2009, മേയ് 20, ബുധനാഴ്‌ച

അവധി കഴിഞ്ഞു സ്കൂളിലേക്ക്....

സ്ക്കൂളില്‍ പഠിച്ചിരുന്ന കാലത്ത് ഈ ദിവസങ്ങളില്‍ പുതിയ ബുക്കുകള്‍ ചട്ടയിടുന്ന തിരക്കിലായിരിക്കും. ജൂണ്‍ 1ന്‌ അല്ലേ സ്ക്കൂള്‍ തുറക്കുക. മെയ്‌ 1ന്‌ റിസള്‍ട്ട്‌ അറിയും. മെയ്‌ പകുതിയാകുമ്പോഴേക്കും ടെക്സ്റ്റ്‌ ബുക്കുകള്‍ കിട്ടും. പിന്നെ നോട്ട് ബുക്കുകള്‍ വാങ്ങി തരും. ബ്രൌണ്‍ പേപ്പറും നെയിം സ്ലിപ്സും വാങ്ങും. പുതിയ ബുക്സ് മറിക്കുമ്പോള്‍ വരുന്ന ഒരു പുതുമണം ഉണ്ട്. എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ഒരു മണമാണത്. ആ മണം ആസ്വദിച്ചു കൊണ്ട് എല്ലാ ബുക്കുകളും വൃത്തിയായി ചട്ടയിട്ടു നെയിം സ്ലിപ്‌ ഒട്ടിച്ചു പേരെഴുതി വെക്കും. ആദ്യം ന്യൂസ്‌ പേപ്പര്‍ കൊണ്ടും പിന്നെ ബ്രൌണ്‍ പേപ്പര്‍ കൊണ്ടും ആണ് ചട്ടയിടുക. 2 മാസം കഴിഞ്ഞു ആ ബുക്കുകള്‍ കണ്ടാല്‍ ബ്രൌണ്‍ പേപ്പറിന്‍റെ ചട്ട പോയിട്ട് ബുക്കിന്‍റെ ചട്ട പോലും ഉണ്ടാകില്ല എന്നതാണ് വാസ്തവം. പുതിയ ബാഗ്‌, കുട, യൂണിഫോം, ബുക്സ്, പെന്‍സില്‍ ബോക്സ്‌, പെന്‍, പെന്‍സില്‍, റബ്ബര്‍ ഇതൊക്കെ കിട്ടികഴിഞ്ഞാല്‍ പിന്നെ എത്രയും പെട്ടന്ന് സ്ക്കൂള്‍ തുറക്കണേ എന്നായിരിക്കും പ്രാര്‍ത്ഥന.

അതുവരെ പെയ്തില്ലെങ്കിലും ജൂണ്‍ 1നു എന്തായാലും ഒരു മഴ ഉറപ്പാണ്‌. മരവിച്ചു കിടക്കുന്ന മണ്ണിലേക്ക് ആദ്യ മഴ പെയ്യുമ്പോള്‍ നനഞ്ഞ മണ്ണില്‍ നിന്നും ഉയര്‍ന്നു വരുന്ന ഒരു മണമുണ്ട്. മണ്ണിന്‍റെ മണം എന്നൊക്കെ പറഞ്ഞാല്‍ അതാണ്.. പുതിയ യൂണിഫോം അഴുക്കാകുമെങ്കിലും ആ മഴ എനികിഷ്ട്ടമായിരുന്നു.

