2009, ഫെബ്രുവരി 21, ശനിയാഴ്‌ച

മറന്നിട്ടും എന്തിനോ നാവില്‍ ഊറുന്നു....

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ചില രുചികള്‍ ( അത് ഒരു  മിഠായിയുടേതാണെങ്കില്‍ പോലും) ഇന്നും നമ്മുടെ നാവിന്‍ തുമ്പില്‍ ഉണ്ടാകും. എന്‍റെ ഓര്‍മയിലുമുണ്ട് അത്തരം ചില രുചികള്‍.

ഞങളുടെ ഗ്രാമത്തിലൊരു ബാലവാടി ഉണ്ടായിരിന്നു. ഒരുവിധം എല്ലാ വീടുകളിലെ കുട്ടികളെയും അവിടേക്ക് വിടുമായിരുന്നു. അടുത്തുള്ള കോളനിയിലെ കുട്ടികളൊക്കെ അവിടെ പഠിക്കാന്‍ വരുമായിരുന്നു. അവര്‍ വന്നിരുന്നത് ഉപ്പുമാവും, ചോറും കിട്ടുന്നത് കൊണ്ടായിരുന്നു. രാവിലെ പോകുന്ന കുട്ടികള്‍ക്ക് 12 മണിക്ക് ചോറും, ചെറുപയര്‍ ഉപ്പിട്ട് പുഴുങ്ങിയതും കിട്ടുമായിരുന്നു. ഉച്ചക്ക് ശേഷം പോകുന്നവര്‍ക്ക് 3 മണിക്ക് ഉപ്പുമാവയിരുന്നു കൊടുത്തിരുന്നത്. ആദ്യമൊന്നും എന്നെ അവിടെ വിട്ടിരുന്നില്ല. പിന്നെ അവിടുത്തെ ടീച്ചര്‍ വീട്ടില്‍ വന്നു നിര്‍ബന്ധിച്ചപ്പോള്‍ എന്നേം അവിടെ വിടാന്‍ തുടങ്ങി. അവിടെ വരുന്ന ചില വികൃതി കുട്ടികള്‍ എന്നെ പിച്ചുകയും മാന്തുകയും ഒക്കെ ചെയ്യുമായിരുന്നു അതുകൊണ്ട് എനിക്കവിടെ പോകാന്‍ തീരേ ഇഷ്ടമില്ലായിരുന്നു. എങ്കിലും അമ്മ എന്നെ ഉന്തി തള്ളി കൊണ്ടുചെന്നാക്കും. എന്നെ രാവിലത്തെ നേരമാണ് ബാലവാടിയില്‍ വിട്ടിരുന്നത്. രാവിലെ അമ്മ കൊണ്ടുവിടും, പതിന്നോന്നെമുക്കാലായാല്‍ തിരിച്ചു വിളിച്ചോണ്ട് പോവുകയും ചെയ്യും. അവിടുന്ന് ഭക്ഷണം കഴിക്കാന്‍ എനിക്ക് അനുവാദം ഇല്ലായിരുന്നു. ഒരു ദിവസം എന്തോ കാരണം കൊണ്ടു അമ്മ കൂട്ടിക്കൊണ്ടുപോകാന്‍ വരാന്‍ വൈകി. അന്ന് ആദ്യമായി ഞാന്‍ അവിടുന്ന് ചോറും ഉപ്പിട്ട് പുഴുങ്ങിയ ചെറുപയറും കഴിച്ചു. ഓ എന്ത് രുചിയായിരുന്നു... അന്ന് വരെ ചെറുപയര്‍ കണ്ടാല്‍ മുഖം തിരിച്ചിരുന്നിരുന്ന ഞാന്‍ 2 ദിവസത്തിനുശേഷം ആഹാരം കണ്ടതുപോലെ വാരിവലിച്ചു കഴിക്കുന്ന രംഗം കണ്ടുകൊണ്ടാണ്‌ അമ്മ അവിടേക്ക് കേറി വന്നത്. അന്ന് മുതല്‍ എനിക്ക് വലിയ ഉത്സാഹമായിരുന്നു ബാലവാടിയില്‍ പോകാന്‍. പക്ഷെ പിന്നീട് ഒരിക്കല്‍പ്പോലും അവിടുന്ന് ഭക്ഷണം കഴിക്കാന്‍ അമ്മ അനുവദിച്ചിട്ടില്ല. ഒരിക്കലേ കഴിച്ചുള്ളൂ എങ്കില്‍പോലും ഉപ്പിട്ട് പുഴിങ്ങിയ ചെറുപയറിന്‍റെയും ചോറിന്‍റെയും സ്വാദു ഇന്നും എന്‍റെ നാവിന്‍തുമ്പില്‍ ഉണ്ടു. ഇനി ഒരു സത്യം പറയട്ടെ, അന്നും ഇന്നും ചെറുപയര്‍ എനികിഷ്ടമല്ല അന്ന് ബാലവാടിയില്‍ നിന്നു കഴിച്ചതല്ലാതെ..

