ വലിയ ഭരണകർത്താക്കൾ വിശിഷ്ട വ്യക്തികൾ  ഒക്കെ വന്നാൽ അവരെ തുലാഭാരം ചെയ്യാൻ ഉള്ളതാ.. ഒരു തട്ടിൽ അവരെ ഇരുത്തും മറു തട്ടിൽ ഭാരം തുല്യമാകുന്ന വരെ വിവിധ തരം അറാറത്ത് ബ്രാണ്ടികൾ വെക്കും. ആ തട്ടിൽ വെക്കുന്ന ബ്രാണ്ടി മുഴുവൻ ആ വ്യക്തിക്കുള്ളതാണ്. കൊള്ളാം ;)


ഇടനാഴിയുടെ വലതുവശത്തായി ഒരു ബാരൽ ഒറ്റയ്ക്ക് ഒരു പീഠത്തിൽ വെച്ചിട്ടുണ്ട്. അതിനു പുറകിലുള്ള ചുമരിൽ അവിടം സന്ദര്ശിച്ചിട്ടുള്ള ആളുകളുടെ ഒപ്പുകൾ കാണാം. ഇത് ബാരൽ ഓഫ് പീസ് എന്നാണ് അറിയപ്പെടുന്നത്. അസർബൈജാനും അർമേനിയയും തമ്മിലുള്ള സംഘർഷം പരിഹരിക്കപ്പെടുമ്പോൾ മാത്രം തുറക്കാൻ കാത്തിരിക്കുന്ന അററാത്ത് ബ്രാണ്ടിയുടെ ബാരലാണ് ഇത്. അർമേനിയയിൽ  അസർബൈജാൻ പതാക കാണാൻ കഴിയുക ഇവിടെ മാത്രം ആണെന്ന് ഗൈഡ് പറഞ്ഞു. 


വിവിധ രാജ്യാന്തര അംഗീകാരങ്ങളുടെ ഫലകങ്ങളും മെഡലുകളും പ്രദർശനത്തിന് വെച്ചിരുന്നു. കുറച്ചു മെഡലുകളുടെ ഫോട്ടോസ് എടുത്തു. 



ദാ ഈ  വാതിലിനപ്പുറം ആണ്സന്ദർശകർക്കായി ഒരുക്കിയിരിക്കുന്ന  ബ്രാണ്ടി ടേസ്റ്റ് ചെയ്യുന്ന ഹാൾ.


സന്ദർശകർക്കായി ഒരുക്കിയിരിക്കുന്ന ബ്രാണ്ടി ടേസ്റ്റ് ചെയ്യുന്ന ഹാൾ. 


നല്ല ഭംഗിയിൽ അറേഞ്ച് ചെയ്തിരിക്കുന്ന ഹാൾ. ഒരാൾക്ക് രണ്ടു ഷോട്സ് വെച്ച് ഒഴിച്ച് വെച്ചിരിക്കുന്നു. കൂടെ  ഡാർക്ക് ചോക്ലറ്റ്സും. ബ്രാണ്ടിയെ കുറിച്ചുള്ള അവരുടെ വിശ്വാസങ്ങളും  കുടിക്കുന്നതിനുള്ള പ്രത്യേക രീതിയും ഗൈഡ് വിവരിച്ചു. 



