2009 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

പനമണ്ണ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രം

ഇത്തവണത്തെ വെക്കെഷനു ഞങള്‍ പോയ ക്ഷേത്രങ്ങളില്‍ ഒന്നാണ് പനമണ്ണ. ഒറ്റപ്പാലത്തു നിന്നു 6 കിലോ മീറ്റര്‍ ദൂരെയാണ് പനമണ്ണ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രം. കേരളത്തിലെ 4 ശങ്കരനാരായണ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. സ്വയംഭൂവായ ശങ്കരനാരായണ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രവും ഇതാണ്. ശൈവ-വൈഷ്ണവ ചൈതന്യം ഏക മൂര്‍ത്തി ഭാവത്തില്‍ ആരാധിക്കപെടുന്ന ഈ ക്ഷേത്രം സാമൂതിരി രാജാവിന്‍റെ അധീനതയിലായിരുന്നു. ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് ഈ ക്ഷേത്രം വരുന്നത്. കുംഭത്തിലെ തിരുവോണം നാളില്‍ കൊടിയേറി 10 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണ് ഇവിടുത്തെ പ്രധാന ഉത്സവം.

മെയിന്‍ റോഡില്‍ നിന്നും ഒത്തിരി ഉള്ളിലോട്ടു കയറി മണ്പാതയിലൂടെയൊക്കെ സന്ജരിച്ചാണ് ഞങള്‍ ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രത്തിനു ചുറ്റും നെല്‍വയലുകളാണ്. ശാന്തമായ അന്തരീക്ഷം.വേറെയും ക്ഷേത്രങ്ങളില്‍ പോകാനുള്ളതിനാല്‍ ദീപാരാധനക്കായി നടയടക്കുന്നതിനു തൊട്ടു മുന്‍പായി ഞങള്‍ തൊഴുതിറങ്ങി.



കിഴക്കേ നടയുടെ മുന്‍പിലുള്ള ആല്‍മരം


പനമണ്ണ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രം (പടിഞ്ഞാറെ നട)


അമ്പലകുളം

2009 ജൂൺ 13, ശനിയാഴ്‌ച

ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം






ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം അഥവാ രുദ്ര മഹാകാളിക്കാവ് കേരളത്തിലെ പേരുകേട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ്. തൃശൂര്‍ ഷോര്‍ണൂര്‍ റോഡില്‍ വടക്കാഞ്ചേരിയില്‍ നിന്നും 2 km അകലെ പരിത്തിപ്ര എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയുന്നത്. തൃശൂര്‍ പൂരം പോലെ പേരുകേട്ടതാണ് ഉത്രാളിക്കാവ് പൂരം വെടികെട്ടു. തൃശൂര്‍ പൂരം വെടിക്കെട്ട് നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ ഉത്രളികാവ് വെടിക്കെട്ടില്‍ ശബ്ദത്തിനാണ് പ്രാധാന്യം. വടക്കാഞ്ചേരി, എങ്കെക്കാട്‌, കുമാരനലൂര്‍ എന്നി 3 ദേശക്കാര്‍ ചേര്‍ന്നാണ്‌ ഉത്രാളിക്കാവ് പൂരം നടത്തുന്നത്. പൂരത്തിന് വെടിക്കെട്ടിന് പുറമ്മേ പന്ജവാദ്യം, കുടമാറ്റം എന്നിവയും ഉണ്ട്. കുംഭമാസത്തിലാണ്‌ ഉത്രാളിക്കാവ് പൂരം നടത്താറ്. പാടത്തിനു നടുവിലായി റോഡ്‌ നിരപ്പില്‍ നിന്നും താഴെയായിട്ടാണ് ക്ഷേത്രം നിലകൊള്ളുന്നത്.

Photos by Bosekrishna...

