ആഘോഷങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആഘോഷങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 സെപ്റ്റംബർ 13, ഞായറാഴ്‌ച

ഓണം 2009

ഈ മണലാരണ്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ഞങ്ങള്‍ ഓണം ആഘോഷിച്ചു. 6 കൊച്ചു കുടുബങ്ങളും, 2 ബാചിലേഴ്സും... എല്ലാരും ചേര്‍ന്ന് പൂക്കളം ഇട്ടു. പിന്നെ സദ്യ.. 3ഉം 4ഉം വിഭവങ്ങള്‍ വീതം ഓരോ കുടുബങ്ങളും കൊണ്ടു വന്നു. പരിപ്പു-നെയ്യ്, സാബാര്‍, രസം, തോരന്‍, അവിയല്‍, കാളന്‍, ഓലന്‍, കൂട്ടുകറി, പൈനാപ്പിള്‍ കിച്ചടി, ഇഷ്ടു, ഇഞ്ജി തൈര്, പുളിഞ്ജി, അച്ചാര്‍, കൊണ്ടാട്ടം, പപ്പടം, പഴം, പാലട പായസം, പഴപ്രഥമന്‍ എന്നിവ കൂട്ടി ഗംബീരമായ ഓണസദ്യ. അതിനു ശേഷം വിവിധ തരം ഓണകളികള്‍. അങ്ങനെ ഒരു ഓണം അല്ല ഒരു വര്‍ഷം കൂടി കടന്നു പോയി......



ഞങ്ങളുടെ കൊച്ചു പൂക്കളം.


ഓണസദ്യ.

2009 ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

പൂക്കളവും ത്രിക്കാക്കരയപ്പനും.

കുട്ടിക്കാലത്തെ ഓണം എന്തു രസമായിരുന്നുല്ലെ...
അത്തത്തിനു നാലു ദിവസം മുന്‍പെ പൂക്കളം ഇടാനുള്ള തറ ഒരുക്കി തുടങും. വട്ടത്തിലും ചതുരത്തിലും നിലനിലയായിട്ടും ഉള്ള പൂ തറകളായിരുന്നു ആദ്യമൊക്കെ ഉണ്ടാക്കാറ്. പൂക്കളത്തിന്റെ വലുപ്പവും ഡിസൈനും മാറ്റി പരീക്ഷിക്കാന്‍ തറ ഒരു തടസമാണെന്നു തിരിച്ചറിഞപ്പോള്‍ നിലം മിനുക്കി പൂക്കളം ഇടാന്‍ തുടങി. മുറ്റം നന്നായി വ്രിത്തിയാക്കി നിരപ്പാക്കി പാടത്തു നിന്നു കളിമണ്ണ് കൊണ്ടു വന്നു മെഴുകിയിടും ആദ്യം. പിന്നെ അതു നന്നായി ഉണങി 2 ദിവസം കഴിഞാല്‍ വീണ്ടും ഒന്നുകൂടി മെഴുകും. അത്തത്തിന്റെ തലെന്നു വൈകുന്നെരം ചാണകം മെഴുകി അവസാന മിനുക്കുപണി നടത്തിയിടും. പിന്നെ എന്നും രാവിലെ ചാണകം മെഴുകി പൂക്കളം ഇടുകയേ വേണ്ടു.