ബ്രാണ്ടി ഒഴിച്ച് കഴിഞ്ഞു ഗ്ലാസ് ചെരിച്ചു പിടിച്ചാൽ ഒരു തുള്ളി പോലും താഴെ വീഴരുത്. അതാണ് ഒരു ഗ്ലാസിൽ ബ്രാണ്ടി ഒഴിക്കുന്നതിനുള്ള അളവ്. ആദ്യം ഗ്ലാസ് ഇടത് കൈയിലേക്ക് എടുക്കുക മൂന്ന് തവണ ചുറ്റിക്കുക ചിയേർസ് അടിക്കുക. ഗ്ലാസുകൾ തമ്മിൽ കൂട്ടി മുട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തിൽ ഗ്ലാസിന് ചുറ്റും ഉള്ള ദുഷ്ട ശക്തികൾ താഴെ വീണു പോകുമത്രേ.  എന്നിട്ടു മൂക്കിൽ നിന്നും ഗ്ലാസ്  നെഞ്ചകലത്തിൽ പിടിച്ചും അതിനു ശേഷം കഴുത്തിനൊപ്പവും അവസാനം മൂക്കിനോട് ചേർത്ത് പിടിച്ചും മണം ആസ്വദിക്കുക. എന്നിട്ടു ഒറ്റ വലിക്കു ഗ്ലാസ്സിലുള്ള ബ്രാണ്ടി കുടിക്കുക. ബ്രാണ്ടി കുടിക്കാൻ ഇത്രക്കൊക്കെ ചടങ്ങു ഉണ്ടെന്നു നോം അറിഞ്ഞിരുന്നില്ല.  എത്ര മനോഹരമായ ആചാരങ്ങൾ അല്ലെ?

ബ്രാണ്ടി ഫാക്ടറി സന്ദർശനത്തോടെ ഞങ്ങളുടെ ഇന്നത്തെ അർമേനിയൻ കറക്കം കഴിഞ്ഞു. തിരിച്ചു താമസ സ്ഥലത്തേക്ക്. ഹോട്ടലിൽ എത്തിയപ്പോൾ ഒമ്പതര ആകാറായിരുന്നു. ഫ്രഷ് ആയി വന്നപ്പോഴേക്കും അർമേനിയൻ ഫ്രണ്ട് സോഫിയ എത്തി. അർമേനിയൻ ട്രഡീഷണൽ ഭക്ഷണമായ ഗപ്പാമ്മ കഴിക്കാനായി പുള്ളിക്കാരി ഞങ്ങളെ ഇന്ന്  കൊണ്ട് പോയത് പാൻഡോക് യെർവാൻ എന്ന റെസ്റ്റോറന്റിലേക്കാണ്. മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ ഈ ഭക്ഷണം റെസ്റ്റോറന്റുകൾ തയ്യാറാക്കുകയുള്ളു. നാലു മണിക്കൂർ സമയം വേണമത്രേ ഈ ഭക്ഷണം പാകം ചെയ്യാൻ. നല്ല വിളഞ്ഞ മത്തങ്ങ മുകൾഭാഗം മുറിച്ചു ഉള്ളിലെ കുരുവും അതിനോട് ചേർന്ന ഭാഗങ്ങളും എടുത്തു കളഞ്ഞു ഒരു പാത്രം പോലെ ആകുന്നു. അതിനകത്തു അരി, നെയ്യ്, ഉണക്ക മുന്തിരി, ബദാം, ആപ്രിക്കോട്ട്, അര്മേനിയയിൽ കിട്ടുന്ന ചെറി പോലെ ഉള്ള ഒരു ഫ്രൂട്ട് എന്നിവ നിറച്ചു പുഴുങ്ങി എടുക്കും. അത് വിളബുന്നതു  വെന്ത മത്തങ്ങയുടെ ഉൾഭാഗം കൂടെ ചേർത്താണ്.ചെറിയ മധുരം ഉള്ള നെയ്‌ച്ചോറ് അങ്ങനെ ഒരു ടേസ്റ്റ് ആണ് എനിക്ക് തോന്നിയത്. എനിക്കിഷ്ടപ്പെട്ടു.