2009 ജൂൺ 8, തിങ്കളാഴ്‌ച

വെള്ളപൊക്കം

ഒരു രണ്ടു മൂന്നു ദിവസം നല്ല മഴ പെയ്താല്‍ അടുത്തുള്ള തോട് നിറഞ്ഞു കവിഞ്ഞു ഞങളുടെ വീടിന്‍റെ പടി വരെ വെള്ളം കയറും. ഞങളുടെ പറമ്പ് മണ്ണിട്ട്‌ നല്ലവണ്ണം ഉയര്‍ത്തിയിരുന്നതിനാല്‍ വഴിയില്‍ നിന്ന് വെള്ളം വീട്ടിലോട്ടു കയറാറില്ല. വഴിയിലും അടുത്ത വീടുകളിലും എല്ലാം വെള്ളം കയറും. ചില വീടുകളിലെ കിണറും വെള്ളം മൂടിയിട്ടുണ്ടാകും. ഞങള്‍ക്ക് വീടിന്‍റെ പുറകിലത്തെ വീട്ടു പറമ്പിലൂടെ കടന്നാല്‍ മറുഭാഗത്തെ റോഡിലെത്താം. അതുകൊണ്ട് തന്നെ വെള്ളപൊക്കം ഞങള്‍ക്ക് ഒരു പ്രശ്നമാകാറില്ല. എങ്കിലും വെള്ളപൊക്കം വന്നാല്‍ ഞാന്‍ സ്കൂളില്‍ പോകില്ല. ഉമ്മറത്തിരുന്നു വെള്ളം കയറി വീട് ഒഴിഞ്ഞു പോകുന്നവരോട് കാര്യം അന്ന്വേഷിക്കണ്ടേ. കുറെ പേര്‍ ദുരിധാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടാകും. പാടത്തിനടുത്തുള്ള വീടുകളിലേക്ക് പോകാന്‍ വഞ്ചിയും ഉണ്ടാകും. പ്രായമായവരെ കസ്സേരയില്‍ എടുത്തും കിടപ്പിലയവരെ കട്ടിലോടെ പൊക്കിയും കൊണ്ട് പോകുന്ന കാണാം. പശുക്കള്‍, ആടുകള്‍, കോഴികള്‍ തുടങ്ങി വളര്‍ത്തു മൃഗങ്ങളെയും വെള്ളത്തിലൂടെ എടുത്തോണ്ട് പോകും. അടുത്തുള്ള ബാലവാടിയിലാണ് ആളുകളെ താമസിപ്പിക്കുക. പത്രക്കാരും ചില രാഷ്ട്രീയക്കാരും വരും വെള്ളപൊക്കം നേരിട്ടുകണ്ട് ഖേദം അറിയിക്കാന്‍. തൊട്ടടുത്തുള്ള രണ്ടു മൂന്നു വീട്ടുകാര്‍ ഞങളുടെ വീട്ടിലേക്കു വരും താമസത്തിന്. അടുത്ത വീട്ടുകാരുടെ പശുക്കള്‍ക്ക് വേണ്ടി ഞങളുടെ പറമ്പില്‍ താല്‍ക്കാലിക ഷെഡ്‌ കെട്ടും. വൈകുന്നേരം ആയാല്‍ പാമ്പുകള്‍ കരക്ക്‌ കയറി കിടക്കാന്‍ തുടങ്ങും. രാവില്‍ എണീക്കുമ്പോഴും ചവിട്ടു പടിയിലും മുറ്റത്തും നീര്‍ക്കോലി പാമ്പുകള്‍ ചുരുണ്ടു കിടക്കുന്നത് കാണാം. ഈ ഒരു കാര്യം മാത്രേ എനിക്ക് പിടിക്കാത്തതായി ഉണ്ടായിരുന്നുള്ളു.