പിന്നെ ഐസ് ഫ്രൂട്ട്, കോട്ടണ്‍ കാന്‍ന്ടി എന്ന് പുതു തലമുറ വിളിക്കുന്ന പഞ്ഞി മിഠായി, ഇവ രണ്ടുംമാണ് അമ്മയുടെ കണ്ണുവെട്ടിച്ചു ഞാന്‍ വാങ്ങി കഴിച്ചിട്ടുള്ളത്‌. ഐസ് ഫ്രൂട്ട് കനാലിലെ വെള്ളം കൊണ്ടാണ് ഉണ്ടാക്കുന്നത്, പഞ്ഞി മിഠായി കേടുവന്ന കിടക്കയില്‍ നിന്നെടുക്കുന്ന പഞ്ഞി പഞ്ചസാരയും ചേര്‍ത്താണ് ഉണ്ടാക്കുന്നത് എന്നൊക്കെയായിരുന്നു എന്നെ പിന്തിരിപ്പിക്കാനായി അമ്മ പറഞ്ഞിരുന്നത്. പക്ഷെ ഞാന്‍ അതൊന്നും വക വെച്ചില്ല. ചെറിയമ്മയായിരുന്നു എന്‍റെ കൂട്ട് പ്രതി.

എനിക്കന്നു നാലോ അഞ്ചോ വയസ്സ് കാണും, അന്നൊക്കെ ഉച്ച സമയങ്ങളില്‍ ഒരു അപ്പൂപ്പന്‍ രണ്ടു കൈയ്യിലും വലിയ തൂക്കു പാത്രത്തില്‍ ഐസ് ഫ്രൂട്ട് കൊണ്ടുവരുമായിരുന്നു. ഒരു മണി കിലുക്കി കൊണ്ടായിരിക്കും വരുക. ചുവപ്പ്, മഞ്ഞ, വെള്ള, ഓറഞ്ച് നിറങ്ങളിലുള്ളതും സേമിയ, പഴം, മാബഴം എന്നിവ ഇടക്ക് വെച്ചിട്ടുള്ള ഐസ് ഫ്രൂട്ടുകളും. കൂടാതെ സിപ്-അപ് എന്ന് വിളിക്കുന്ന പ്ലാസ്റ്റിക് കവറില്‍ നിറച്ച പല നിറത്തിലുള്ള ജ്യൂസും (മധുരമുള്ള വെള്ളം എന്ന് വിളിക്കുന്നതായിരിക്കും കൂടുതല്‍ ശെരി). മണിയടി ശബ്ദം ദൂരത്ത്‌ നിന്നു കേള്‍ക്കുമ്പോഴേക്കും വീട് മുഴുവന്‍ അരിച്ചു പെറുക്കി എങ്ങനെയെങ്കിലും 25 പൈസ സങ്കടിപ്പിച്ചു ഞാനും ചെറിയമ്മയും പറമ്പിന്‍റെ അറ്റത്ത്‌ ചെന്നു നില്‍ക്കും. അവിടെ ഒരു വലിയ മാവു ഉണ്ടായിരുന്നു. അതിന്‍റെ മറവില്‍ ഇരുന്നായിരുന്നു ഞങള്‍ ഇത്തരത്തിലുള്ള കള്ളത്തരങ്ങള്‍ ഒപ്പിക്കാറ്. സാദാ ഐസ് ഫ്രൂട്ട് 10 പൈസയും സേമിയ, പഴം തുടങ്ങിയ സ്പെഷ്യല്‍നു 15 പൈസയും ആയിരുന്നു അന്ന്. സാദാ ഐസ് ചെറിയമ്മക്കും സ്പെഷ്യല്‍ എനിക്കും അതായിരുന്നു പതിവു. അതുപോലെ തന്നെ പഞ്ഞി മിഠായിയും ഒരു ഉന്ത് വണ്ടിയില്‍ വലിയ ഭരണിയില്‍ മണിയടിച്ചുകൊണ്ടാണ് വരാറ്.

സായ്‌വിന്‍റെ കടയില്‍ നിന്ന് കിട്ടുന്ന നാരങ്ങ മിഠായി, പുളി മിഠായി ( ഇപ്പോ ഫ്ലൈറ്റുകളില്‍ കിട്ടുന്ന പുളി മിഠായി അല്ലാട്ടോ. ഇത് ഏതോ ഒരു കായ്യയോ പഴമോ ആണ്. രുദ്രാക്ഷം പോലുള്ള ഒരു കുരു ഉണ്ടായിരിക്കും.), പിന്നെ ആനചവിട്ടി എന്ന് ഞങള്‍ വിളിക്കുന്ന കടിച്ചാല്‍ പൊട്ടാത്ത ഒരു മിഠായി, ചെറിയ പ്ലാസ്റ്റിക് പാക്കറ്റില്‍ കിട്ടുന്ന അച്ചാറുകള്‍, ഉപ്പിലിട്ടത്‌... ഇവയെല്ലാം എനിക്ക് പ്രിയപ്പെട്ടതായിരുന്നു.