ഗപ്പാമ്മ - Ghapama (Armenian stuffed pumpkin)


ഗപ്പാമ്മ തുറന്നാൽ ഇങ്ങനെ ആണ് ഇരിക്കുക



ഡിന്നർ കഴിഞ്ഞു പതിനൊന്നരയോടെ ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തി. നാളെ രാവിലെ ഞങൾ അര്മേനിയയിൽ നിന്നും റോഡ് മാർഗം ജോർജിയ പോകുകയാണ്, അത് കൊണ്ട് ബാഗ് എല്ലാം പാക്ക് ചെയ്തിട്ടാണ് ഉറങ്ങാൻ കിടന്നതു. രാവിലെ മുതൽ കറങ്ങി നടന്നിട്ടും ക്ഷീണം ഒന്നും തോന്നിയിരുന്നില്ല. ഒരു പക്ഷെ അവിടുത്തെ തണുപ്പ് കാരണം ആകാം. എന്തായാലും ഇന്നേക്ക് ഗുഡ് നൈറ്റ്.

അപ്പൊ നമുക്ക് നാളെ ജോർജിയ പോകാം .....




2020, ഏപ്രിൽ 18, ശനിയാഴ്‌ച

അർമേനിയൻ ഡയറി - ഭാഗം 2 (Armenian Diary - Part 2)

അർമേനിയ - രണ്ടാം ദിവസം

രാവിലെ 8 മണിക്ക് എഴുന്നേൽക്കാൻ അലാറം വെച്ചിട്ടായിരുന്നു ഉറങ്ങാൻ കിടന്നതു. നല്ല തണുപ്പും ചെറിയ രീതിയിൽ മഴയും ഉണ്ടായിരുന്നു. പുതപ്പിനുള്ളിൽ ചുരുണ്ടു കിടന്നു ഉറങ്ങാൻ പറ്റിയ ക്ലൈമറ്റ്. ഉറങ്ങാൻ അല്ലല്ലോ അർമേനിയ കാണാൻ അല്ലെ വന്നത് എന്ന ചിന്തിച്ചപ്പോൾ എഴുനേൽക്കാനുള്ള മടി എല്ലാം പമ്പകടന്നു. എഴുന്നേറ്റു  റെഡി ആയി ബ്രേക്ഫാസ്റ്റ് കഴിക്കാനായി ഹോട്ടൽ  റസ്റ്റോറന്റ് പോകുമ്പോൾ എന്തായിരിക്കും ഇവിടുത്തെ സ്പെഷ്യൽസ് എന്നായിരുന്നു ചിന്ത. ഇന്റർനാഷണൽ റസ്റ്റോറന്റ്കളിൽ സ്ഥിരം കാണുന്ന ബ്രേക്ഫാസ്റ്റ്  ബുഫേ പോലെ ഒരു പാട് ഐറ്റംസ് ഒന്നും ഇല്ലായിരുന്നു. ബ്രഡ്, കോൺഫ്‌ളക്‌സ്, പുഴുങ്ങിയ മുട്ട, ബട്ടർ, ജാം, സോസേജ് എന്നിവ കൂടാതെ അർമേനിയൻ സ്പെഷ്യൽ ആയ ലവാഷ്, റൈസ്, ജ്യൂസുകൾ, വിവിധത്തരം ചീസുകൾ....
ട്രിപ്പ് പോയാൽ പുഴുങ്ങിയ മുട്ട ആണ് കൂടുതലും പ്രാതലിനു ഞാൻ തിരഞ്ഞെടുക്കാറ്. 2 പുഴുങ്ങിയ മുട്ടയും ഒരു ഗ്ലാസ് വെള്ളവും ആയാൽ ഉച്ചവരെ നല്ല ഉഷാറായി നടക്കാൻ പറ്റും. പിന്നെ വയർ കേടാകുമെന്ന പേടിയും വേണ്ട.

കൃത്യം 9 മണിക്ക് തന്നെ എല്ലാവരും റിസപ്ഷനിൽ എത്തി. ഞങ്ങളുടെ ടൂർ ഗൈഡ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. അർമേനിയയിലെ പ്രധാന സ്ഥലങ്ങൾ അന്നായിരുന്നു കാണാൻ പ്ലാൻ ചെയ്തിരുന്നത്. ഇന്ന് ഒരു മഴ ദിവസം ആണെന്നും എല്ലാ സ്ഥലങ്ങളും കാണാൻ സാധിക്കുമോന്നു സംശയം ആണെന്നും ഗൈഡ് ഓർമിപ്പിച്ചു. എങ്കിലും കൃത്യ സമയത്തു തന്നെ ഞങ്ങൾ യാത്ര  തിരിച്ചു.


