2009, ജൂൺ 13, ശനിയാഴ്‌ച

ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം






ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം അഥവാ രുദ്ര മഹാകാളിക്കാവ് കേരളത്തിലെ പേരുകേട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ്. തൃശൂര്‍ ഷോര്‍ണൂര്‍ റോഡില്‍ വടക്കാഞ്ചേരിയില്‍ നിന്നും 2 km അകലെ പരിത്തിപ്ര എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയുന്നത്. തൃശൂര്‍ പൂരം പോലെ പേരുകേട്ടതാണ് ഉത്രാളിക്കാവ് പൂരം വെടികെട്ടു. തൃശൂര്‍ പൂരം വെടിക്കെട്ട് നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ ഉത്രളികാവ് വെടിക്കെട്ടില്‍ ശബ്ദത്തിനാണ് പ്രാധാന്യം. വടക്കാഞ്ചേരി, എങ്കെക്കാട്‌, കുമാരനലൂര്‍ എന്നി 3 ദേശക്കാര്‍ ചേര്‍ന്നാണ്‌ ഉത്രാളിക്കാവ് പൂരം നടത്തുന്നത്. പൂരത്തിന് വെടിക്കെട്ടിന് പുറമ്മേ പന്ജവാദ്യം, കുടമാറ്റം എന്നിവയും ഉണ്ട്. കുംഭമാസത്തിലാണ്‌ ഉത്രാളിക്കാവ് പൂരം നടത്താറ്. പാടത്തിനു നടുവിലായി റോഡ്‌ നിരപ്പില്‍ നിന്നും താഴെയായിട്ടാണ് ക്ഷേത്രം നിലകൊള്ളുന്നത്.

Photos by Bosekrishna...

2009, ജൂൺ 8, തിങ്കളാഴ്‌ച

വെള്ളപൊക്കം

ഒരു രണ്ടു മൂന്നു ദിവസം നല്ല മഴ പെയ്താല്‍ അടുത്തുള്ള തോട് നിറഞ്ഞു കവിഞ്ഞു ഞങളുടെ വീടിന്‍റെ പടി വരെ വെള്ളം കയറും. ഞങളുടെ പറമ്പ് മണ്ണിട്ട്‌ നല്ലവണ്ണം ഉയര്‍ത്തിയിരുന്നതിനാല്‍ വഴിയില്‍ നിന്ന് വെള്ളം വീട്ടിലോട്ടു കയറാറില്ല. വഴിയിലും അടുത്ത വീടുകളിലും എല്ലാം വെള്ളം കയറും. ചില വീടുകളിലെ കിണറും വെള്ളം മൂടിയിട്ടുണ്ടാകും. ഞങള്‍ക്ക് വീടിന്‍റെ പുറകിലത്തെ വീട്ടു പറമ്പിലൂടെ കടന്നാല്‍ മറുഭാഗത്തെ റോഡിലെത്താം. അതുകൊണ്ട് തന്നെ വെള്ളപൊക്കം ഞങള്‍ക്ക് ഒരു പ്രശ്നമാകാറില്ല. എങ്കിലും വെള്ളപൊക്കം വന്നാല്‍ ഞാന്‍ സ്കൂളില്‍ പോകില്ല. ഉമ്മറത്തിരുന്നു വെള്ളം കയറി വീട് ഒഴിഞ്ഞു പോകുന്നവരോട് കാര്യം അന്ന്വേഷിക്കണ്ടേ. കുറെ പേര്‍ ദുരിധാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടാകും. പാടത്തിനടുത്തുള്ള വീടുകളിലേക്ക് പോകാന്‍ വഞ്ചിയും ഉണ്ടാകും. പ്രായമായവരെ കസ്സേരയില്‍ എടുത്തും കിടപ്പിലയവരെ കട്ടിലോടെ പൊക്കിയും കൊണ്ട് പോകുന്ന കാണാം. പശുക്കള്‍, ആടുകള്‍, കോഴികള്‍ തുടങ്ങി വളര്‍ത്തു മൃഗങ്ങളെയും വെള്ളത്തിലൂടെ എടുത്തോണ്ട് പോകും. അടുത്തുള്ള ബാലവാടിയിലാണ് ആളുകളെ താമസിപ്പിക്കുക. പത്രക്കാരും ചില രാഷ്ട്രീയക്കാരും വരും വെള്ളപൊക്കം നേരിട്ടുകണ്ട് ഖേദം അറിയിക്കാന്‍. തൊട്ടടുത്തുള്ള രണ്ടു മൂന്നു വീട്ടുകാര്‍ ഞങളുടെ വീട്ടിലേക്കു വരും താമസത്തിന്. അടുത്ത വീട്ടുകാരുടെ പശുക്കള്‍ക്ക് വേണ്ടി ഞങളുടെ പറമ്പില്‍ താല്‍ക്കാലിക ഷെഡ്‌ കെട്ടും. വൈകുന്നേരം ആയാല്‍ പാമ്പുകള്‍ കരക്ക്‌ കയറി കിടക്കാന്‍ തുടങ്ങും. രാവില്‍ എണീക്കുമ്പോഴും ചവിട്ടു പടിയിലും മുറ്റത്തും നീര്‍ക്കോലി പാമ്പുകള്‍ ചുരുണ്ടു കിടക്കുന്നത് കാണാം. ഈ ഒരു കാര്യം മാത്രേ എനിക്ക് പിടിക്കാത്തതായി ഉണ്ടായിരുന്നുള്ളു.