എല്ലാരും വെള്ളം വേഗം ഇറങ്ങണേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കും ഞാനൊഴിച്ച്‌. എനിക്ക് വെള്ളപൊക്കം ഓണം, വിഷു പോലെ ഒരു ആഘോഷമായിരുന്നു.'എവിടുന്നൊക്കെ ഒലിച്ചു വന്ന എന്തൊക്കെ അഴുക്കുള്ള വെള്ളമയിരിക്കുംന്നു അറിയോ. വല്ല അസുഖവും വരും' എന്ന ഉറച്ച വിശ്വാസത്തില്‍ നില്‍ക്കുന്ന അമ്മയുടെ കൈയും കാലും പിടിച്ചാണ് വെള്ളത്തില്‍ കളിയ്ക്കാന്‍ അനുവാദം ഒരുവിധത്തില്‍ ഒപ്പിചെടുക്കുക.അതുകഴിഞ്ഞ് ജലദോഷം എങ്ങാനും വന്നാല്‍ പിന്നെ തീര്‍ന്നു കഥ. അടുത്ത വീട്ടിലെ കുട്ടികളുമായി ചേര്‍ന്ന് തോര്‍ത്തുമുണ്ടോണ്ട് മീന്‍ പിടിച്ചു കുപ്പികളിലാക്കും. തുപ്പലം കൊത്തി മീനിനെ മാത്രേ ഞങള്‍ക്ക് കിട്ടാറുള്ളൂ. വലിയ ചേട്ടന്മാര്‍ പാടത്തിനടുത്തു പോയി മീന്‍ പോയി പിടിക്കും. അവര്‍ക്ക് ബ്രാലിനേയും മുശിയെയും ഒക്കെ കിട്ടും. പിന്നെ കടലാസ് വഞ്ചി ഉണ്ടാക്കി കളിക്കും. തിരിച്ചറിയാനായി കൊടിയൊക്കെ വെച്ചാണ്‌ വിടുക. ആരുടെ വഞ്ചി ആണ് അവസാനം മുങുന്നത്, കൂടുതല്‍ ദൂരം പോകുന്നത് എന്നൊക്കെ നോക്കും. ഇപ്പോ ഒരു സംശയം വഞ്ചി ഉണ്ടാക്കണത് എങ്ങനെയാന്ന് മറന്നു പോയൊന്നു. ഇന്നു എന്തായാലും ഒരെണ്ണം ഉണ്ടാക്കി നോക്കണം.

എനിക്ക് വെള്ളപൊക്കം ആഘോഷമായിരുന്നു എങ്കില്‍ അത് അനുഭവിക്കുന്നവര്‍ക്ക് ദുരിതമായിരുന്നു. വെള്ളം ഇറങ്ങിയാല്‍ വീടിനുള്ളില്‍ മൊത്തം തേരട്ടയും പാമ്പും ആയിരിക്കും. വീടിന്‍റെ ചുമരുകളും നിലവും നാശമാകും. എല്ലാം ആദ്യം മുതല്‍ വൃത്തിയാക്കി അടുക്കി പെറുക്കി വരാന്‍ ദിവസങ്ങള്‍ എടുക്കും. വീട്ടിലെ പലചരക്ക് സാധനങ്ങള്‍ മുതല്‍ ഫര്‍ണിച്ചറുകള് വരെ കേടുവന്നിട്ടുണ്ടാകും.വെള്ളപൊക്ക ദുരിതാശ്വാസത്തിന്‍റെ പേരില്‍ അവര്‍ക്ക് ആകെ 2 kg അരി കൊടുക്കും പഞ്ചായത്തീന്നു.

വലിയ വെള്ളപൊക്കം ഒക്കെ വന്നാല്‍ സ്കൂളും 2 ദിവസത്തേക്ക് അവധി നല്‍കും. ഞങളുടെ സ്കൂളില്‍ അവിടെ അടുത്ത പ്രദേശങളില് വെളളം കയറിയ വീടുകളിലെ ആളുകളെ താമസിപ്പിക്കും.അതുകൊണ്ടാണ് ഞങള്‍ക്ക് അവധി തരാറ്. ഇപ്പോ അങ്ങനെ അവധി കൊടുക്കാറുണ്ടോ എന്തോ?നാട്ടില്‍ ചെന്നാലും ഇനി അങ്ങനെയൊരു വെള്ളപൊക്കം കാണാന്‍ കഴിയില്ല. തൃശൂര്‍ ടൌണിലെ പതിനൊന്നാം നിലയിലെ ഫ്ലാറ്റിലിരുന്നാല്‍ എന്ത് മഴ? എന്ത് വെള്ളപൊക്കം? എന്ത് കടലാസ് വഞ്ചി? ബാത്ത് ടബില്‍ വഞ്ചി ഉണ്ടാക്കി കളിക്കണ്ടി വരും.ഇനി എല്ലാം ഓര്‍മ്മകള്‍ മാത്രം.........