ജെഗാർഡ്  മോൺസ്റ്ററി (Geghard Monastery) കാണാൻ ആണ് ആദ്യം പോയത്.  അസാത് (Azat Valley) താഴ്‍വാരങ്ങളിലൂടെ യാത്ര ചെയ്തു വേണം ജെഗാർഡ്  മോൺസ്റ്ററിയിൽ  എത്താൻ. പുൽച്ചെരുവുകൾ മഞ്ഞുമൂടാൻ തയ്യാറായി നിൽക്കുന്നു. മരങ്ങളെല്ലാം ഇലപൊഴിച്ചു നില്കുന്നു. ഇലകൾ  ഒഴിഞ്ഞ ശിഖിരങ്ങളിൽ നിറയെ  ഗ്ലു വെച്ച് ഒട്ടിച്ച  പോലെ  ആപ്പ്രികോട്ട്, ഗോൾഡൻ ആപ്പിൾ എന്നിവ വിളഞ്ഞു നിൽക്കുന്നത് കാണാം. പുറമേ മഴ പെയ്തുകൊണ്ടേ ഇരുന്നു. അത് കൊണ്ട് തന്നെ തഴവാരത്തിന്റെ മനോഹാരിത ക്യാമറയിൽ പകർത്താനായില്ല. മഞ്ഞു കാലത്തേക്കാൾ അർമേനിയ പ്രകൃതി രമണീയമാകുക വസന്ത കാലത്തായിരിക്കും ... പച്ച വിരിച്ച പുൽമേടുകളും കായ്ച്ചു നിൽക്കുന്ന ആപ്പിൾ മരങ്ങളും....ആ.... ഹ...  മഞ്ഞു പുതഞ്ഞ താഴ്വാരങ്ങളെക്കാൾ കണ്ണിനു കുളിർമ  നൽകുക എന്നും പച്ചപ്പ്‌ തന്നെ എന്ന് മനസ്സിൽ ഓർത്തുപോയി. താഴ്വാരങ്ങൾ താണ്ടി ജെഗാർഡ്  മോൺസ്റ്ററിയിൽ  എത്തിയപ്പോൾ 11.30 ആയി.


ജെഗാർഡ്  മോൺസ്റ്ററി എന്താണെന്നു അറിയണ്ടേ?
ജെഗാർഡിന്റെ ചരിത്രത്തിന് 1500 വർഷത്തിലേറെ പഴക്കം ഉണ്ട്.  യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെട്ട ഈ  സ്മാരകങ്ങൾ 4 മുതൽ 13 വരെ നൂറ്റാണ്ടിൽ നിർമ്മിക്കപെട്ടവയാണ്.  സെന്റ് ഗ്രിഗറി ദി ഇല്ലുമിനേറ്റർ പാരമ്പര്യമനുസരിച്ചാണ്  ഈ മഠം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ആദ്യകാലത്തു ഈ മഠം ഒരു ചെറിയ ഗുഹ ചാപ്പലായിരുന്നു.  മഠത്തിന്റെ യഥാർത്ഥ പേര് ഒരു കാലത്ത് അയ്റിവാങ്ക് (Ayrivank) എന്നായിരുന്നു, അർമേനിയൻ ഭാഷയിൽ “ഗുഹ മഠം” എന്നർത്ഥം. എ ഡി നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അർമേനിയയിൽ ക്രിസ്തുമതം ഒരു മതമായി സ്വീകരിച്ചതിനെത്തുടർന്നാണ് ഈ മഠം നിർമ്മിച്ചത്. കത്തീഡ്രൽ, പേർഷ്യൻ രാജകുമാരന്മാരുടെ കുടുംബ ശവകുടീരം, വിവിധ സെല്ലുകൾ എന്നിവ പാറ മുറിച്ചാണ് നിർമിച്ചിരിക്കുന്നത്.