അത്തത്തിന്റെ തലേന്നു എല്ലാവരും പൂ പറിക്കുന്ന ആവേശത്തിലായിരിക്കും. ഓണപരീക്ഷയുടെ ചൂടൊന്നും ആ ഉത്സാഹത്തിനു മങ്ങലേല്‍പ്പിക്കാറില്ല. ഞാനും അടുത്ത 2 വീട്ടിലെ കുട്ടികളും ചെരുന്ന 6 അംഗ സംഘം ഒരുമിച്ചായിരുന്നു 3 വീടുകളിലെയും മുറ്റം ഒരുക്കുന്നതും, പൂക്കള്‍ പറിക്കുന്നതും, കളം ഇടുന്നതും. സ്ക്കൂള്‍ വിട്ടു വന്നു കാപ്പി കുടിചു എന്നു വരുത്തി ഞങള്‍ പിറ്റേന്നക്കുള്ള പൂക്കള്‍ പറിക്കാന്‍ ഇറങും. ആണ്‍കുട്ടികള്‍ സ്ക്കൂളിന്റെ അവിടുന്നെ പൂക്കള്‍ പറിക്കാന്‍ തുടങും. എന്തെല്ലാം പൂക്കളായിരുന്നു അന്നൊക്കെ. ചെബരത്തി തന്നെ എത്ര നിറങ്ങളായിരുന്നു. ചുവപ്പ്, വെള്ള, വൈലറ്റ്, റോസ്, ഓറഞ്ജു.... പിന്നെ കാശി തുബ, മാങ്ങനാറി, ചെണ്ടു മല്ലി, വാടാര്‍ മല്ലി, സീനിയ, പൂചെടി പൂക്കള്‍... അങ്ങനെ എത്ര പൂക്കള്‍. പൂക്കള്‍ക്കു പുറമെ പാടത്തു ഒരു കതിരു ഉണ്ടകും - എത്ര ദിവസമിരുന്നാലും വാടാത്ത പച്ച നിറത്തിലുള്ള കതിര് - അതും പറിക്കും. പച്ചനിറത്തിനു പിന്നെ ഉപയോഗിച്ചിരുന്നതു ശതാവരിയുടെ ഇലകളായിരുന്നു. ബ്രൊവ്ണ്‍ നിറത്തിനു വേണ്ടി തേക്കിന്റെ തളിരില പറിച്ചു ചതച്ചെടുക്കും. ചെബരത്തി മുട്ടു വാഴ ഇലയില്‍ നിരത്തി വെള്ളം തള്ളിച്ച് ഉമ്മറത്ത് വെക്കും പിറ്റേന്ന് രാവിലെക്കു വിടരാന്‍ വേണ്ടി. തുബപൂവും മുക്കുറ്റിയും കാണാന്‍ രസമാണെങ്കിലും പൂക്കളത്തില്‍ ഇട്ടാല്‍ പെട്ടന്നു വാടി പോകും എന്നുള്ളതു കൊണ്ടു അവ പേരിനു മാത്രേ ഞങ്ങള്‍ ഇടാറുള്ളൂ.

ഓണത്തിനു രണ്ടോ മൂന്നോ ദിവസം മുന്‍പല്ലേ സ്ക്കൂള്‍ അടക്കുക. അതു കഴിഞ്ഞാല്‍ പിന്നെ ത്രിക്കാക്കരയപ്പനെ ഉണ്ടാക്കുന്ന തിരക്കാകും. പാടത്തുന്ന് കളിമണ്ണ് കൊണ്ട് വന്നു കുഴച്ചു നിലത്തു അടിച്ചു ആക്രിതി വരുത്തുന്നതു ആണ്‍കുട്ടികളുടെ കുത്തകയായിരുന്നു. അതിനു നിറം വരുത്താന്‍ ഇഷ്ടിക പൊടിച്ചു വെള്ളത്തില്‍ കലക്കി തേക്കല്‍ ഞങ്ങള്‍ പെണ്‍കുട്ടികളും. ഉത്രാടത്തിന്റെ അന്നു രാത്രി ഒരു 7 മണിയോടു കൂടി ത്രിക്കാക്കരയപ്പനെ വെക്കും. അതു വീട്ടിലെ മുതിര്‍ന്ന ആളാണു ചെയ്യാ. അല്ലെങ്കില്‍ ആണ്‍കുട്ടികള്‍. 5 ത്രിക്കാക്കരയപ്പന്‍ ആണു സാധാരണ ഉണ്ണ്ടാകുക.നടുവില്‍ ഒരെണം വലുതു അതിനെക്കാള്‍ ചെറുതു 2 എണ്ണം ഇരുഭാഗത്തും അതാണു പൂക്കളം ഇടുന്ന തറയില്‍ വെക്കുക. പിന്നെ ഒരു ചെറുതു കിണറിന്റെ കരയിലും മറ്റൊന്നു ഗേറ്റിനടുത്തും ആണു വെക്കുക. നാക്കിലയില്‍ ത്രിക്കാക്കരയപ്പനെ വെച്ചു അരിമാവ് അണിയിച്ച് ക്രിഷ്ണ കിരീട പൂ, രാജമല്ലി പൂ പിന്നെ ചെബരത്തി പൂവും ചെണ്ടു മല്ലി പൂവും ഈര്‍ക്കിളില്‍ കോര്‍ത്തതും കുത്തി അലങ്കരിക്കും. പിന്നെ നളികേരവും ശര്‍ക്കരയും പഴവും വെച്ചുള്ള അടയുണ്ടാക്കും ത്രിക്കാക്കരയപ്പന് നേദിക്കാന്‍. ഞങ്ങള്‍ കുട്ടികള്‍ക്കും‍ കിട്ടും അതില്‍ ഒരു പങ്ക്. പൂജിച്ച ത്രിക്കാക്കരയപ്പനെ ആര്‍പ്പു വിളികളോടെ അതാതു സ്ഥാനത്തു വെക്കും. 5 ഓണം വരെ എന്നും രാവിലെയും വൈകീട്ടും വിളക്കു കൊളുത്തി പൂജിക്കണം. ഞങ്ങളുടെ വീട്ടില്‍ ത്രിക്കാക്കരയപ്പനെ വെക്കാറില്ല. അതുകൊണ്ടു എന്റെ ഉത്രാടം അടുത്ത വീടുകളിലായിരുന്നു.

