2009, സെപ്റ്റംബർ 22, ചൊവ്വാഴ്ച

ഹട്ട...

ഈദ് ആകാറായല്ലോ. 2ഓ 3ഓ ദിവസം പബ്ലിക്ക് ഹോളിഡേ കിട്ടും.. ഒരു വണ്‍ ഡെ ട്രിപ്പ് പോയാലോ? എല്ലാ വര്‍ഷവും പതിവുള്ളതാണു ഫ്രണ്ട്സ് എല്ലാരും കൂടി ഒരു ചെറിയ ട്രിപ്പ്. പക്ഷെ ഇത്തവണ പന്നി പനി ഒരു ഭീഷണിയായി മുന്നിലുണ്ട്.. അതുകൊണ്ട് അധികം ജന തിരക്കുള്ള സ്ഥലം വേണ്ട... അങ്ങനെയാണെങ്കില്‍ എവിടെ പോകും??? അപ്പോഴാണ് ഒരു വര്‍ഷം മുന്‍പു ഹട്ട ഗ്രാമത്തെ പറ്റിയുള്ള യാത്രാ കുറിപ്പ് ഗ്രിഹലക്ഷ്മിയില്‍ വായിച്ചത് ഓര്‍മ്മയില്‍വന്നത്. സൈറ്റ്സ് നോക്കി റോഡ് മാപ്പും വിവരങ്ങളും എടുത്തു. പക്ഷെ ഈദിനു നമുക്ക് ഹട്ടയില്‍ പോകാം എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ഞങ്ങളുടെ ടീമിലെ ഒരാളൊഴികെ എല്ലാവരും എന്തിനു എന്‍റെ ഹസ്ബന്‍ന്റ് അടക്കം എതിര്‍ത്തു. “ഹട്ട്യാ ഈദിനു പൂവാന്‍ പറ്റിയ സ്ഥലം??!! വേറെ ഒരു സ്ഥലോം കിട്ടീല്ലേ?? അവടെ എന്തൂട്ടാ ഇത്ര കാണാള്ളേ.??..” എന്നായിരുന്നു എല്ലാരുടേം ചോദ്യം. ഹട്ടയില്‍ ഫാംസ്, വാദി (അരുവി), ഡാം, ഹെറിറ്റേജ് വില്ലേജ് ഒക്കെ കാണാന്‍ ഉണ്ട് എന്ന എന്‍റെ വാദങ്ങളെല്ലാം അവര്‍ നിഷേധിച്ചു. വണ്‍ ഡേ ട്രിപ്പ് പോകാനുള്ള സ്ഥലമൊന്നും ഇല്ല പ്രത്യേകിച്ച് ഈ ചൂടു സമയത്ത് എന്നൊക്കെ പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. അങ്ങനെ അവസാനം ഈദിനു വേണ്ട് ഈ ഫ്രൈഡേ പോകാം എന്ന തീരുമാനത്തില്‍ എത്തി.

ഫ്രൈഡേ 11.09.09നു ഞങ്ങള്‍ ചിലര്‍ ( 6 പേര്‍) ഉച്ചക്ക് 12 മണിയോടെ ഹട്ടയിലേക്ക് യാത്ര തിരിച്ചു. ഗൂഗിളില്‍ നിന്നും കിട്ടിയ മാപ്പും ആയി...ഇറങ്ങാന്‍ നേരത്തും എല്ലാരും പറഞ്ഞു ‘അവടെ പോയിട്ട് ചൂടു കാരണം വണ്ടിന്നു പുറത്തിറങ്ങാന്‍ പറ്റാണ്ടെ തിരിചു വരണോ അതോ പോകാതിരിക്കുന്നതാണോ നല്ലത്ന്ന് ഒരിക്കെ കൂടി ആലോച്ചിച്ചോ’ എന്ന്. മുന്‍പോട്ട് വെച്ച കാല്‍ പിന്നോട്ടില്ലെന്ന വാശിയില്‍ ഞാന്‍ ഉറച്ചു നിന്നു. പോകുന്ന വഴിക്കു മുഴുവന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു ‘ ഈശ്വരാ വാദി ഇല്ലെങ്കിലും ഒരു ചാലെങ്കിലും കാണണെ... ഫാം ഇല്ലെങ്കിലും മൂന്നാല് ഒണങ്ങിയ പനയെങ്കിലും കാണണെ....’