ജെഗാർഡ് എന്ന പേര് മാറ്റിയതിനു പിന്നിൽ ഒരു പരമ്പര്യം ഉണ്ട്.
റോമൻ സൈനികർ ക്രിസ്തുവിന്റെ മൃതദേഹം ക്രൂശിൽ തറച്ചത് കുന്തമുന ഉപയോഗിച്ചാണ് എന്ന് പറയപ്പെടുന്നു. അതിന്റെ സ്മരണാർത്ഥം ആണ് ജെഗാർഡ് എന്ന പേര് നൽകപ്പെട്ടത്. ജെഗാർഡ് എന്നാൽ കുന്തമുന എന്നാണ് അർമേനിയൻ ഭാഷയിൽ.

കൗതുകകരമായ ഇതിഹാസങ്ങളും പാരമ്പര്യങ്ങളും മഠവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ജെഗാർഡ് സഹായിക്കുന്നു എന്ന വിശ്വാസമുണ്ട്. മഠത്തിന്റെ പുറം ഭിത്തികളിൽ വിടവുകൾ കാണാം. കല്ലുകൾ ശരിയായ  വിധം വെച്ച് ആ വിടവുകൾ അടക്കാൻ കഴിഞ്ഞാൽ നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും എന്നാണ് വിശ്വാസം. മഠത്തെ മറ്റുള്ളവയിൽ  നിന്ന് വേർതിരിക്കുന്ന മറ്റൊരു സവിശേഷ വസ്തുത സഭയ്ക്കുള്ളിൽ തന്നെ ഒഴുകുന്ന വിശുദ്ധ നീരുറവയാണ്. നീരുറവയിലെ വെള്ളം വിശുദ്ധമായി കണക്കാക്കപ്പെടുന്നു. ആ വിശുദ്ധ വെള്ളം ദേഹത്ത് തളിച്ചാൽ മാറാവ്യാധികൾ സുഖപ്പെടും എന്ന് വിശ്വസിക്കുന്നു.  ഈ പറഞ്ഞത് അത്രയും ചരിത്രം.

ഇനി ഞങ്ങൾ കണ്ടത് പറയാം . അവിടെ  അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. സ്വറ്ററിനു മുകളിലൂടെ റൈൻകോട്ടും വലിച്ചു കയറ്റി ബസ്സിൽ നിന്നിറങ്ങി മൊണാസ്റ്ററി ലക്ഷ്യമാക്കി നടന്നു. പാറക്കല്ലുകൾ പതിച്ച ചെരിഞ്ഞ നടപ്പാത കയറി വേണം മൊണാസ്റ്ററിക്കുള്ളിൽ എത്താൻ. പാതയുടെ തുടക്കത്തിലായി ചെറിയ തട്ടുകടകൾ ഉണ്ടായിരുന്നു. ഫ്രൂട്ട് ലതർ, ഫ്രൂട്ട് റോൾ അപ്പ്, കീചെയിനുകൾ, ഫ്രിഡ്ജ് മാഗ്നെറ്റുകൾ എന്നിവ അവിടെ വിൽപനക്കായി വെച്ചിരുന്നു. മൊണാസ്റ്ററി എത്തുമ്പോഴേക്കും തണുത്തു മരവിച്ചു പോയി. മഴ എന്നല്ല ഐസ് വാട്ടർ കോരി ഒഴിക്കുന്ന പോലെയാണ് തോന്നിയത്. കൂടെ നല്ല കാറ്റും. മൊണാസ്റ്ററിക്കുള്ളിൽ കയറിയപ്പോൾ  തണുപ്പിന് അല്പം ശമനം കിട്ടി.