കോളേജിലായപ്പോള്‍ പൂക്കള മത്സരത്തിനു മാത്രമായി പൂക്കളം ഇടല്‍. ഇവിടെ വന്നിട്ടും 2 വര്‍ഷം ഓഫീസില്‍ ഓണം പൂക്കളമൊക്കെ ഇട്ടു ആഘോഷിച്ചു. പൂക്കളത്തിലെ പച്ച നിറത്തിനു നാട്ടിലെ പൊലെ പാടത്തെ കതിരു കിട്ടില്ലല്ലോ പകരം ഞങള്‍ ദുബായ് മുന്‍സിപാലിറ്റിയിലെ പുല്ലു ചെത്തുന്നവരെ മണിയടിച്ചു വഴിയരികില്‍ ചെത്തി ഇട്ടിരുന്ന പുല്ലു വാരികൊണ്ടു പോയി പൂക്കളമിട്ടതു ഇന്നും ഓര്‍മ്മയുണ്ട്.

ആ പൂക്കളം ഇതാ...

2009 ഏപ്രിൽ 16, വ്യാഴാഴ്‌ച

വിഷു 2009.

കണി വെക്കാന്‍ സാധനങ്ങള്‍ മേടിക്കാന്‍ തിങ്കളാഴ്ച വൈകുന്നേരം ഇവിടെ ലുലുവില്‍ പോയപ്പോള്‍ തൃശൂര്‍ പൂരത്തിന്‍റെ അത്രേം തിരക്ക്. വിഷു ഫ്ലവര്‍ എന്ന് എഴുതിയ ഒരു ബോര്‍ഡ് കണ്ടു പക്ഷെ അതിനടിയില്‍ വെച്ചിരിക്കുന്ന കുട്ട കാലിയായിരുന്നു. അവിടെ കൂടി നിന്നിരുന്ന ചിലര്‍ പറഞ്ഞു കൊന്ന പൂ വേണമെങ്കില്‍ ഇവിടെ നിന്നോളു സേയില്‍സ് മാന്‍ എടുക്കാന്‍ പോയിട്ടുണ്ട് എന്ന്. പറഞ്ഞത് പോലെ കുറച്ചു കഴിഞ്ഞപ്പോള്‍ സേയില്‍സ് മാന്‍ ഒരു കുട്ടയില്‍ കൊന്ന പൂ പാക്കറ്റ്കളുമായി വന്നു. കണടച്ചു തുറക്കുന്ന സമയം കൊണ്ടല്ലെ അത് സംഭവിച്ചതു. ചുറ്റും നിന്ന് കൊറേ കൈകള്‍ നീണ്ടു വരുന്നത് മാത്രം കണ്ടു സേയില്‍സ് മാന്‍ അതാ നില്‍ക്കുന്നു കാലി കുട്ടയുമായി. കണി വെക്കാന്‍ കൊന്ന വേണമെങ്കില്‍ കൈക്കരുത്തു വേണമെന്ന് മനസിലാക്കിയ ഞാന്‍ പതുക്കെ ഭര്‍ത്താവിനെ അതിനായി നിയോഗിച്ചുകൊണ്ട്‌ പച്ചകറികള്‍ എടുക്കാനായി നീങ്ങി. ഒരു