കഴിഞ്ഞ ദിവസം രാപ്പകല്‍ എന്ന സിനിമയില്‍ ജനാര്‍ദ്ദനന്‍ കുട്ടികളെയും കൂട്ടി നിധി അന്വേഷിച്ചു നടക്കുന്ന സീന്‍ കണ്ടപ്പോഴാണ് കുട്ടിക്കാലത്ത് നിധിയെ കുറിച്ച് അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുള്ള കഥകള്‍ ഓര്‍ത്തത്.
അമ്മയുടെ വീടിന്‍റെ 4 വീട് അപ്പുറം ഒരു വീട്ടില്‍ നിധി കിട്ടിയിട്ടുണ്ടത്രേ. ഒരു വലിയ പാത്രം നിറച്ചും സ്വര്‍ണ്ണ നാണയങ്ങള്‍. കഥ ഇങ്ങനെയാണ്..... ആ വീട്ടിലെ അച്ഛനും 2 ആണ്‍മക്കളും ചേര്‍ന്ന് ഒരു തെങ്ങ് മുറിച്ചതിന്‍റെ കട കിളചെടുക്കുകയായിരുന്നു, അമ്മ വേലിയരുകില്‍ നിന്ന് അടുത്ത വീട്ടിലെ ചേച്ചിയോട് വര്‍ത്തമാനം പറയുന്നു. പെട്ടന്ന് കൈക്കോട്ടു എന്തോ പാത്രത്തില്‍ കൊണ്ട 'ണ്യാവ്' ശബ്ദം കേട്ട് വര്‍ത്തമാനം നിര്‍ത്തി എല്ലാരും അവിടേക്ക് ചെന്നു. അപ്പോ അച്ഛന്‍ പറഞ്ഞുത്രേ അത് 2 കൈകോട്ടുകള്‍ കൂട്ടി മുട്ടിയതാണെന്നു. പക്ഷെ അന്ന് രാത്രി അവര്‍ അച്ഛനും അമ്മയും മക്കളും ചേര്‍ന്ന് ഒരു വലിയ പാത്രം തെങ്ങിന്‍ കുഴിയില്‍ നിന്ന് അകത്തേക്ക് എടുത്തുകൊണ്ടു പോകുന്നത് അയല്‍വീട്ടുക്കാര്‍ കണ്ടെന്നും പിറ്റേ ദിവസം ആ പാത്രത്തില്‍ നിന്ന് കിട്ടിയ സ്വര്‍ണ്ണത്തെ ചൊല്ലി അച്ഛനും മക്കളും തമ്മില്‍ അടികൂടുന്നതു കേട്ടെന്നും പറയപെടുന്നു. കുറച്ചു കാലത്തേക്ക് അവര്‍ ധനികരായെങ്കിലും ഒരു മകന്‍ മാനസികരോഗിയായി, ഒരു മകള്‍ അത്മഹത്യ ചെയ്തു അങ്ങനെ ഒത്തിരി പ്രശ്നങ്ങള്‍ ആ വീട്ടില്‍ സംഭവിച്ചു. ഒരിക്കല്‍ ഒരു കാക്കാത്തി ആ വീട്ടിലെ അമ്മയുടെ കൈനോക്കി "പൂര്‍വികരുടെ സ്വത്തെടുത്ത് അവരുടെ അനുവാദം ഇല്ലാതെ അനുഭവിച്ചു അതിന്‍റെ ദോഷങ്ങളാണ് ഇപ്പോ അനുഭവിക്കുന്നത്" എന്ന് പറഞ്ഞപ്പോള്‍ അവര്‍ ഒന്നും മിണ്ടാതെ കരഞ്ഞതിനു എന്‍റെ അമ്മൂമ്മയും സാക്ഷിയാണത്രേ. നിധി കിട്ടിയാല്‍ പൂജാമുറിയില്‍ വെച്ച് എന്നും വിളക്ക് കത്തിച്ചാല്‍ ഐശ്വര്യം വരും അല്ലെങ്കില്‍ അടുത്തുള്ള അമ്പലത്തില്‍ കൊടുത്താലും മതി അല്ലാതെ എടുത്തു ഉപയോഗിക്കാന്‍ പാടില്ലാത്രേ.