എല്ലാരും വെള്ളം വേഗം ഇറങ്ങണേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കും ഞാനൊഴിച്ച്‌. എനിക്ക് വെള്ളപൊക്കം ഓണം, വിഷു പോലെ ഒരു ആഘോഷമായിരുന്നു.'എവിടുന്നൊക്കെ ഒലിച്ചു വന്ന എന്തൊക്കെ അഴുക്കുള്ള വെള്ളമയിരിക്കുംന്നു അറിയോ. വല്ല അസുഖവും വരും' എന്ന ഉറച്ച വിശ്വാസത്തില്‍ നില്‍ക്കുന്ന അമ്മയുടെ കൈയും കാലും പിടിച്ചാണ് വെള്ളത്തില്‍ കളിയ്ക്കാന്‍ അനുവാദം ഒരുവിധത്തില്‍ ഒപ്പിചെടുക്കുക.അതുകഴിഞ്ഞ് ജലദോഷം എങ്ങാനും വന്നാല്‍ പിന്നെ തീര്‍ന്നു കഥ. അടുത്ത വീട്ടിലെ കുട്ടികളുമായി ചേര്‍ന്ന് തോര്‍ത്തുമുണ്ടോണ്ട് മീന്‍ പിടിച്ചു കുപ്പികളിലാക്കും. തുപ്പലം കൊത്തി മീനിനെ മാത്രേ ഞങള്‍ക്ക് കിട്ടാറുള്ളൂ. വലിയ ചേട്ടന്മാര്‍ പാടത്തിനടുത്തു പോയി മീന്‍ പോയി പിടിക്കും. അവര്‍ക്ക് ബ്രാലിനേയും മുശിയെയും ഒക്കെ കിട്ടും. പിന്നെ കടലാസ് വഞ്ചി ഉണ്ടാക്കി കളിക്കും. തിരിച്ചറിയാനായി കൊടിയൊക്കെ വെച്ചാണ്‌ വിടുക. ആരുടെ വഞ്ചി ആണ് അവസാനം മുങുന്നത്, കൂടുതല്‍ ദൂരം പോകുന്നത് എന്നൊക്കെ നോക്കും. ഇപ്പോ ഒരു സംശയം വഞ്ചി ഉണ്ടാക്കണത് എങ്ങനെയാന്ന് മറന്നു പോയൊന്നു. ഇന്നു എന്തായാലും ഒരെണ്ണം ഉണ്ടാക്കി നോക്കണം.