1.15 ആയപ്പോള്‍ ഹട്ട ഫോര്‍ട്ട് ഹോട്ടല്‍ റൌണ്ട് എബൌട്ടില്‍ എത്തി. അവിടെ കണ്ട ഷോപ്പിങ്ങ് മാളില്‍ നിന്നു മിനറല്‍ വാട്ടറും മറ്റും വാങ്ങി. കയ്യിലിരുന്ന മാപ്പ് എടുത്ത് വഴി ഒന്നുകൂടി എല്ലാരും നോക്കി മനസ്സിലാക്കി. ഷോപ്പിങ്ങ് മാളിന്റെ വലതു ഭാഗത്തു കണ്ട വഴിയിലൂടെ മുന്നോട്ട് പോയി. 5 മിനിറ്റ് പോയി കാണും... റോഡിന്റെ ഇടതു വശത്തായി ഒരു ചെറിയ മല കണ്ടു. ‘ഹട്ട ഹില്‍’. ഹാവൂ സമാധാനം.... പിടിച്ചു നില്ക്കാന്‍ ഒരു കചിതുമ്പ് കിട്ടി എന്ന് ഞാന്‍ ആശ്വസിച്ചു. നട്ടുച്ച നേരത്ത് എന്തായാലും അവിടെ പോയാല്‍ ശെരിയാകില്ല. തിരിച്ഛു പോകുന്ന സമയത്ത് അവിടെ കയറാം എന്നു വിചാരിച്ചു യാത്ര തുടര്‍ന്നു. കുറച്ചു ദൂരം കൂടി പോയപ്പോള്‍ ഇടതു ഭാഗത്തു തന്നെ ഒരു ബോര്‍ഡ് കണ്ടു ‘ഹട്ട ഹെറിറ്റേജ് വില്ലേജ്’. മണ്ണു കൊണ്ടുള്ള ഒരു മതില്‍ കെട്ടിനുള്ളില്‍ മണ്ണു കൊണ്ടു തന്നെ നിര്‍മ്മിച്ച വീടുകളും, വാച്ച് ടവ്വറും.. നോബായതു കൊണ്ട് ഞങ്ങള്‍ ചെന്ന സമയത്തു അവിടെ അടച്ചിട്ടിരിക്കുകയായിരുന്നു. അപ്പോ ആ പ്രതീക്ഷ പോയി...

ഇനിയുള്ള പ്രതീക്ഷ വാദിയും, ഡാമും, ഫാംസും ആണ്... അപ്പോഴേക്കും സമയം 2.30 ആയിട്ടുണ്ടായിരുന്നു, എല്ലാര്ക്കും നന്നായി വിശക്കാനും തുടങ്ങി. ഭക്ഷണം വീട്ടിന്നു കൊണ്ടുപോയിരുന്നു. നോമ്പ് ആയതോണ്ട് ഒഴിഞ്ഞ സ്ഥലത്തല്ലേ ഇരുന്നു കഴിക്കാന്‍ പറ്റു. ഹെറിറ്റേജ് വില്ലേജ് കഴിഞ്ഞ ഉടനെ ഒരു കൊച്ചു റൌണ്ട് എബൌട്ട്‌ ആണ്. അവിടുന്ന് ഏതു റോഡ്‌ എടുക്കണം എന്ന കണ്‍ഫ്യൂഷനായി. ലെഫ്റ്റ് പോകാം എന്ന് ഞാന്‍ മാപ്പ്‌ നോക്കി പറഞ്ഞെങ്കിലും എന്‍റെ വാക്കിന് തെല്ലും വില നല്‍കാതെ വണ്ടി റൈറ്റ് എടുത്തു. വിശപ്പ് മനുഷ്യനെ ബധിരനും അന്ധനും ആക്കും എന്ന വാസ്തവം മനസിലാക്കി ഞാന്‍ നിശബ്ധത പാലിച്ചു. കുറച്ചു മുന്‍പോട്ടു പോയപ്പോള്‍ ലെഫ്റ്റിലേക്ക് ഒരു വഴി കണ്ടു. ആളൊഴിഞ്ഞ വഴി. അതിലൂടെ കുറച്ചു ഉള്ളിലോട്ടു പോയി വണ്ടി ഒതുക്കി നിര്‍ത്തി ഭക്ഷണം കഴിക്കാം എന്ന ഒറ്റ പ്രതീക്ഷയിലാണ് ആ വഴിയിലേക്കു വണ്ടി തിരിച്ചത് പക്ഷെ ആ വഴി ഹട്ട ഡാമിന്‍റെ ഒരു ഭാഗത്തേക്കുള്ളതായിരുന്നു. ഭാഗ്യം ഡാം തീര്‍ത്തും വരണ്ടു ഉണങ്ങിയിരുന്നില്ല എന്ന് മാത്രല്ല ഒരാളിനേക്കാള്‍ താഴ്ചയില്‍ വെള്ളവും ഉണ്ടായിരുന്നു. ഡാമിന് ചുറ്റും കൂറ്റന്‍ മലകളാണ്. കുത്തനെ ഉള്ള ഇറക്കം ഇറങ്ങിയാല്‍ വെള്ളത്തിനടുത്ത് വരെ വണ്ടിയില്‍ പോകാം. ഞങ്ങള്‍ അങ്ങനെ വെള്ളത്തിനടുത്ത് വണ്ടി ഒതുക്കി ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു.