ആദ്യ ദിവസം യൂണിഫോം ഇടേണ്ടി വരാറില്ല. ഒരു ബുക്കും പേനയും മാത്രം കൊണ്ടുപോയാല്‍ മതി. കഴിഞ്ഞ വര്ഷം പഠിച്ച ക്ലാസ്സില്‍ തന്നെയാണ് ചെന്നിരിക്കേണ്ടത്. അവിടുന്ന് ജയിച്ച കുട്ടികളുടെ പേരുവിളിച്ചു ഡിവിഷന്‍ തിരിച്ചു അതാതു ക്ലാസ്സുകളിലേക്ക് കൊണ്ടുപോകും. കൂട്ടുക്കാര്‍ പലരും വേറെ വേറെ ഡിവിഷനില്‍ ആകും. പേര് വിളിച്ചു കഴിഞ്ഞാല്‍ ഞങള്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന് കരഞ്ഞു കാണിച്ചു ടീച്ചറെ കൊണ്ട് സമ്മതിപ്പിച്ചു ഒരേ ഡിവിഷനില്‍ തന്നെ കയറി കൂടും. ടീച്ചറെ കൊണ്ട് സമ്മതിപ്പിചാല്‍ മാത്രം പോര നമുക്ക് പകരം ആ ഡിവിഷനിലേക്ക് പോകാന്‍ വേറെ കുട്ട്യേ കണ്ടെത്തി സ്മ്മതിപ്പികേണ്ടതും നമ്മുടെ ഉത്തരവാദിത്ത്വമാണ്. പുതിയ ക്ലാസ്സില്‍ എത്തിയാല്‍ ക്ലാസ്സ്‌ ടീച്ചര്‍ വന്നു ആദ്യം എല്ലാവരുടെയും പേരുകള്‍ ചോദിക്കും. പിന്നെ കുറച്ചു ഉപദേശങ്ങള്‍ തരും, "നിങ്ങള്‍ ഇത്ര നാളും പഠിച്ചപോലെയല്ല ഒരു ക്ലാസ്സ്‌ കൂടി ഉയര്‍ന്നിരിക്കയാണ്. ഈ വര്‍ഷം തൊട്ടു കുറച്ചു കൂടി കൂടുതല്‍ പഠിക്കാന്‍ ഉണ്ട്...... " എന്നൊക്കെ. അതുകഴിഞ്ഞ് ടൈം ടേബിള്‍ തരും. തീര്‍ന്നു അന്നത്തെ ക്ലാസ്സ്‌. പിന്നെ നമുക്ക് വീട്ടില്‍ പോകാം.

ഒരാഴ്ചത്തേക്ക് പഠിക്കാന്‍ നല്ല ഉഷാറായിരിക്കും. പുതിയ ബുക്കുകള്‍ അല്ലെ.. ബാഗ്‌ ബെന്ചിലേ വെക്കു. പൊടി ആക്കാതെ കൊണ്ട് നടക്കും. എന്‍റെ ബാഗും ബുക്കും കേടാകാറില്ല. പക്ഷെ പെന്‍സിലും പേനയും ഒരുവഴിക്കാക്കും. പെന്‍സിലിന്‍റെയും പേനയുടെയും മൂട് കടിക്കുന്ന ശീലം ഉണ്ടായിരുന്നേ... അവസാനം അമ്മ ബാക്കില്‍ റബ്ബര്‍ ഉള്ള പെന്‍സിലുകളും സ്റ്റീലിന്‍റെ പേനകളും മാത്രം വാങ്ങി തരാന്‍ തുടങ്ങി. അങ്ങനെയാണ് ആ ശീലം മാറിയത്.

അങ്ങനെ ഓര്‍മിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ഉണ്ട് സ്കൂള്‍ ജീവിതത്തില്‍.......

2009, മേയ് 19, ചൊവ്വാഴ്ച

ചമ്മന്തി

ചമ്മന്തി എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ്മ വരുക കാന്താരി മുളക് ചമ്മന്തിയാണ്. ഞാന്‍ അമ്മയുടെ വീട്ടിലായിരുന്നപോള്‍ മിക്കദിവസവും രാത്രി ഭക്ഷണം കഞ്ഞി ആയിരുന്നു. കൂടെ കഴിക്കാന്‍ ചുട്ട പപ്പടവും, എന്തെങ്കിലും ഉപ്പേരിയും (കടല/ മുതിര/ പയര്‍/ കായ/ കൂര്‍ക്ക etc..) കൂടാതെ കാന്താരി മുളക് ചമ്മന്തിയും കാണും. കാന്താരി മുളകും, ചുവന്നുള്ളിയും, പുളിയും അരച്ച് എടുത്തു അതില്‍ കുറച്ചു പച്ചവെളിച്ചെണ്ണയും ആവശ്യത്തിനു ഉപ്പും ചേര്‍ത്തുണ്ടാക്കുന്ന ചമ്മന്തി. അമ്മിക്കല്ലിലാണ് അരച്ചെടുക്കുക. ചെറുതായി അരചെടുക്കുകയെ ഉള്ളു. നന്നായി അരച്ചാല്‍ സ്വാദു കുറയും. ഹോ... ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നാവില്‍ വെള്ളം ഊറുന്നു. കഞ്ഞിക്ക് മാത്രല്ല പുഴുങ്ങിയ കപ്പയുടെ കൂടെ കഴിക്കാനും ഉഗ്രനാണ്. കപ്പ കിട്ടാന്‍ തുടങ്ങിയാല്‍ നാലുമണി പലഹാരം പിന്നെ മഞ്ഞള്‍പൊടിയും ഉപ്പും ഇട്ട് പുഴുങ്ങിയ കപ്പയും കാന്താരി മുളക് ചമ്മന്തിയും ആകും.