എനിക്ക് വെള്ളപൊക്കം ആഘോഷമായിരുന്നു എങ്കില്‍ അത് അനുഭവിക്കുന്നവര്‍ക്ക് ദുരിതമായിരുന്നു. വെള്ളം ഇറങ്ങിയാല്‍ വീടിനുള്ളില്‍ മൊത്തം തേരട്ടയും പാമ്പും ആയിരിക്കും. വീടിന്‍റെ ചുമരുകളും നിലവും നാശമാകും. എല്ലാം ആദ്യം മുതല്‍ വൃത്തിയാക്കി അടുക്കി പെറുക്കി വരാന്‍ ദിവസങ്ങള്‍ എടുക്കും. വീട്ടിലെ പലചരക്ക് സാധനങ്ങള്‍ മുതല്‍ ഫര്‍ണിച്ചറുകള് വരെ കേടുവന്നിട്ടുണ്ടാകും.വെള്ളപൊക്ക ദുരിതാശ്വാസത്തിന്‍റെ പേരില്‍ അവര്‍ക്ക് ആകെ 2 kg അരി കൊടുക്കും പഞ്ചായത്തീന്നു.

വലിയ വെള്ളപൊക്കം ഒക്കെ വന്നാല്‍ സ്കൂളും 2 ദിവസത്തേക്ക് അവധി നല്‍കും. ഞങളുടെ സ്കൂളില്‍ അവിടെ അടുത്ത പ്രദേശങളില് വെളളം കയറിയ വീടുകളിലെ ആളുകളെ താമസിപ്പിക്കും.അതുകൊണ്ടാണ് ഞങള്‍ക്ക് അവധി തരാറ്. ഇപ്പോ അങ്ങനെ അവധി കൊടുക്കാറുണ്ടോ എന്തോ?നാട്ടില്‍ ചെന്നാലും ഇനി അങ്ങനെയൊരു വെള്ളപൊക്കം കാണാന്‍ കഴിയില്ല. തൃശൂര്‍ ടൌണിലെ പതിനൊന്നാം നിലയിലെ ഫ്ലാറ്റിലിരുന്നാല്‍ എന്ത് മഴ? എന്ത് വെള്ളപൊക്കം? എന്ത് കടലാസ് വഞ്ചി? ബാത്ത് ടബില്‍ വഞ്ചി ഉണ്ടാക്കി കളിക്കണ്ടി വരും.ഇനി എല്ലാം ഓര്‍മ്മകള്‍ മാത്രം.........

2009, ജൂൺ 1, തിങ്കളാഴ്‌ച

നിധി

കഴിഞ്ഞ ദിവസം രാപ്പകല്‍ എന്ന സിനിമയില്‍ ജനാര്‍ദ്ദനന്‍ കുട്ടികളെയും കൂട്ടി നിധി അന്വേഷിച്ചു നടക്കുന്ന സീന്‍ കണ്ടപ്പോഴാണ് കുട്ടിക്കാലത്ത് നിധിയെ കുറിച്ച് അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുള്ള കഥകള്‍ ഓര്‍ത്തത്‌.