വിധം പച്ചകറികളും പഴങ്ങളും കിട്ടി. പച്ച മാങ്ങാ ഇലയോട് കൂടി എടുക്കാന്‍ ഒരു മല്‍പിടുത്തം തന്നെ നടത്തേണ്ടി വന്നു. മത്തങ്ങയും ചേനയും കഷ്ണങ്ങളാക്കി ഇട്ടിരിക്കുന്നു. മുഴുവനോടെയല്ലേ കണി വെക്കുക. ഇനി ഇപ്പോ കഴിയാറായപ്പോള്‍ കഷ്ണങ്ങളാക്കിയതാണോ എന്നറിയില്ല. എന്തായാലും മുഴുവനോടെ ഉള്ളതെ കണിവെക്കൂ എന്ന തീരുമാനത്തില്‍ ഉറച്ചു നിന്നത് കൊണ്ട് മത്തങ്ങയും ചേനയും അവിടുന്ന് വാങ്ങിയില്ല. പച്ചകറികളും പഴങ്ങളും എടുത്തു ഞാന്‍ ചെല്ലുമ്പോഴേക്കും ഒരു പാക്കറ്റ് കൊന്ന പൂ കൈക്കലാക്കി വിജയശ്രീ ലാളിതനായി എന്‍റെ പതി നില്പുണ്ടായിരുന്നു. തിരിച്ചു വരുന്ന വഴിക്ക് ഒരു ചെറിയ ഗ്രോസറികടയില്‍ നിന്നും മത്തങ്ങയും ചേനയും സങ്കടിപിച്ചു. ചക്ക മാത്രം കിട്ടിയില്ല. ഒരു കടച്ചക്കയെങ്കിലും കിട്ടിയിരുന്നെങ്കില്‍....

എന്തായാലും കിട്ടിയ പച്ചകറികളും പഴങ്ങളും വെച്ച് ഞങ്ങള്‍ ചെറിയ രീതിയില്‍ ഒരു കണി ഒരുക്കി.
രാവിലെ എണീറ്റ്‌ കണികണ്ടു. കൈനീട്ടവും കിട്ടി.







സദ്യ എല്ലാവരും ചേര്‍ന്നായിരുന്നു. എല്ലാവരും എന്ന് പറഞ്ഞാല്‍ 5 ഫാമിലിയും 3 ബാച്ചിലേര്‍സും അടങ്ങുന്ന ഒരു വലിയ കൂട്ടുകുടുംബം. ഓരോ ഫാമിലിയും 2 വിഭവങ്ങള്‍ വീതം ഉണ്ടാക്കി കൊണ്ട് വന്നു ഒരുമിച്ചിരുന്നു സദ്യ ഉണ്ടു. ഞങ്ങളുടെ എല്ലാ ആഘോഷങ്ങളും ഇങ്ങനെയാണ്. ഇവിടെ അല്ലാതെ തനിച്ചു എന്ത് ആഘോഷം. അങ്ങനെ ഈ വര്‍ഷത്തെ വിഷുവും കഴിഞ്ഞു. ഈ മണലാരണ്യത്തില്‍ ഞങ്ങളും ചെറിയ തോതില്‍ വിഷു ആഘോഷിച്ചു.