ഞാന്‍ ഇപ്പോ കാന്താരിമുളകിനു പകരം പച്ചമുളക് ചേര്‍ത്താണ് ചമ്മന്തി ഉണ്ടാക്കാര്. പക്ഷെ കാന്താരി മുളക് ചമന്തിയുടെ സ്വാദു കിട്ടില്ല. ഇടയ്ക്കു വല്ലപ്പോഴും ഇവിടേയും കാന്താരി മുളക് കിട്ടാറുണ്ട്‌.

പുളിയും മുളകും ചാലിച്ച ചമന്തിയും എനികിഷ്ടമാണ്. ചുവന്നുള്ളി ചതച്ചത് വെളിച്ചെണ്ണയില്‍ വഴറ്റി ഉണക്കമുളക് ചതച്ചതും കറിവേപ്പിലയും ചേര്‍ത്ത് ഒന്ന് മൂക്കുമ്പോള്‍ ഒരിത്തിരി വെള്ളത്തില്‍ പുളി കലക്കി ഒഴിച്ച് നന്നായി മിക്സ്‌ ചെയ്തു ആവശ്യത്തിനു ഉപ്പും ചേര്‍ത്താല്‍ പുളിയും മുളകും ചാലിച്ച ചമന്തിയായി. തൈരൊഴിച്ചു കുഴച്ച ചോറും ഈ ചമന്തിയും കൂടി ആയാല്‍ ഊണ് കുശാല്‍.....

2009, മേയ് 12, ചൊവ്വാഴ്ച

തൃശൂര്‍ പൂരം എക്സിബിഷന്‍.

എല്ലാ വര്‍ഷവും തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച് പൂരപറമ്പില്‍ വടക്കുംനാഥന്‍റെ കിഴക്കേ ഗോപുരത്തിനടുത്തായി എക്സിബിഷന്‍ വരും. അത് മാര്‍ച്ച്‌ ആദ്യ ആഴ്ച തുടങ്ങി മെയ്‌ അവസാനം വരെ നീണ്ടു നില്‍ക്കും. സ്കൂള്‍ അവധിക്കാലം കൂടിയാണല്ലോ അപ്പോള്‍. നാട്ടിലുണ്ടായിരുന്നപോള്‍ എല്ലാ‍ വര്‍ഷവും ഞാനും എക്സിബിഷന്‍ കാണാന്‍ പോകാറുണ്ട്. ഇന്ത്യയുടെ പല സ്ഥലങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ ഉണ്ടാകും. കളിപ്പാട്ടങ്ങള്‍, വള, മാല, പാത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, തുണിത്തരങ്ങള്‍, ചെടികള്‍, എന്നുവേണ്ട ഒരു വിധം എല്ലാ‍ സാധനങളും താരതമ്യേന കുറഞ്ഞ വിലക്ക് അവിടെ ലഭിക്കും.