അമ്മയുടെ വീടിന്‍റെ 4 വീട് അപ്പുറം ഒരു വീട്ടില്‍ നിധി കിട്ടിയിട്ടുണ്ടത്രേ. ഒരു വലിയ പാത്രം നിറച്ചും സ്വര്‍ണ്ണ നാണയങ്ങള്‍. കഥ ഇങ്ങനെയാണ്..... ആ വീട്ടിലെ അച്ഛനും 2 ആണ്‍മക്കളും ചേര്‍ന്ന് ഒരു തെങ്ങ് മുറിച്ചതിന്‍റെ കട കിളചെടുക്കുകയായിരുന്നു, അമ്മ വേലിയരുകില്‍ നിന്ന് അടുത്ത വീട്ടിലെ ചേച്ചിയോട് വര്‍ത്തമാനം പറയുന്നു. പെട്ടന്ന് കൈക്കോട്ടു എന്തോ പാത്രത്തില്‍ കൊണ്ട 'ണ്യാവ്' ശബ്ദം കേട്ട് വര്‍ത്തമാനം നിര്‍ത്തി എല്ലാരും അവിടേക്ക് ചെന്നു. അപ്പോ അച്ഛന്‍ പറഞ്ഞുത്രേ അത് 2 കൈകോട്ടുകള്‍ കൂട്ടി മുട്ടിയതാണെന്നു. പക്ഷെ അന്ന് രാത്രി അവര്‍ അച്ഛനും അമ്മയും മക്കളും ചേര്‍ന്ന് ഒരു വലിയ പാത്രം തെങ്ങിന്‍ കുഴിയില്‍ നിന്ന് അകത്തേക്ക് എടുത്തുകൊണ്ടു പോകുന്നത് അയല്‍വീട്ടുക്കാര്‍ കണ്ടെന്നും പിറ്റേ ദിവസം ആ പാത്രത്തില്‍ നിന്ന് കിട്ടിയ സ്വര്‍ണ്ണത്തെ ചൊല്ലി അച്ഛനും മക്കളും തമ്മില്‍ അടികൂടുന്നതു കേട്ടെന്നും പറയപെടുന്നു. കുറച്ചു കാലത്തേക്ക് അവര്‍ ധനികരായെങ്കിലും ഒരു മകന്‍ മാനസികരോഗിയായി, ഒരു മകള്‍ അത്മഹത്യ ചെയ്തു അങ്ങനെ ഒത്തിരി പ്രശ്നങ്ങള്‍ ആ വീട്ടില്‍ സംഭവിച്ചു. ഒരിക്കല്‍ ഒരു കാക്കാത്തി ആ വീട്ടിലെ അമ്മയുടെ കൈനോക്കി "പൂര്‍വികരുടെ സ്വത്തെടുത്ത് അവരുടെ അനുവാദം ഇല്ലാതെ അനുഭവിച്ചു അതിന്‍റെ ദോഷങ്ങളാണ് ഇപ്പോ അനുഭവിക്കുന്നത്" എന്ന് പറഞ്ഞപ്പോള്‍ അവര്‍ ഒന്നും മിണ്ടാതെ കരഞ്ഞതിനു എന്‍റെ അമ്മൂമ്മയും സാക്ഷിയാണത്രേ. നിധി കിട്ടിയാല്‍ പൂജാമുറിയില്‍ വെച്ച് എന്നും വിളക്ക് കത്തിച്ചാല്‍ ഐശ്വര്യം വരും അല്ലെങ്കില്‍ അടുത്തുള്ള അമ്പലത്തില്‍ കൊടുത്താലും മതി അല്ലാതെ എടുത്തു ഉപയോഗിക്കാന്‍ പാടില്ലാത്രേ.

പിന്നെ വേറെ ഒരു വീട്ടിലെ കൊക്കര്‍ണിയില്‍ (കുളം) ഇപ്പോഴും നിധി ഉണ്ട് എന്നാണ് അടുത്ത കഥ. ആളനക്കം ഇല്ലാത്ത സമയത്ത് ഉച്ചസമയത്തും, രാത്രിക്കാലങളിലും ഒരു പാത്രം കൊക്കര്‍ണിയില്‍ നിന്ന് പൊങ്ങിവരുന്ന "കില്‍ കില്‍..." ശബ്ദം കേള്‍ക്കും. ആരെങ്കിലും അടുത്ത് ചെന്നാല്‍ ഒന്നും കാണാന്‍ പറ്റില്ല എന്തോ വെള്ളത്തിലേക്ക്‌ താഴ്ന്നു പോകുന്ന ശബ്ദം മാത്രം കേള്‍ക്കാം.ഒരു വലിയ പാത്രം നിറച്ചു സ്വര്‍ണമാണ് അത്. ഏതോ ഭൂതങ്ങളാണ് ആ നിധി സൂക്ഷിക്കുന്നത് അതിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് മാത്രേ അത് കാണാനും എടുക്കാനും പറ്റു. കൊക്കര്‍ണി ഉള്ള വീട്ടുകാര്‍ പ്രശ്നം വെച്ച് നോക്കിച്ചപ്പോള്‍ അറിഞ്ഞതാണ് ഇതൊക്കെ എന്നാ പറഞ്ഞു കേള്‍ക്കുന്നത്.ആരാണാവോ അതിന്‍റെ യഥാര്‍ത്ഥ അവകാശി?