പാറകൾ തുരന്നു നിർമിച്ച ഒരു ചർച്ച്. ഇരുളടഞ്ഞ ഗുഹാ അന്തരീക്ഷം. അൾത്താരയിൽ ഒഴികെ എവിടെയും വെളിച്ചം ഇല്ല. അൾത്താരയിലെ ചിത്രങ്ങൾ നിറംമങ്ങി തുടങ്ങിയിരിക്കുന്നു. പാറകൾക്കിടയിലെ വിടവുകളിലൂടെ  ഉള്ളിലേക്ക് മഴ വെള്ളം വീണു കൊണ്ടിരിക്കുന്നു.


മൊണാസ്റ്ററിക്കുള്ളിൽ കൊറച്ചെങ്കിലും വെളിച്ചം ഉള്ള ഒരേ ഒരു സ്ഥലം.അൾത്താര. 





ചുമരിൽ മുഴുവൻ കാലം മായ്ച്ചു തുടങ്ങിയിരിക്കുന്ന അവ്യക്തമായ കൊത്തുപണികൾ.  ചില കുരിശുകളുടെ രൂപങ്ങൾ മാത്രം തിരിച്ചറിയാൻ സാധിച്ചു. ഇടുങ്ങിയ അറകളും മച്ചും ഒക്കെ ഉള്ള ഒരു ഗുഹ. അൾത്താരയുടെ ഇടതു വശത്തുള്ള ഒരു അറക്കുള്ളിലായി സധാ സമയം ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു  നീർച്ചാൽ  ഉണ്ട്. അതിലെ വിശുദ്ധ ജലം ഞങ്ങളും എടുത്തു ദേഹത്ത് തളിച്ചു. പിന്നെ അവിടുന്ന് ഇറങ്ങി ബസ് ലക്ഷ്യമാക്കി നടന്നു. ഗ്ലവ്സ് അഴിച്ചാൽ കൈകൾ മരവിക്കുന്ന അത്രയ്ക്ക് തണുപ്പ്. അത് കൊണ്ട് തന്നെ ഫോട്ടോസ് അധികം എടുക്കാൻ സാധിച്ചില്ല.

അവിടെ നിന്നും ഞങ്ങൾ പിന്നീട് പോയത് നോയാൻ അയ്ഗി റസ്റ്റോറൻറ്ലേക്കാണ് (Noyan Aygi Restaurant). അർമേനിയൻ ബ്രഡ് ആയ ലവാഷ് പാരമ്പരാഗതമായ രീതിയിൽ പാചകം ചെയുന്നത് കാണാനും,  ഞങ്ങൾക്കുള്ള ഉച്ചഭക്ഷണവും ആ റെസ്റ്റോറന്റിൽ  ആയിരുന്നു ഒരുക്കിയിരുന്നത്. ജെഗാർഡ്  മോൺസ്റ്ററിയിൽ നിന്നും വലിയ ദൂരം ഇല്ലായിരുന്നു റസ്റ്റോറൻറ്ലേക്ക്. 1 മണി ആകുമ്പോഴേക്കും ഞങ്ങൾ അവിടെ എത്തി. ഒരു ചെറിയ റസ്റ്റോറൻറ്. പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ കല്ലുകൾ പാകിയ മുറ്റം, ഇടതു ഭാഗത്തായി ലാവാഷ് ഉണ്ടാക്കുന്ന സ്ഥലം അതിനു അപ്പുറത്തായി കൗതുകവസ്തുക്കൾ വിൽക്കുന്ന ഒരു ചെറിയ ഷോപ്പ്. വലതു ഭാഗത്തായി ബാത്‌റൂംസ്. മുറ്റത്തിന് നേരേ മധ്യത്തിലായി ഭക്ഷണം കഴിക്കാനുള്ള ഹാൾ. ഏറി വന്നാൽ ഒരു 50 പേർക്ക് ഇരിക്കാൻ ഉള്ള സൗകര്യം മാത്രം ഉള്ള ഗ്ലാസ് ചുമരുകൾ ഉള്ള ചെറിയ ഹാൾ.
ആദ്യമായി ഞങൾ പോയത് ലാവാഷ് ഉണ്ടാകുന്നതു കാണാൻ ആണ്. ഷൂ കവർ ചെയ്യാൻ ആയി ഡിസ്പോസിബിൾ കവറുകൾ ധരിപ്പിച്ചു ഞങ്ങളെ അകത്തേക്ക് കയറ്റി. 60 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന ഒരു അമൂമ്മ അവിടെ നിന്ന് ലാവാഷ് ഉണ്ടാക്കുന്നു. വരുന്നവരെയും പോകുന്നവരെയും ഒന്നും അവർ ശ്രദ്ധിക്കുന്നേ  ഇല്ല. മൈദ ഉപ്പും വെള്ളവും ചേർത്ത് കുഴച്ചു ഉണ്ടാക്കിയ മാവു വലിയ ഉരുളകളാക്കി എടുത്തു വലിയ ചപ്പാത്തി പലകയിൽ വെച്ച് പരാതി കൈകളിൽ എടുത്തു വീശി കട്ടിയുള്ള തലയിണയിൽ വെച്ച് ഒന്ന് കൂടി വലിച്ചു വലുതാക്കി തൊട്ടടുത്തുള്ള തന്തൂരി അടുപ്പു പോലെ ഉള്ള ഒന്നിൽ ചുട്ടെടുക്കുന്നു. നാൻ പോലെ തന്നെ ആണ് രുചി.



