2009, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

പൂക്കളവും ത്രിക്കാക്കരയപ്പനും.

കുട്ടിക്കാലത്തെ ഓണം എന്തു രസമായിരുന്നുല്ലെ...
അത്തത്തിനു നാലു ദിവസം മുന്‍പെ പൂക്കളം ഇടാനുള്ള തറ ഒരുക്കി തുടങും. വട്ടത്തിലും ചതുരത്തിലും നിലനിലയായിട്ടും ഉള്ള പൂ തറകളായിരുന്നു ആദ്യമൊക്കെ ഉണ്ടാക്കാറ്. പൂക്കളത്തിന്റെ വലുപ്പവും ഡിസൈനും മാറ്റി പരീക്ഷിക്കാന്‍ തറ ഒരു തടസമാണെന്നു തിരിച്ചറിഞപ്പോള്‍ നിലം മിനുക്കി പൂക്കളം ഇടാന്‍ തുടങി. മുറ്റം നന്നായി വ്രിത്തിയാക്കി നിരപ്പാക്കി പാടത്തു നിന്നു കളിമണ്ണ് കൊണ്ടു വന്നു മെഴുകിയിടും ആദ്യം. പിന്നെ അതു നന്നായി ഉണങി 2 ദിവസം കഴിഞാല്‍ വീണ്ടും ഒന്നുകൂടി മെഴുകും. അത്തത്തിന്റെ തലെന്നു വൈകുന്നെരം ചാണകം മെഴുകി അവസാന മിനുക്കുപണി നടത്തിയിടും. പിന്നെ എന്നും രാവിലെ ചാണകം മെഴുകി പൂക്കളം ഇടുകയേ വേണ്ടു.

അത്തത്തിന്റെ തലേന്നു എല്ലാവരും പൂ പറിക്കുന്ന ആവേശത്തിലായിരിക്കും. ഓണപരീക്ഷയുടെ ചൂടൊന്നും ആ ഉത്സാഹത്തിനു മങ്ങലേല്‍പ്പിക്കാറില്ല. ഞാനും അടുത്ത 2 വീട്ടിലെ കുട്ടികളും ചെരുന്ന 6 അംഗ സംഘം ഒരുമിച്ചായിരുന്നു 3 വീടുകളിലെയും മുറ്റം ഒരുക്കുന്നതും, പൂക്കള്‍ പറിക്കുന്നതും, കളം ഇടുന്നതും. സ്ക്കൂള്‍ വിട്ടു വന്നു കാപ്പി കുടിചു എന്നു വരുത്തി ഞങള്‍ പിറ്റേന്നക്കുള്ള പൂക്കള്‍ പറിക്കാന്‍ ഇറങും. ആണ്‍കുട്ടികള്‍ സ്ക്കൂളിന്റെ അവിടുന്നെ പൂക്കള്‍ പറിക്കാന്‍ തുടങും. എന്തെല്ലാം പൂക്കളായിരുന്നു അന്നൊക്കെ. ചെബരത്തി തന്നെ എത്ര നിറങ്ങളായിരുന്നു. ചുവപ്പ്, വെള്ള, വൈലറ്റ്, റോസ്, ഓറഞ്ജു.... പിന്നെ കാശി തുബ, മാങ്ങനാറി, ചെണ്ടു മല്ലി, വാടാര്‍ മല്ലി, സീനിയ, പൂചെടി പൂക്കള്‍... അങ്ങനെ എത്ര പൂക്കള്‍. പൂക്കള്‍ക്കു പുറമെ പാടത്തു ഒരു കതിരു ഉണ്ടകും - എത്ര ദിവസമിരുന്നാലും വാടാത്ത പച്ച നിറത്തിലുള്ള കതിര് - അതും പറിക്കും. പച്ചനിറത്തിനു പിന്നെ ഉപയോഗിച്ചിരുന്നതു ശതാവരിയുടെ ഇലകളായിരുന്നു. ബ്രൊവ്ണ്‍ നിറത്തിനു വേണ്ടി തേക്കിന്റെ തളിരില പറിച്ചു ചതച്ചെടുക്കും. ചെബരത്തി മുട്ടു വാഴ ഇലയില്‍ നിരത്തി വെള്ളം തള്ളിച്ച് ഉമ്മറത്ത് വെക്കും പിറ്റേന്ന് രാവിലെക്കു വിടരാന്‍ വേണ്ടി. തുബപൂവും മുക്കുറ്റിയും കാണാന്‍ രസമാണെങ്കിലും പൂക്കളത്തില്‍ ഇട്ടാല്‍ പെട്ടന്നു വാടി പോകും എന്നുള്ളതു കൊണ്ടു അവ പേരിനു മാത്രേ ഞങ്ങള്‍ ഇടാറുള്ളൂ.

