ഒരു രണ്ടു മൂന്നു ദിവസം നല്ല മഴ പെയ്താല്‍ അടുത്തുള്ള തോട് നിറഞ്ഞു കവിഞ്ഞു ഞങളുടെ വീടിന്‍റെ പടി വരെ വെള്ളം കയറും. ഞങളുടെ പറമ്പ് മണ്ണിട്ട് നല്ലവണ്ണം ഉയര്‍ത്തിയിരുന്നതിനാല്‍ വഴിയില്‍ നിന്ന് വെള്ളം വീട്ടിലോട്ടു കയറാറില്ല. വഴിയിലും അടുത്ത വീടുകളിലും എല്ലാം വെള്ളം കയറും. ചില വീടുകളിലെ കിണറും വെള്ളം മൂടിയിട്ടുണ്ടാകും. ഞങള്‍ക്ക് വീടിന്‍റെ പുറകിലത്തെ വീട്ടു പറമ്പിലൂടെ കടന്നാല്‍ മറുഭാഗത്തെ റോഡിലെത്താം. അതുകൊണ്ട് തന്നെ വെള്ളപൊക്കം ഞങള്‍ക്ക് ഒരു പ്രശ്നമാകാറില്ല. എങ്കിലും വെള്ളപൊക്കം വന്നാല്‍ ഞാന്‍ സ്കൂളില്‍ പോകില്ല. ഉമ്മറത്തിരുന്നു വെള്ളം കയറി വീട് ഒഴിഞ്ഞു പോകുന്നവരോട് കാര്യം അന്ന്വേഷിക്കണ്ടേ. കുറെ പേര്‍ ദുരിധാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടാകും. പാടത്തിനടുത്തുള്ള വീടുകളിലേക്ക് പോകാന്‍ വഞ്ചിയും ഉണ്ടാകും. പ്രായമായവരെ കസ്സേരയില്‍ എടുത്തും കിടപ്പിലയവരെ കട്ടിലോടെ പൊക്കിയും കൊണ്ട് പോകുന്ന കാണാം. പശുക്കള്‍, ആടുകള്‍, കോഴികള്‍ തുടങ്ങി വളര്‍ത്തു മൃഗങ്ങളെയും വെള്ളത്തിലൂടെ എടുത്തോണ്ട് പോകും. അടുത്തുള്ള ബാലവാടിയിലാണ് ആളുകളെ താമസിപ്പിക്കുക. പത്രക്കാരും ചില രാഷ്ട്രീയക്കാരും വരും വെള്ളപൊക്കം നേരിട്ടുകണ്ട് ഖേദം അറിയിക്കാന്‍. തൊട്ടടുത്തുള്ള രണ്ടു മൂന്നു വീട്ടുകാര്‍ ഞങളുടെ വീട്ടിലേക്കു വരും താമസത്തിന്. അടുത്ത വീട്ടുകാരുടെ പശുക്കള്‍ക്ക് വേണ്ടി ഞങളുടെ പറമ്പില്‍ താല്‍ക്കാലിക ഷെഡ് കെട്ടും. വൈകുന്നേരം ആയാല്‍ പാമ്പുകള്‍ കരക്ക് കയറി കിടക്കാന്‍ തുടങ്ങും. രാവില്‍ എണീക്കുമ്പോഴും ചവിട്ടു പടിയിലും മുറ്റത്തും നീര്‍ക്കോലി പാമ്പുകള്‍ ചുരുണ്ടു കിടക്കുന്നത് കാണാം. ഈ ഒരു കാര്യം മാത്രേ എനിക്ക് പിടിക്കാത്തതായി ഉണ്ടായിരുന്നുള്ളു.
എല്ലാരും വെള്ളം വേഗം ഇറങ്ങണേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കും ഞാനൊഴിച്ച്. എനിക്ക് വെള്ളപൊക്കം ഓണം, വിഷു പോലെ ഒരു ആഘോഷമായിരുന്നു.'എവിടുന്നൊക്കെ ഒലിച്ചു വന്ന എന്തൊക്കെ അഴുക്കുള്ള വെള്ളമയിരിക്കുംന്നു അറിയോ. വല്ല അസുഖവും വരും' എന്ന ഉറച്ച വിശ്വാസത്തില്‍ നില്‍ക്കുന്ന അമ്മയുടെ കൈയും കാലും പിടിച്ചാണ് വെള്ളത്തില്‍ കളിയ്ക്കാന്‍ അനുവാദം ഒരുവിധത്തില്‍ ഒപ്പിചെടുക്കുക.അതുകഴിഞ്ഞ് ജലദോഷം എങ്ങാനും വന്നാല്‍ പിന്നെ തീര്‍ന്നു കഥ. അടുത്ത വീട്ടിലെ കുട്ടികളുമായി ചേര്‍ന്ന് തോര്‍ത്തുമുണ്ടോണ്ട് മീന്‍ പിടിച്ചു കുപ്പികളിലാക്കും. തുപ്പലം കൊത്തി മീനിനെ മാത്രേ ഞങള്‍ക്ക് കിട്ടാറുള്ളൂ. വലിയ ചേട്ടന്മാര്‍ പാടത്തിനടുത്തു പോയി മീന്‍ പോയി പിടിക്കും. അവര്‍ക്ക് ബ്രാലിനേയും മുശിയെയും ഒക്കെ കിട്ടും. പിന്നെ കടലാസ് വഞ്ചി ഉണ്ടാക്കി കളിക്കും. തിരിച്ചറിയാനായി കൊടിയൊക്കെ വെച്ചാണ് വിടുക. ആരുടെ വഞ്ചി ആണ് അവസാനം മുങുന്നത്, കൂടുതല്‍ ദൂരം പോകുന്നത് എന്നൊക്കെ നോക്കും. ഇപ്പോ ഒരു സംശയം വഞ്ചി ഉണ്ടാക്കണത് എങ്ങനെയാന്ന് മറന്നു പോയൊന്നു. ഇന്നു എന്തായാലും ഒരെണ്ണം ഉണ്ടാക്കി നോക്കണം.