ലാവാഷ് ഉണ്ടാക്കുന്നത് കണ്ടു കഴിഞ്ഞപ്പോഴേക്കും ഉച്ച ഭക്ഷണം കഴിക്കാൻ ഞങ്ങൾ റെഡി ആയിരുന്നു. എന്തായിരിക്കും ഭക്ഷണം? ടേസ്റ്റ് ഇഷ്ടപ്പെടുമോ?  ഭക്ഷണം സിമ്പിൾ ആയിരുന്നു. ഒരുപാട് വിഭവങ്ങൾ ഒന്നും ഇല്ലായിരുന്നു. ബാലൻസ്ഡ് ഡയറ്റ്  എന്നൊക്കെ പറയുന്നത് ഇവരുടെ ഭക്ഷണരീതിയിൽ കൃത്യം ആണ്. 

കൂണും ക്രീമും ചേർത്ത് ഉണ്ടാക്കിയ ചോറ്, ടൊമാറ്റോ - കുക്കുമ്പർ - പാഴ്സിലി ലീവ്സ് സലാഡ് , തന്തൂരി ചിക്കൻ, ക്യാബേജ് - കാരറ്റ് സലാഡ് ഇവയായിരുന്നു ഭക്ഷണം. വിചാരിച്ചതു പോലെ അല്ല നമുക്ക് ഇഷ്ടപെടുന്ന രുചി ആയിരുന്നു. 

ഭക്ഷണശേഷം കൗതുക വസ്തുക്കൾ വിൽക്കുന്ന ഷോപ്പിൽ കയറി. അർമേനിയൻ സ്മാരകങ്ങൾ ആലേഖനം ചെയ്തിട്ടുള്ള കീ ചെയിനുകൾ, ഫ്രിഡ്ജ് മാഗ്നെറ്റുകൾ, ശില്പങ്ങൾ എന്നിവയുടെ മനോഹരമായ ഒരു ശേഖരം തന്നെ ഉണ്ടായിരുന്നു അവിടെ. 