കുട്ടിക്കാലത്ത് ഞാന്‍ എക്സിബിഷനില്‍ പോയിരുന്നത് കളിപ്പാട്ടങ്ങള് ലക്ഷ്യമിട്ട് കൊണ്ടായിരുന്നു. അന്നത്തെ പ്രധാന ആകര്‍ഷണം ബോട്ട് ആയിരുന്നു. 2 രൂപയായിരുന്നു അതിനു വില എന്നാണ് എന്‍റെ ഓര്‍മ്മ. ഒരു വലിയ വട്ട പത്രത്തില്‍ നിറച്ചും വെള്ളം എടുത്തു ബോട്ട് അതില്‍ വെച്ച് ഉള്ളില്‍ ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് കത്തിച്ചാല്‍ പട പട.... ശബ്ദത്തില്‍ ഓടും. എല്ലാ കളിപ്പാട്ട സ്റ്റാളിനു മുന്‍പിലും ഒരു പാത്രം വെള്ളത്തില്‍ ഇങ്ങനെ ബോട്ടുകള്‍ ഓടുന്നുണ്ടാകും. അതുകണ്ടാല്‍ പിന്നെ ഏതേലും കുട്ടികള്‍ അത് വാങ്ങാതെ പോകാന്‍ സമ്മതിക്കുമോ. പക്ഷെ വീട്ടില്‍ കൊണ്ടുവന്നു 5 മിനിറ്റിനു ഉള്ളില്‍ അതിന്‍റെ കത്തിക്കല്‍ തീരും. അത് എന്ത് മാജിക്‌ ആണാവോ?

പിന്നെ വാങ്ങാറുള്ളത് ബബിള്‍സ് ഉണ്ടാക്കാണത്. ഒരു ചെറിയ കുപ്പിയില്‍ സോപ്പും വെള്ളവും, അറ്റം വട്ടത്തില്‍ വളച്ച് വെച്ചിട്ടുള്ള പ്ലാസ്റ്റിക്‌ കോലും... വെറും സോപ്പും വെള്ളമായിരുന്നില്ല തോന്നണു അത്. കാരണം അതിലുള്ള വെള്ളം തീരുമ്പോള്‍ സോപ്പും പോടീ കലക്കി ബബിള്‍സ് വരത്താന്‍ നോക്കിയിട്ട് നടന്നിട്ടില്ല. ഇപ്പോ ക്ലോസ് അപ്പ്‌ന്‍റെ പരസ്യത്തില്‍ കാണാറുണ്ട് അത്തരത്തിലുള്ള ബബിള്‍സ് മേക്കര്‍. ഇവിടെ DSFനു പോകുമ്പോള്‍ ബബിള്‍സ് മേക്കറിന്‍റെ മോഡേണ്‍ വെര്‍ഷന്‍ കാണാറുണ്ട് .

ഐസ് ക്രീം, പഞ്ഞി മിഠായി (cotton candy) , ചോളോപൊരി (popcorn), മുളകു ബജി, തുടങ്ങിയവയായിരുന്നു എക്സിബിഷ്നില്‍ എന്നെ ആകര്‍ഷിച്ചിരുന്ന മറ്റു സാധനങ്ങള്‍. യന്ത്ര ഊഞ്ഞാല്‍ (giant wheel), ട്രെയിന്‍, ചെറിയ പൂളിലൂടെ ഓടുന്ന ബോട്ട് എന്നിവയിലൊക്കെ കയറാനും എനിക്ക് ഇഷ്ട്ടമായിരുന്നു.

ഇനി എന്നാ ഒന്ന് എക്സിബിഷ്നില്‍ പോകാന്‍ പറ്റുക. ചൂടിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏപ്രില്‍ മെയ്‌ മാസങ്ങളില്‍ നാട്ടിലേക്കു വരുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ തോന്നുന്നില്ല. ഇവിടെ ACയില്‍ ജീവിച്ചു ബ്രോയിലര്‍ കോഴിയെ പോലെ ആയിരിക്കുന്നു എന്നതാണ് വാസ്തവം .

2009, മേയ് 10, ഞായറാഴ്‌ച

വാഫി സിറ്റി

വാഫി സിറ്റി - ദുബായിലെ കാണേണ്ട ഷോപ്പിംഗ്‌ മാളുകളില്‍് ഒന്നാണ്. ചില ചിത്രങ്ങള്‍ ഇതാ..

(ഈ മാള്ളിന്‍റെ യഥാര്‍ത്ത ഭംഗി അറിയണമെങ്കില്‍ ഫോട്ടോ എടുക്കാന്‍ അറിയുന്നവര്‍ എടുക്കണമായിരുന്നു. ഫോട്ടോഗ്രാഫിയുടെ ബാലപാഠം പോലും അറിയാത്ത എന്നെകൊണ്ട് ഇത്രയൊക്കെയേ സാധിച്ചുള്ളൂ.)