ഓണത്തിനു രണ്ടോ മൂന്നോ ദിവസം മുന്‍പല്ലേ സ്ക്കൂള്‍ അടക്കുക. അതു കഴിഞ്ഞാല്‍ പിന്നെ ത്രിക്കാക്കരയപ്പനെ ഉണ്ടാക്കുന്ന തിരക്കാകും. പാടത്തുന്ന് കളിമണ്ണ് കൊണ്ട് വന്നു കുഴച്ചു നിലത്തു അടിച്ചു ആക്രിതി വരുത്തുന്നതു ആണ്‍കുട്ടികളുടെ കുത്തകയായിരുന്നു. അതിനു നിറം വരുത്താന്‍ ഇഷ്ടിക പൊടിച്ചു വെള്ളത്തില്‍ കലക്കി തേക്കല്‍ ഞങ്ങള്‍ പെണ്‍കുട്ടികളും. ഉത്രാടത്തിന്റെ അന്നു രാത്രി ഒരു 7 മണിയോടു കൂടി ത്രിക്കാക്കരയപ്പനെ വെക്കും. അതു വീട്ടിലെ മുതിര്‍ന്ന ആളാണു ചെയ്യാ. അല്ലെങ്കില്‍ ആണ്‍കുട്ടികള്‍. 5 ത്രിക്കാക്കരയപ്പന്‍ ആണു സാധാരണ ഉണ്ണ്ടാകുക.നടുവില്‍ ഒരെണം വലുതു അതിനെക്കാള്‍ ചെറുതു 2 എണ്ണം ഇരുഭാഗത്തും അതാണു പൂക്കളം ഇടുന്ന തറയില്‍ വെക്കുക. പിന്നെ ഒരു ചെറുതു കിണറിന്റെ കരയിലും മറ്റൊന്നു ഗേറ്റിനടുത്തും ആണു വെക്കുക. നാക്കിലയില്‍ ത്രിക്കാക്കരയപ്പനെ വെച്ചു അരിമാവ് അണിയിച്ച് ക്രിഷ്ണ കിരീട പൂ, രാജമല്ലി പൂ പിന്നെ ചെബരത്തി പൂവും ചെണ്ടു മല്ലി പൂവും ഈര്‍ക്കിളില്‍ കോര്‍ത്തതും കുത്തി അലങ്കരിക്കും. പിന്നെ നളികേരവും ശര്‍ക്കരയും പഴവും വെച്ചുള്ള അടയുണ്ടാക്കും ത്രിക്കാക്കരയപ്പന് നേദിക്കാന്‍. ഞങ്ങള്‍ കുട്ടികള്‍ക്കും‍ കിട്ടും അതില്‍ ഒരു പങ്ക്. പൂജിച്ച ത്രിക്കാക്കരയപ്പനെ ആര്‍പ്പു വിളികളോടെ അതാതു സ്ഥാനത്തു വെക്കും. 5 ഓണം വരെ എന്നും രാവിലെയും വൈകീട്ടും വിളക്കു കൊളുത്തി പൂജിക്കണം. ഞങ്ങളുടെ വീട്ടില്‍ ത്രിക്കാക്കരയപ്പനെ വെക്കാറില്ല. അതുകൊണ്ടു എന്റെ ഉത്രാടം അടുത്ത വീടുകളിലായിരുന്നു.

കോളേജിലായപ്പോള്‍ പൂക്കള മത്സരത്തിനു മാത്രമായി പൂക്കളം ഇടല്‍. ഇവിടെ വന്നിട്ടും 2 വര്‍ഷം ഓഫീസില്‍ ഓണം പൂക്കളമൊക്കെ ഇട്ടു ആഘോഷിച്ചു. പൂക്കളത്തിലെ പച്ച നിറത്തിനു നാട്ടിലെ പൊലെ പാടത്തെ കതിരു കിട്ടില്ലല്ലോ പകരം ഞങള്‍ ദുബായ് മുന്‍സിപാലിറ്റിയിലെ പുല്ലു ചെത്തുന്നവരെ മണിയടിച്ചു വഴിയരികില്‍ ചെത്തി ഇട്ടിരുന്ന പുല്ലു വാരികൊണ്ടു പോയി പൂക്കളമിട്ടതു ഇന്നും ഓര്‍മ്മയുണ്ട്.

ആ പൂക്കളം ഇതാ...

2 അഭിപ്രായങ്ങൾ:

കണ്ണനുണ്ണി പറഞ്ഞു...

ഇപ്പൊ മലസരത്തിന് മാത്രം ആയി പൂക്കളവും മാവേലിയും ചുരുങ്ങി തുടങ്ങി

Sureshkumar Punjhayil പറഞ്ഞു...

Happy Onam...!