2016, മേയ് 4, ബുധനാഴ്‌ച

നിഷ

സ്കൂളില്‍ പഠിക്കുമ്പോള്‍ എന്‍റെ ക്ലാസ്സ്‌മേറ്റ്‌ ആയിരുന്നു നിഷ. വെളുത്തു മെലിഞ്ഞ കാണാന്‍ കൊള്ളാവുന്ന നെറയെ സംസാരിക്കുന്ന ഒരു കുട്ടി. മോഡേണ്‍ ഡ്രെസ്സുകള്‍ ധരിക്കാന്‍ അവള്‍ക്കു ഇഷ്ട്ടമായിരുന്നു. എന്‍റെ സൂര്യപുത്രിക്ക് എന്ന സിനിമയിലെ അമല ധരിച്ചിരുന്ന പോലത്തെ സ്ക്ര്‍ട്ട്സ്, മിന്നാരം മോഡല്‍ ഫ്രോക്ക്‌, ജീന്‍സ്‌ ടോപ്‌ ഇതൊക്കെ കര്ക്കശക്കാരനായ അച്ഛനെ മണിയടിച്ചു മേടിക്കാനും മിടിക്കിയായിരുന്നു. ലിപ്സ്റ്റിക്ക് ഐ ഷാഡോ ആയും ഉപയോഗിക്കാം എന്ന മഹത്തായ കണ്ടുപിടുത്തം അവളുടെതായിരുന്നു.

എട്ടാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെ ഞങള്‍ ഒരേ ഡിവിഷനില്‍ ആയിരുന്നു. ഒരുമിച്ചു പഠിച്ച 3 വര്‍ഷവും അവള്ക്കെന്നും ഉച്ചക്ക് ഊണിനു ചോറും, പരിപ്പ് കറിയും, ഒരു എഗ്ഗ് ഓമ്ലെറ്റും, നാരങ്ങ പിക്കിളും ആണ് ഉണ്ടാകാറ്. സ്ഥിരം ഒരേ ഭക്ഷണം കഴിച്ചാല്‍ മടുക്കില്ലേ എന്ന് പലരും അവളോട്‌ ചോദിച്ചിട്ടുണ്ട്. എനിക്കിതാണിഷ്ട്ടം എന്നാണ് അവള്‍ പറയാറ്.

ഓരോ വര്‍ഷവും ജയിച്ച കുട്ടികളെ ഡിവിഷന്‍ തിരിച്ചു അടുത്ത ക്ലാസ്സുകളിലേക്ക് എടുക്കുമ്പോള്‍ നിഷയെ തങ്ങളുടെ ക്ലാസ്സിലേക്ക് എടുക്കാന്‍ എല്ലാ ക്ലാസ്സ്‌ ടീച്ചര്മാര്‍ക്കും അല്‍പ്പം മടിയായിരുന്നു. പഠിക്കാന്‍ മോശമായത് കൊണ്ടയിരുനില്ല. എല്ലാ പരീക്ഷകള്‍ക്കും 85 % നും 95 %നും ഇടയില്‍ മാര്‍ക്ക് വാങ്ങുന്ന ഒരു കുട്ടിയിരുന്നു നിഷ. ഒരേ ഒരു കൊഴപ്പമേ ഉള്ളു പരീക്ഷ കഴിഞ്ഞു ഓരോ പേപ്പര്‍ കയ്യില്‍ കിട്ടുമ്പോഴും ആ പേപ്പര്‍ നോക്കിയ ടീച്ചറുടെ പുറകെ 2 ദിവസം പുള്ളിക്കാരി കാണും, "ഒരു 1/2 മാര്‍ക്കുകൂടി ഈ ആന്‍സറിനു തന്നൂടെ ടീച്ചറെ" എന്നും പറഞ്ഞു കൊണ്ട്. മാര്‍ക്ക് കിട്ടുന്നത് വരെ ടീച്ചറെ വിടാതെ പിന്തുടരും ലഞ്ച് ടൈമില്‍ സ്റ്റാഫ്‌ റൂമിന് പുറത്തു കാവല്‍ നില്‍ക്കും. അവസാനം സഹികെട്ട് ടീച്ചര്‍മാര്‍ മാര്‍ക്ക് കൊടുക്കും. SSLC പരീക്ഷക്ക് 85% മാര്‍ക്കേ കിട്ടിയുള്ളൂ. പുള്ളിക്കാരി വെറുതെ ഇരിക്കുമോ റീവാല്യൂവേഷന് കൊടുത്തു. പക്ഷെ പ്രയോജനം ഉണ്ടായില്ല. ഒത്തിരി പഠിച്ചു നല്ലൊരു ജോലി നേടണം എന്നായിരുന്നു അവളുടെ ആഗ്രഹം.