2009, മേയ് 5, ചൊവ്വാഴ്ച

മാമ്പഴക്കാലം..

ഞങ്ങളുടെ പറമ്പില്‍ 3 മാവുകള്‍ ഉണ്ടായിരുന്നു. മൂവാണ്ടന്‍, പുളിയന്‍ പിന്നെ തൊലികയ്പ്പന്‍. മൂവാണ്ടന്‍ മാമ്പഴമായിരുന്നു എനികിഷ്ടം. പുളിയന്‍ പഴുത്താല്‍ നല്ല സ്വാദാണ്. പച്ചക്ക് കഴിക്കാന്‍ പറ്റില്ല നല്ല പുളിയായിരിക്കും. തൊലികയ്പ്പന്‍ എനികിഷ്ടമില്ലയിരുന്നു. തോല് കളയാതെ ആ മാങ്ങാ കഴിക്കാന്‍ പറ്റില്ലായിരുന്നു തൊലിക്ക് നല്ല കയപ്പാണെ. പറമ്പിന്‍റെ ഇടതു ഭാഗത്ത് ആയിരുന്നു പുളിയന്‍ മാവും തൊലികയ്പ്പന്‍ മാവും നിന്നിരുന്നത്. ആ ഭാഗത്ത് മതില്‍ കെട്ടിയിരുന്നില്ല.

സ്കൂള്‍ അടച്ചാല്‍ പിന്നെ മാങ്ങാ കല്ലെറിഞ്ഞു വീഴ്ത്താന്‍ ആണ്‍കുട്ടികളുടെ സംഘം എത്തും. അവരെറിയുന്ന കല്ല്‌ വീണു വീടിന്‍റെ ഓട് പൊട്ടുകയും കല്ലേറ് പേടിച്ചു ആളുകള്‍ക്ക് വഴി നടക്കാന്‍ പറ്റാതാകുകയും ചെയ്യുമ്പോള്‍ അമ്മൂമ്മ ചാരുകസ്സേരയുടെ സ്ഥാനം മാവിന്‍ ചുവട്ടിലേക്ക്‌ മാറ്റും. അമ്മൂമ്മയെ കുട്ടികള്ക്കെല്ലാം വലിയ പേടി ആയിരുന്നു. ഞാനായിരുന്നു അമ്മൂമ്മയുടെ സെക്രട്ടറി. ഉച്ചയൂണിനു ശേഷം അമ്മൂമ്മ ചാരുകസേരയില്‍ ഒരു വടിയും പിടിച്ചു കിടക്കും. അടുത്തൊരു കുട്ടയും വെച്ചിട്ടുണ്ടാകും. കാറ്റത്തു വീഴുന്ന മാമ്പഴങ്ങള്‍ പെറുക്കി ആ കുട്ടയില്‍ നിറക്കേണ്ടത് എന്‍റെ ചുമതലയായിരുന്നു. വാസ്തവത്തില്‍ അമ്മൂമ്മയുടെ ഉച്ച മയക്കമായിരുന്നു ആ കിടപ്പ്. മാവിന്‍ ചുവട്ടില്‍ നല്ല കാറ്റും ഉണ്ടാകുമല്ലോ. പക്ഷെ അമ്മൂമ്മയുടെ നിഴല്‍ കണ്ടാല്‍ പോലും കുട്ടികള്‍ പിന്നെ ആ ഭാഗത്തേക്ക് വരില്ല. അമ്മൂമ്മ ഉറങ്ങി എണീക്കുമ്പോള്‍ കുട്ടയില്‍ ഉള്ള മാമ്പഴം എല്ലാം എടുത്തു എല്ലാര്‍ക്കും വീതിച്ചു കൊടുക്കാന്‍ എന്നെ ഏല്പ്പിക്കും. കളിക്കുമ്പോള്‍ എന്നോട് അടികൂടിയിട്ടുള്ളവരോട് ദേഷ്യം ഉണ്ടെങ്കില്‍ അത് തീര്‍ക്കുക ആ പങ്കുവെക്കലിലാണ്. അതുകൊണ്ട് തന്നെ ആരെങ്കിലും എന്തിനെങ്കിലും എന്നോട് പിണങ്ങുകയോ വഴക്കിടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഉച്ചക്ക് മുന്‍പ് അവരായി മുന്‍കൈ എടുത്തു അത് പരിഹരിചിരിക്കും.