ഞങളുടെ ഗ്രാമത്തില്‍ 3 ചായകടകള്‍ ഉണ്ടായിരുന്നു. വേലുമാന്‍റെ ചായകട, കൊച്ചക്കന്‍റെ ചായകട പിന്നെ മാടംബീടെ കട. വേലുമാന്‍റെ കടയിലെ പഴ ഉണ്ട ( ഗോതമ്പും പൊടിയും പഴവും ചേര്‍ത്തുണ്ടാക്കുന്ന ഒരു തരം പലഹാരം), കൊച്ചക്കന്‍റെ കടയിലെ പരിപ്പുവടയും പഴം പൊരിയും, മാടംബീടെ കടയിലെ പൊറോട്ടയും ബീഫ് കറിയും..... ഇവയൊന്നും ഒരിക്കലെങ്കിലും കഴിച്ചിട്ടില്ലാത്ത ആരും ഞങളുടെ ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. വൈകീട്ടു അടുത്ത വീട്ടിലെ അമ്മാവന്‍ ചായ കുടിക്കാന്‍ പോകുന്നത് കാത്തിരിക്കും ഞാന്‍. അമ്മ ആ അമ്മാവനെ കൊണ്ടാണ് പഴ ഉണ്ടയോ പരിപ്പുവടയോ പഴം പൊരിയോ മേടിപ്പിക്കാറ്. പിന്നെ വൈകുന്നേരം 6 മണിക്ക് പോയാല്ലേ പൊറോട്ടയും ബീഫ് കറിയും കിട്ടു. അതിനും അടുത്ത വീട്ടിലെ അമ്മാവന്‍ തന്നെ ശരണം. ആ സമയത്ത് പോയില്ലെങ്കില്‍ പിന്നെ പണിവെച്ചു വരുന്നവരുടെ തിരക്കാകും. 7 മണി ആവുമ്പോഴേക്കും പൊറോട്ടയുടെയും കറിയുടെയും പോടിപ്പോലും കാണില്ല. ഉപ്പും മഞ്ഞള്‍പൊടിയും മുളകുപൊടിയും മാത്രം ചേര്‍ത്തുണ്ടാക്കുന്ന ആ ബീഫ് കറിക്ക് ഇന്നത്തെ 5 സ്‌റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് ലഭിക്കുന്ന കറികളെക്കാളും സ്വദുണ്ടായിരുന്നു.

ഈ ചായകടകള്‍ ഇപ്പോഴും ഉണ്ടോ എന്നെനികറിയില്ല. അടുത്ത അവധിക്കു നാട്ടില്‍ പോകുമ്പോള്‍ സമയം അനുവധിക്കുകയാണെങ്കില്‍ ഒരിക്കല്‍ കൂടി ആ രുചികളൊക്കെ ആസ്വദിക്കണമെന്നുണ്ട്.

4 അഭിപ്രായങ്ങൾ:

ഫസല്‍ ബിനാലി.. പറഞ്ഞു...

ഓര്‍മ്മകളുടെ കുളിരുള്ളൊരു ചാറ്റല്‍മഴ..
ആശംസകള്‍.

പാച്ചു പറഞ്ഞു...

പല സാധനങ്ങള്‍ എല്ലാം കൂടെ ഒരെണ്ണത്തില്‍ പറഞ്ഞതിനു പകരം, പല പോസ്റ്റ്സ് ആക്കാമായിരുന്നു .. കുറച്ചൂടെ ഡീറ്റൈല്‍ ആയിട്ട് കേള്‍ക്കാ‍മായിരുന്നു അങ്ങനെയെങ്കില്‍ ..

gokulchan പറഞ്ഞു...

vayichu theethappo vishappu koodi

Patchikutty പറഞ്ഞു...

ഒത്തിരി ഒത്തിരി പിറകിലെക്കെന്റെ ഓര്‍മകളെ കൊണ്ടുപോയി. നന്ദി ആണോ പറയേണ്ടേ അറിയില്ല ... വല്ലാത്ത മനപ്രയാസ്സം... ഒക്കെയും കൈവിട്ടു...ഇനി ഒട്ടു തിരികെ ചെന്നാലും ആ നൈര്‍മല്യം ഒന്നും ഇന്നില്ല എന്നോര്‍ക്കുമ്പോ വീണ്ടും വിഷമം അല്ലാതെ എന്താ?