കോളേജില്‍ ആയാലെങ്കിലും ആ സ്വഭാവം മാറുമെന്നു ഞ്ങളെല്ലാം കരുതി. എവിടെ... ഞങള്‍ വേറെ വേറെ കോളേജുകളില്‍ ആയിരുന്നു. ഒരിക്കെ ആ കോളേജില്‍ പഠിക്കുന്ന എന്‍റെ ഒരു കൂട്ടുക്കാരിയോടു നിഷയുടെ കാര്യം അന്വേഷിച്ചപ്പോള്‍ ആ മിസ്സുമാരുടെ പുറകെ നടന്നു മാര്‍ക്ക് മേടിക്കുന്ന കുട്ടിയല്ലേ എന്ന് കൂടെ നിന്നിരുന്ന അവളുടെ സഹപാഠി ചോദിച്ചു. ഡിഗ്രി ഫൈനല്‍ എക്സാം കഴിഞ്ഞു സര്‍ട്ടിഫിക്കറ്റ് മേടിക്കാന്‍ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയില്‍ പോയപ്പോള്‍ നിഷയെ അവിടെ കണ്ടു. കിട്ടിയ മാര്‍ക്ക്‌ പോരാത്തത് കൊണ്ട് ആന്‍സര്‍ ഷീറ്റ് നേരിട്ട് കാണാന്‍ ഫീസ്‌ അടച്ചു കാത്തിരിക്കുകയായിരുന്നു.

2 വര്‍ഷം മുന്‍പ് നാട്ടില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് ഞാന്‍ നിഷയെ വീണ്ടും കണ്ടു.  ഒരു സാധാരണ ചുരിദാര്‍ ഇട്ട് മുടി ഒതുക്കി പിന്നിയിട്ടു പേരിനു ഒരു പൊട്ടു മാത്രം തൊട്ട ഒരു കുട്ടി... അല്ല അമ്മ. ഞാന്‍ അന്ന് കാണുമ്പൊള്‍ അവള്‍ടെ കൂടെ 1 വയസ്സുള്ള അവളുടെ കുഞ്ഞും ഉണ്ടായിരുന്നു. ഒരു വീട്ടമ്മയായി ഒതുങ്ങികൂടി. എനിക്ക് വിശ്വാസം വന്നില്ല. പണ്ടത്തെ നിഷയെ അല്ല. എങ്ങനെയാ അവള്‍ ഇത്ര മാറിയത് എന്ന് ഞാന്‍ അന്ന് കൊറേ ആലോചിച്ചു.

ഒരുമിച്ചു പഠിച്ചിരുന്ന പല കുട്ടികളെയും വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ അത്ഭുതപെട്ടു പോകുന്നു. അത്രക്കധികം മാറിപോയിരിക്കുന്നു പലരും. ഒരുപക്ഷെ എന്നെക്കുറിച്ച് അവരും ഇങ്ങനെ തന്നെയൊക്കെ ആകും കരുതുന്നുണ്ടാകുക.