എനിക്ക് വെള്ളപൊക്കം ആഘോഷമായിരുന്നു എങ്കില്‍ അത് അനുഭവിക്കുന്നവര്‍ക്ക് ദുരിതമായിരുന്നു. വെള്ളം ഇറങ്ങിയാല്‍ വീടിനുള്ളില്‍ മൊത്തം തേരട്ടയും പാമ്പും ആയിരിക്കും. വീടിന്‍റെ ചുമരുകളും നിലവും നാശമാകും. എല്ലാം ആദ്യം മുതല്‍ വൃത്തിയാക്കി അടുക്കി പെറുക്കി വരാന്‍ ദിവസങ്ങള്‍ എടുക്കും. വീട്ടിലെ പലചരക്ക് സാധനങ്ങള്‍ മുതല്‍ ഫര്‍ണിച്ചറുകള് വരെ കേടുവന്നിട്ടുണ്ടാകും.വെള്ളപൊക്ക ദുരിതാശ്വാസത്തിന്‍റെ പേരില്‍ അവര്‍ക്ക് ആകെ 2 kg അരി കൊടുക്കും പഞ്ചായത്തീന്നു.
വലിയ വെള്ളപൊക്കം ഒക്കെ വന്നാല്‍ സ്കൂളും 2 ദിവസത്തേക്ക് അവധി നല്‍കും. ഞങളുടെ സ്കൂളില്‍ അവിടെ അടുത്ത പ്രദേശങളില് വെളളം കയറിയ വീടുകളിലെ ആളുകളെ താമസിപ്പിക്കും.അതുകൊണ്ടാണ് ഞങള്‍ക്ക് അവധി തരാറ്. ഇപ്പോ അങ്ങനെ അവധി കൊടുക്കാറുണ്ടോ എന്തോ?നാട്ടില്‍ ചെന്നാലും ഇനി അങ്ങനെയൊരു വെള്ളപൊക്കം കാണാന്‍ കഴിയില്ല. തൃശൂര്‍ ടൌണിലെ പതിനൊന്നാം നിലയിലെ ഫ്ലാറ്റിലിരുന്നാല്‍ എന്ത് മഴ? എന്ത് വെള്ളപൊക്കം? എന്ത് കടലാസ് വഞ്ചി? ബാത്ത് ടബില്‍ വഞ്ചി ഉണ്ടാക്കി കളിക്കണ്ടി വരും.ഇനി എല്ലാം ഓര്‍മ്മകള്‍ മാത്രം.........
2009, ജൂൺ 8, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 അഭിപ്രായങ്ങൾ:
എന്‍റെ കുട്ടികാലവും വെള്ളപോക്കതിന്റെ ഒരുപാട് ഓര്‍മ്മകള്‍ നിറഞ്ഞതായിരുന്നു . അതൊക്കെ ഓര്‍മ്മ വരുന്നു ഈ പോസ്റ്റ് കാണുമ്പൊള്‍...ഇപ്പൊ എല്ലാം പോയി..:( ഒക്കെ just .... memories to cherish
തൊണ്ണൂറ്റിരണ്ടിലെ ഇത്തിക്കരയാറ്റിലെ വെള്ളപ്പൊക്കത്തെ ഓര്‍മ്മവന്നു.
ഇപ്പൊ ഫ്ളാറ്റ് യുഗമല്ലേ പ്രിയ ?
ഞാനും കൊച്ചിയില്‍ ഒരു ഫ്ളാറ്റ് വാങ്ങാന്‍ തീരുമാനിച്ചു.
വെള്ളപ്പൊക്കത്തിന്റെ ദുരിതം കുട്ടിയായിരിക്കുമ്പോള്‍ അറിഞ്ഞില്ല. ജലക്ഷാമമായിരുന്നു മുഖ്യപ്രശ്നം. മുംബൈയിലെത്തിയപ്പോള്‍ വെള്ളപ്പൊക്കത്തിന്റെ ദുരിതമറിഞ്ഞു. :-)
കണ്ണനുണ്ണി - നന്ദി...
"എല്ലാം ഓര്‍മകള്‍ എല്ലാം ഓര്‍മ്മകള്‍ എന്നേ കുഴിയില്‍ മൂടി ഞാന്‍ എന്നാലും എല്ലാം ഇന്നും ചിരംജീവികള്‍" എന്ന് പി. ഭാസ്കരന്‍ മാഷ് പറഞ്ഞതുപോലെ അല്ലേ.
കൊട്ടോട്ടിക്കാരന്‍ - നന്ദി...
കൊച്ചിയില്‍ ഫ്ലാറ്റ് വാങാന്‍ പ്ലാന്‍ ഉണ്ടോ? ആ മെയില്‍ ID ഒന്ന് പറയൂ...
Bindhu Unny - Thank you..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