എന്തുകൊണ്ടോ അവിടെ ചൂട് നന്നേ കുറവായിരുന്നു. ഒരുപക്ഷെ ചുറ്റുമുള്ള മലനിരകള്‍ സൂര്യന്‍റെ ചൂട് ഭൂമിയില്‍ പതിക്കാതെ ഒരു പരിധിവരെ തടയുന്നുണ്ട്‌. സമയം 3.. നല്ല വിശപ്പ് ഉള്ളതോണ്ടായിരുന്നു തോന്നണു ഭക്ഷണത്തിനെല്ലാം നല്ല സ്വാദു...... ഭക്ഷണം കഴിച്ചു കഴിഞ്ഞു കൈകഴുകാന്‍ വെള്ളത്തിനടുത്തേക്ക് ചെന്നപ്പോള്‍ നനഞ മണ്ണില്‍ ഇരട്ട കൊളംബുള്ള മൃഗങ്ങളുടെ കാല്‍ പാടുകള്‍ കണ്ടു. ഞങ്ങള്‍ ചുറ്റും നോക്കി മൃഗങ്ങളെ ഒന്നും കണ്ടില്ല. മലകള്‍ക്കിടയില്‍ എവിടെയെങ്കിലും ഉണ്ടാകും. ആളൊഴിഞ്ഞ സമയത്ത് അവ ഇറങ്ങി വരുമായിരിക്കും. അല്ലാതെ ഇത്രയും വലിയ മലകളുടെ അപ്പുറത്ത് നിന്നും എന്തായാലും മൃഗങ്ങള്‍ ഇവിടെ വെള്ളം കുടിക്കാന്‍ വരില്ല.

വിശപ്പ് മാറിയപ്പോള്‍ എന്നാല്‍ ഇനി യാത്ര തുടരാം എന്നായി എല്ലാരും. അങ്ങനെ വീണ്ടും വണ്ടി ഹെറിറ്റേജ് വില്ലേജിനടുത്തുള്ള റൌണ്ട് എബൌട്ടിലേക്ക് വിട്ടു. അവിടുന്ന് ഞാന്‍ പറഞ്ഞ ലെഫ്റ്റ് എടുത്തു റൈറ്റിലുള്ള വഴിയിലൂടെ പോയി വീണ്ടും ലെഫ്റ്റ് എടുത്തപ്പോള്‍ ഒരു ചെറിയ കയറ്റത്തിലെത്തി. കയറ്റം കയറി മുകളിലെത്തിയപ്പോള്‍ അതാ കാണുന്നു ഡാമിന്‍റെ വേറൊരു ഭാഗം. മുന്‍പ് കണ്ട ഭാഗത്തേക്കാള്‍ തണല്‍ ഈ ഭാഗത്തുണ്ടായിരുന്നു. കുറച്ചു യുറോപ്പിയന്‍സ് അവിടെ നീന്തണുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പുരുഷ പ്രജകള്‍ക്കും അവിടെ ഇറങ്ങി കുളിക്കണമെന്നായി. ഈ കൊടും ചൂടില്‍ മരുഭൂമിയില്‍ വെള്ളം ഉണ്ടാകില്ല എന്ന അടിയുറച്ച വിശ്വാസം കാരണം ആരും ടൌവ്വല്‍ ഒന്നും എടുത്തിരുന്നില്ല. 2 പേര്‍ പോയി ടൌവ്വല്‍ വാങ്ങി വന്നു. വെള്ളത്തിനടുത്തുവരെ വണ്ടി കൊണ്ടുപോകാന്‍ പറ്റില്ലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ താഴേക്ക്‌ നടന്നു. മുകളില്‍ നിന്ന് നോക്കിയപ്പോള്‍ അധികം ദൂരം തോന്നിയില്ലെങ്കിലും നടന്നുതുടങ്ങിയപ്പോള്‍ മനസ്സിലായി ആ തോന്നല്‍ തെറ്റായിരുന്നുന്നു. നല്ല തണുത്ത ഉപ്പുവെള്ളം പ്രതീക്ഷിച്ച ഞങ്ങള്‍ക്കു അവിടെയും തെറ്റി. ചെറു ചൂടുള്ള നാച്ചുറല്‍ മിനറല്‍ വാട്ടര്‍... നല്ല ആഴം ഉണ്ടായിരുന്നു.