വേറെ ഒരു വീട്ടുകാര്‍ക്ക് സ്വര്‍ണത്തിന്‍റെ ഒരു പഴകുലയാണ് കിട്ടിയത്. അവര്‍ അത് പൂജാമുറിയില്‍ വെച്ചു. എന്നിട്ടും ദോഷങ്ങള്‍ വിട്ടുമാറാതെ വന്നപ്പോള്‍ പ്രശ്നം വെച്ചു നോക്കിച്ചു. അത് താണികുടം ക്ഷേത്രത്തിലെ ദേവിക്ക് അവകാശപെട്ടതാണെന്നും അതുകൊണ്ട് അത് താണികുടം ക്ഷേത്രത്തിലേക്ക് കൊടുക്കണം എന്നും പ്രശ്നം വെച്ച തിരുമേനി പറഞ്ഞു. പക്ഷെ ആ വീട്ടുകാര്‍ക്ക് കിട്ടിയ നിധി കൈവിട്ടുകളയാന്‍ താല്പര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ തിരുമേനി പറഞ്ഞത് അനുസരിച്ചില്ല. ഇപ്പോഴും താണികുടത്തെ പറ വരുമ്പോള്‍ വെളിച്ചപാട് അവരുടെ വീടിനുള്ളിലേക്ക് കയറി പൂജാമുറിയുടെ മുന്‍പില്‍ ചെന്ന് 'എനിക്ക് അവകാശപെട്ടത് തിരിച്ചുതരാറായില്ലേ' എന്ന് ചോദിക്കും എന്നും കേള്‍ക്കുന്നു.

ഇതൊക്കെ കേട്ടിട്ട് ഞാന്‍ പണ്ട് അമ്മൂമ്മയോട് ചോദിച്ചിട്ടുണ്ട് നമുക്ക് നമ്മുടെ പറമ്പിലുള്ള തെങ്ങും, മാവും, പ്ലാവും ഒക്കെ മുറിച്ചു നോക്കിയാലോന്നു? വല്ല നിധിയും കിട്ടുമോന്നു?

നിധി ഭൂതങ്ങള്‍ തരുന്നതൊന്നുമല്ല. പണ്ട് ടിപ്പുവിന്‍റെ പടയോട്ട കാലത്ത് ജനങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പല സ്ഥലങ്ങളിലേക്കു പലായനം ചെയ്തു. പോകുന്നതിനു മുന്‍പ് തങ്ങളുടെ കൈയ്യിലുണ്ടായിരുന്ന പൊന്നും പണവുമെല്ലാം പാത്രങ്ങളിലാക്കി കുഴിച്ചിട്ടു, യുദ്ധം അവസാനിച്ചാല്‍ തിരിച്ചുവരാം എന്ന പ്രതീക്ഷയില്‍. അങ്ങനെ പോയവര്‍ ചിലര്‍ യുദ്ധത്തില്‍ കൊല്ലപെട്ടു, ചിലര്‍ക്ക് തിരിച്ചുവരാന്‍ സാധിച്ചില്ല. അന്ന് അവര്‍ കുഴിച്ചിട്ട പണവും പൊന്നും വര്‍ഷങ്ങള്‍ക്കു ശേഷം പലര്‍ക്കും കിട്ടി. അതിനെയാണ് നിധി എന്ന് പറയുന്നത് എന്നും ഒരു വാദമുണ്ട്. ഇതില്‍ കൊറേയൊക്കെ വാസ്തവമുണ്ടെന്നാണ് എനിക്കും തോന്നുന്നത്.