ഇപ്പൊ അതൊക്കെ ആലോചിക്കുമ്പോള്‍ ചിരിയാണ് വരാറ്. കുടുംബവും കുട്ടികളുമായി കഴിയുന്ന അവരൊക്കെ ഇതെല്ലാം ഓര്‍ക്കാറുണ്ടോ ആവോ?? അല്ലെങ്കില്‍ തന്നെ എന്‍റെ ഭര്‍ത്താവു പറയുന്നത് പോലെ ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന എനിക്കല്ലാതെ മാങ്ങയുടെയും ചക്കയുടെയും കാര്യം ഓര്‍ത്തിരിക്കാന് അവര്‍ക്ക്‌ വട്ടൊന്നും കണില്ലല്ലൊ അല്ലെ????

2009, മേയ് 2, ശനിയാഴ്‌ച

ഓര്‍മയിലെ തൃശൂര്‍ പൂരം

അങ്ങനെ ഈ വര്‍ഷത്തെ പൂരവും വന്നെത്തി. ഇന്നലെ ആയിരുന്നു സാമ്പിള്‍ വെടിക്കെട്ട്. നാളെ പൂരമാണ്‌. മറ്റന്നാള്‍ ദേശക്കാരുടെ പൂരവും. ഒരു തൃശൂര്‍‍ക്കാരി ആണെങ്കിലും ഇതുവരെ തൃശൂര്‍ പൂരം നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടില്ല. പൂരം TVയില്‍ ലൈവ് കാണിക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണ് "ആഹാ ഇതാണല്ലേ തൃശൂര്‍ പൂരം" എന്ന് മനസ്സിലായത്.

എന്‍റെ കുട്ടിക്കാലത്ത് അടുത്തുള്ള വീടുകളിലെല്ലാം പൂരത്തിന് നാലു അഞ്ചു ദിവസം മുന്‍പേ വിരുന്നുകാര്‍ എത്തിത്തുടങ്ങും. പിന്നെ പൂരത്തിന് പോകുമ്പോള്‍ കുട്ടികള്‍ക്ക് കൊറിക്കാന്‍ കൊടുത്തയക്കേണ്ട പലഹാരപണികളുടെ തിരക്കാകും. ചക്ക വറുത്തത്, ഉണ്ണിയപ്പം, മുറുക്ക്, പക്കാവട എന്നിവ ഉണ്ടാക്കുന്നതിന്‍റെ കൊതിപ്പിക്കുന്ന മണമാകും കാറ്റിന്. ഞങളുടെ വീട്ടില്‍ മാത്രം വിരുന്നുകാരും ഉണ്ടാകില്ല പലഹാരങ്ങള്‍ ഉണ്ടാകുന്ന തിരക്കും ഉണ്ടാകില്ല. പൂരത്തിന് വീട്ടിന്നു കൊണ്ടുപോകേം ഇല്ലാ. "കുടിച്ചു ബോധം ഇല്ലാതെ വരുന്ന ആളുകളുടെ ഇടയിലേക്കാ പൂരം കാണാന്‍ പോകുന്നത് മിണ്ടാതെ അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നോ" എന്നാ അമ്മൂമ്മ പറയാറ്. അടുത്തുള്ള വല്ല വീടിലും ജനിച്ചാല്‍ മതിയാരുന്നു എന്ന് തോന്നിപോയിട്ടുണ്ട് അപ്പോഴൊക്കെ.