പിന്നെ വേറെ ഒരു വീട്ടിലെ കൊക്കര്‍ണിയില്‍ (കുളം) ഇപ്പോഴും നിധി ഉണ്ട് എന്നാണ് അടുത്ത കഥ. ആളനക്കം ഇല്ലാത്ത സമയത്ത് ഉച്ചസമയത്തും, രാത്രിക്കാലങളിലും ഒരു പാത്രം കൊക്കര്‍ണിയില്‍ നിന്ന് പൊങ്ങിവരുന്ന "കില്‍ കില്‍..." ശബ്ദം കേള്‍ക്കും. ആരെങ്കിലും അടുത്ത് ചെന്നാല്‍ ഒന്നും കാണാന്‍ പറ്റില്ല എന്തോ വെള്ളത്തിലേക്ക് താഴ്ന്നു പോകുന്ന ശബ്ദം മാത്രം കേള്‍ക്കാം.ഒരു വലിയ പാത്രം നിറച്ചു സ്വര്‍ണമാണ് അത്. ഏതോ ഭൂതങ്ങളാണ് ആ നിധി സൂക്ഷിക്കുന്നത് അതിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് മാത്രേ അത് കാണാനും എടുക്കാനും പറ്റു. കൊക്കര്‍ണി ഉള്ള വീട്ടുകാര്‍ പ്രശ്നം വെച്ച് നോക്കിച്ചപ്പോള്‍ അറിഞ്ഞതാണ് ഇതൊക്കെ എന്നാ പറഞ്ഞു കേള്‍ക്കുന്നത്.ആരാണാവോ അതിന്‍റെ യഥാര്‍ത്ഥ അവകാശി?
വേറെ ഒരു വീട്ടുകാര്‍ക്ക് സ്വര്‍ണത്തിന്‍റെ ഒരു പഴകുലയാണ് കിട്ടിയത്. അവര്‍ അത് പൂജാമുറിയില്‍ വെച്ചു. എന്നിട്ടും ദോഷങ്ങള്‍ വിട്ടുമാറാതെ വന്നപ്പോള്‍ പ്രശ്നം വെച്ചു നോക്കിച്ചു. അത് താണികുടം ക്ഷേത്രത്തിലെ ദേവിക്ക് അവകാശപെട്ടതാണെന്നും അതുകൊണ്ട് അത് താണികുടം ക്ഷേത്രത്തിലേക്ക് കൊടുക്കണം എന്നും പ്രശ്നം വെച്ച തിരുമേനി പറഞ്ഞു. പക്ഷെ ആ വീട്ടുകാര്‍ക്ക് കിട്ടിയ നിധി കൈവിട്ടുകളയാന്‍ താല്പര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ തിരുമേനി പറഞ്ഞത് അനുസരിച്ചില്ല. ഇപ്പോഴും താണികുടത്തെ പറ വരുമ്പോള്‍ വെളിച്ചപാട് അവരുടെ വീടിനുള്ളിലേക്ക് കയറി പൂജാമുറിയുടെ മുന്‍പില്‍ ചെന്ന് 'എനിക്ക് അവകാശപെട്ടത് തിരിച്ചുതരാറായില്ലേ' എന്ന് ചോദിക്കും എന്നും കേള്‍ക്കുന്നു.
ഇതൊക്കെ കേട്ടിട്ട് ഞാന്‍ പണ്ട് അമ്മൂമ്മയോട് ചോദിച്ചിട്ടുണ്ട് നമുക്ക് നമ്മുടെ പറമ്പിലുള്ള തെങ്ങും, മാവും, പ്ലാവും ഒക്കെ മുറിച്ചു നോക്കിയാലോന്നു? വല്ല നിധിയും കിട്ടുമോന്നു?
നിധി ഭൂതങ്ങള്‍ തരുന്നതൊന്നുമല്ല. പണ്ട് ടിപ്പുവിന്‍റെ പടയോട്ട കാലത്ത് ജനങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പല സ്ഥലങ്ങളിലേക്കു പലായനം ചെയ്തു. പോകുന്നതിനു മുന്‍പ് തങ്ങളുടെ കൈയ്യിലുണ്ടായിരുന്ന പൊന്നും പണവുമെല്ലാം പാത്രങ്ങളിലാക്കി കുഴിച്ചിട്ടു, യുദ്ധം അവസാനിച്ചാല്‍ തിരിച്ചുവരാം എന്ന പ്രതീക്ഷയില്‍. അങ്ങനെ പോയവര്‍ ചിലര്‍ യുദ്ധത്തില്‍ കൊല്ലപെട്ടു, ചിലര്‍ക്ക് തിരിച്ചുവരാന്‍ സാധിച്ചില്ല. അന്ന് അവര്‍ കുഴിച്ചിട്ട പണവും പൊന്നും വര്‍ഷങ്ങള്‍ക്കു ശേഷം പലര്‍ക്കും കിട്ടി. അതിനെയാണ് നിധി എന്ന് പറയുന്നത് എന്നും ഒരു വാദമുണ്ട്. ഇതില്‍ കൊറേയൊക്കെ വാസ്തവമുണ്ടെന്നാണ് എനിക്കും തോന്നുന്നത്.