6 മണി ആയപ്പോഴാണ് ഞങ്ങള്‍ അവിടുന്ന് തിരിച്ചു പോന്നത്. തിരിച്ചു വരുന്ന വഴിക്ക് ഫാംസ്‌ കണ്ടു. ഫാമുകളുടെ മേല്‍നോട്ടം മുഴുവന്‍ പാകിസ്ഥനികള്‍ക്കാണ്. ഒരു ഫാമില്‍ ചെന്ന് അവിടെ ഉണ്ടായിരുന്ന പാകിസ്ഥനി തോട്ടക്കാരന്‍റെ അനുവാദം വാങ്ങി ഉള്ളിലേക്ക് കയറി. മാവുകളും, നാരകങ്ങളും, കറിവേപ്പുകളും, പശുവിനു കൊടുക്കാനുള്ള പുല്ലുകളും തഴച്ചു വളര്‍ന്നു നില്‍ക്കുന്നു. വേറൊരു ഭാഗത്ത് ഈന്തപനകള്‍ വരി വരിയായി നട്ട് വളര്‍ത്തിയിരിക്കുന്നു. കാളകളെ പോലെ പണിയെടുക്കുന്ന പാകിസ്ഥനികളുടെ അധ്വാനത്തിന്‍റെ ഫലമാണ് മരുഭൂമിയില്‍ കാണുന്ന ഈ ഫാമുകള്‍. ഇവിടെ മരുഭൂമി കൃഷി ഭൂമി ആക്കി മാറ്റാന്‍ കഷ്ട്ടപെടുമ്പോള്‍ നമ്മുടെ നാട്ടില്‍ ഉള്ള കൃഷിഭൂമി നികത്തി വീടുകള്‍ പണിയുന്നു. നമ്മുടെ കേരളം ദുബായ് ഷെയ്ഖിന്‍റെ ഭരണത്തിലായിരുന്നെങ്കില്‍ ശെരിക്കും ദൈവത്തിന്‍റെ സ്വന്തം നാടാക്കി മാറ്റിയേനെ എന്ന് തോന്നാറുണ്ട്.








തിരിച്ചു വരുന്ന വഴിക്ക് ഹട്ട ഹില്ലില്‍ ചുമ്മാ ഒന്ന് പോയി. ചെറിയൊരു മൊട്ട കുന്നു പുല്ലു വെച്ച് പിടിപ്പിച്ചു മനോഹരമാക്കിയിരിക്കുന്നു. മുകളിലേക്ക് കയറാന്‍ മണ്ണുകൊണ്ട്‌ പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇടക്ക് റെസ്റ്റ് ഏരിയ പോലെ ചെറിയ പനയോല ഹട്ടുകള്‍. ബാര്‍ബീകൂ ചെയ്യാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.







ഇരുട്ടായി തുടങ്ങിയതിനാല്‍ തല്കാലത്തേക്ക് ഞങള്‍ ഹട്ടയോട് വിട പറഞ്ഞു മടങ്ങി... ഇനി നവംബര്‍ 20നു ശേഷം ഒന്ന് കൂടി പോകണം... ഹട്ട പൂളുകള്‍ കാണാന്‍.

2009, സെപ്റ്റംബർ 13, ഞായറാഴ്‌ച

ഓണം 2009

ഈ മണലാരണ്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ഞങ്ങള്‍ ഓണം ആഘോഷിച്ചു. 6 കൊച്ചു കുടുബങ്ങളും, 2 ബാചിലേഴ്സും... എല്ലാരും ചേര്‍ന്ന് പൂക്കളം ഇട്ടു. പിന്നെ സദ്യ.. 3ഉം 4ഉം വിഭവങ്ങള്‍ വീതം ഓരോ കുടുബങ്ങളും കൊണ്ടു വന്നു. പരിപ്പു-നെയ്യ്, സാബാര്‍, രസം, തോരന്‍, അവിയല്‍, കാളന്‍, ഓലന്‍, കൂട്ടുകറി, പൈനാപ്പിള്‍ കിച്ചടി, ഇഷ്ടു, ഇഞ്ജി തൈര്, പുളിഞ്ജി, അച്ചാര്‍, കൊണ്ടാട്ടം, പപ്പടം, പഴം, പാലട പായസം, പഴപ്രഥമന്‍ എന്നിവ കൂട്ടി ഗംബീരമായ ഓണസദ്യ. അതിനു ശേഷം വിവിധ തരം ഓണകളികള്‍. അങ്ങനെ ഒരു ഓണം അല്ല ഒരു വര്‍ഷം കൂടി കടന്നു പോയി......



ഞങ്ങളുടെ കൊച്ചു പൂക്കളം.


ഓണസദ്യ.