പൂരത്തിന് കുറച്ചു ദിവസം മുന്‍പ് ആനച്ചമയം പ്രദര്‍ശനം ഉണ്ടാകും. C.M.S സ്ക്കൂളിലായിരുന്നു ഉണ്ടാകാറ്. ഇപ്പോഴും അവിടെ തന്നെയാകും എന്ന് തോന്നുന്നു. അത് കാണാന്‍ മുത്തശ്ശന്‍ എന്നെ കൊണ്ട് പോകും. നെറ്റിപട്ടം, വെഞ്ജ്ജാമ്മരം, ആലവട്ടം, കുടകള്‍ ഒക്കെയുണ്ടാകും പ്രദര്‍ശനത്തിനു. പക്ഷെ പൂരത്തിന് കുടമാറ്റത്തിനു ഉള്ള സ്പെഷ്യല്‍ കുടകള്‍ ഒന്നും അവിടെ കാണില്ല. അത് കുടമാറ്റത്തിന്‍റെ സമയത്ത് മാത്രേ പുറത്തെടുക്കൂ. ആന ചമയം കൂടാതെ പന്തലും കാണിച്ചുതരും മുത്തശ്ശന്‍. പാറമ്മേക്കവിന്‍റെയും തിരുവമ്പാടിയുടെയും പന്തലുകള്‍. വെടിക്കെട്ടിലും, കുടമാറ്റത്തിലും മാത്രമല്ല പന്തലിന്‍റെ കാര്യത്തിലും ഇരുകൂട്ടരും തമ്മില്‍ കടുത്ത മത്സരം ഉണ്ടാകും.

പൂരത്തിന് 2 ദിവസം മുന്‍പ് രാത്രി ഒരു 7 മണിയോട് കൂടി സാമ്പിള്‍ വെടിക്കെട്ട് ഉണ്ടാകും. ഒരു മണികൂര്‍ നീണ്ടു നില്‍ക്കുന്ന വെടിക്കെട്ട്. വീടിനടുത്തുള്ള മെയിന്‍ റോഡ്‌ ക്രോസ് ചെയ്തു കുറച്ചു മുന്നോട്ടു നടന്നു മണ്ണുംകുഴിടെ അവിടെ നിന്നാല്‍ വെടിക്കെട്ട് കാണാന്‍ കഴിയുമായിരുന്നു. ( മണ്ണുംകുഴി എന്ന് പറഞ്ഞാല്‍ ഇഷ്ടിക പണിക്കുവേണ്ടി മണ്ണ് എടുതുണ്ടായ ഒരു വലിയ കുളം ആണ്. മണ്ണുംകുഴി കഴിഞ്ഞാല്‍ പിന്നെ അങ്ങോട്ട്‌ പാടമാണ്. മരങ്ങളുടെയും കെട്ടിടങ്ങളുടെയും തടസങ്ങള്‍ ഇല്ലാത്തതുകൊണ്ട് അവിടെ നിന്നാല്‍ സുഗമായി വെടിക്കെട്ട് കാണാം.) അതുകൊണ്ട് സാമ്പിള്‍ വെടിക്കെട്ടു എല്ലാ വര്‍ഷവും കാണാന്‍ സാധിക്കാറുണ്ട്.പ്രധാന വെടിക്കെട്ട് പുലര്‍ച്ചെ 4 മണിക്കാണ്. അതോണ്ട് അത് കാണാന്‍ സാധിക്കാറില്ല. ഒരു 6 വര്‍ഷം മുന്‍പാണ് ഞാന്‍ ആദ്യമായി പ്രധാന വെടിക്കെട്ട് കാണുന്നത്.തൃശൂര്‍ റൌണ്ടിലുള്ള ഒരു ബില്ഡിങിന്‍റെ മുകളില്‍ നിന്നുകൊണ്ട്‌. അതിനുശേഷം 2ദിവസത്തേക്ക് എനിക്ക് ചെവി കേള്‍ക്കാന്‍ കഷ്ടായിരുന്നു. വെടിക്കെട്ടിന്‍റെ ശബ്ദ്ത്തില്‍ ചെവിയുടെ ഡയഫ്രം അടിച്ചു പോയിന്നു വിചാരിച്ചതാ.. ഓ അത്ര ശബ്ദ്മാണ്...

ഇവിടെ DSF സമയത്ത് ഉണ്ടാകുന്ന വെടിക്കെട്ട് കണ്ടു അന്തം വിട്ടു നില്ക്കുന്നവരെ കാണുമ്പൊള്‍ "ഇതു എന്ത് വെടിക്കെട്ട് അതൊക്കെ തൃശൂര്‍ പൂരം വെടിക്കെട്ട്" എന്ന് പറയണം തോന്നാറുണ്ട്.