2009, ജൂൺ 1, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
8 അഭിപ്രായങ്ങൾ:
അവസാനം പറഞ്ഞതു തന്നെയാണ് നിധിയെപ്പറ്റി ഞാനും പറഞ്ഞു കേട്ടിരിയ്ക്കുന്നത്
നല്ല പോസ്റ്റ്.
ഇത്തവണ അവധിക്കു പോകുമ്പോ നിധി കിളച്ചു നോക്കിയാലോ? എന്തായാലും ഇത്തരം കഥകള്‍ ധാരാളം നാട്ടില്‍ പ്രചാരത്തില്‍ ഉണ്ട്.
കുട്ടിക്കാലത്ത് ഞാനും വീടിനു ചുറ്റും കുഴിച്ചു നോക്കിയിട്ടുണ്ട്... നിധി വല്ലതും തടയുമോ എന്നറിയാന്‍.. ;)
പോസ്റ്റ് നന്നായി ട്ടോ !
അങ്ങനെ ആരുടെ എങ്കിലും കണ്ണീരു വീണ നിധി കൊണ്ട് എന്ത് ചെയ്താലും നല്ലതാവില്യാ ന്നെ... നമ്മളു അധ്വാനിച്ചു ഇന്ടാക്കുന്നതെ ആവശ്യത്തിനു ഉപകരിക്കു
ഞാനും കേട്ടിട്ടുണ്ട് ഇതു പോലുള്ള കഥകൾ, ഒരിക്കൽ കവള പാറയിൽ ഒരു ബന്ധു വീട്ടിൽ പോയപ്പോഴും പറഞ്ഞതു കേട്ടു ഇതു പോലെ ഒരു കഥ നിധികിട്ടിയതു പിന്നെ അസുഖങ്ങൾ വിട്ടു മാറാതെ വന്നതുമൊക്കെ.. അവിടെ കവള പാറ രാജാവിന്റെ ഭടന്മാർ കുഴിച്ചിട്ടതാണു എന്നു പറയുന്നു.. നന്നായിട്ടുണ്ട് ഈ പോസ്റ്റ്..
പിന്നെ ആ കൊക്കർണ്ണി കഥ ഒത്തിരി ഇഷ്ടപ്പെട്ടു.
നിധിക്കഥ നന്നായി ആസ്വദിച്ചു.
കിളച്ചുമറിക്കാന്‍ പറമ്പും പുരയുമില്ലാത്തതിനാല്‍ തല്‍ക്കാലം നിധി തെരയല്‍ വേണ്ടെന്നും വച്ചു.
ശ്രീ - ഒരുവിധം തൃശൂര്‍ക്കാരെല്ലാം അങ്ങനെയാണ് പറയുന്നത്.
കുമാരേട്ടാ - നന്ദി.
പട്ചികുട്ടി - നാട്ടില്‍ ചെന്നിട്ടു വേറെ കാര്യമായ പണിയൊന്നും ഇല്ലെങ്കില്‍ ശ്രെമിക്കാവുന്നതാണ്.
അഭി - ഹ ഹ ഹ..... നന്ദി.
കണ്ണനുണ്ണി - വാസ്തവം.
വരവൂരാന്‍ - ഓരോ നാട്ടിലും ഓരോ കഥകളല്ലേ. നന്ദി. വളരെ നന്ദി....
കൊട്ടോട്ടിചേട്ടാ - നന്ദി. അങ്ങനെ അറുത്തു മുറിച്ചു പറയാതെ ഒരു 10 സെന്‍റ് സ്ഥലം മേടിച്ചു ഒന്ന് കുഴിച്ചു നോക്കുന്നേ. ചിലപ്പോ വല്ലതും കിട്ടിയാലോ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