അർമേനിയൻ പാവകൾ 


തേൻ ബോട്ടിലുകൾ 



ഫ്രിഡ്ജ് മാഗ്നറ്റ്സ്‌ 


അവിടുന്ന് പിന്നെ പോയത് ഗാർണി ടെംപിൾ കാണാൻ ആണ്. റെസ്റ്റോറന്റ്ൽ നിന്നും നടന്നു പോകാൻ ഉള്ള ദൂരമേ ഉണ്ടായിരുന്നുള്ളു.  5 മിനിറ്റ് ദൂരം. ഗ്രീക്ക്-റോമൻ ശൈലിയിലുള്ള കെട്ടിടവും സ്മാരകവും - എ ഡി ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ (King Tiridates) തിരിഡേറ്റ്സ് ഒന്നാമൻ രാജാവ് സൂര്യ ദേവനെ ആരാധിക്കുന്നതിനായി നിർമിച്ചതാണ് ഈ ആരാധനാലയം എന്ന് പറയപ്പെടുന്നു.  നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അർമേനിയ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതിനുശേഷം, തിരിഡേറ്റ്സ് മൂന്നാമന്റെ സഹോദരിയായ കോസ്രോവിദുഖിന്റെ രാജകീയ വേനൽക്കാല വസതിയായി ഇത് മാറ്റി.

ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു. കവാടം കടന്നു ക്ഷേത്രം എത്താൻ ഒരു കിലോമീറ്ററോളം നടക്കണമായിരുന്നു. കരിങ്കല്ല് പാകിയ വിശാലമായ നടവഴിയുടെ അവസാനത്തിലായി തലയെടുപ്പോടെ നിൽക്കുന്ന ഗാർനി ക്ഷേത്രം. ക്ഷേത്രത്തെ ചുറ്റി പർവ്വതങ്ങൾ. ഉയരമുള്ള ഉള്ള കൽപ്പടവുകൾ കയറി വേണം പ്രതിഷ്ഠ ഉണ്ടായിരുന്നു എന്ന് പറയുന്ന ഭാഗത്തു...നമ്മുടെ രീതിയിൽ പറഞ്ഞാൽ ശ്രീകോവിലിൽ എത്താൻ. ഓരോ പടി കയറുമ്പോഴും മനുഷ്യന്റെ അഹന്ത കുറയണം. അതിനായി ഓരോ പടവുകൾ കയറുമ്പോഴും നമ്മുടെ നെറ്റി കാൽമുട്ടിൽ തട്ടുന്ന വിധത്തിൽ ആണ് പടവുകൾ നിർമിച്ചിരിക്കുന്നത്.  

ഗാർണി ടെംപിൾ 


ഗാർണി ടെംപിളിൽ നിന്നും എൻട്രൻസിലേക്കുള്ള  വ്യൂ  

ഗാർണി ടെംപിൾ 


ഗാർണി ടെംപിൾ സൈഡ് വ്യൂ 

വിഗ്രഹങ്ങളോ, ശിലകളോ ഒന്നും ഇല്ലാതെ ഒഴിച്ചിട്ടിരിക്കുകയാണ് ക്ഷേത്രത്തിനകം. മുൻപ് അവിടെ അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന്  ഞങ്ങളുടെ  ടൂറിസ്റ്റ് ഗൈഡിയനും അറിയില്ലായിരുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ തന്നെ നാലാം നൂറ്റാണ്ടിൽ തന്നെ അതെല്ലാം മാറ്റിയിരിക്കാം. 


ഗാർണി ക്ഷേത്രത്തിനു ഉൾവശം 

കാസ്കെയ്ഡ് കോംപ്ലക്സ്, അറാറത്ത്  ബ്രാണ്ടി ഫാക്ടറി എന്നിവയായിരുന്നു പിന്നീടു പോയ സ്ഥലങ്ങൾ. അതിനെ കുറിച്ച് അടുത്ത ഭാഗത്തിൽ വിശദമായി എഴുതാം.

തുടരും ..........






<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-6566305144876909"
     crossorigin="anonymous"></script>
<ins class="adsbygoogle"
     style="display:block"
     data-ad-format="fluid"
     data-ad-layout-key="-fr-o-5p-dx+1j6"
     data-ad-client="ca-pub-6566305144876909"
     data-ad-slot="6103443531"></ins>
<script>
     (adsbygoogle = window.adsbygoogle || []).push({});
</script>