ജീവിതയാത്രയില്‍ കണ്ടുമുട്ടിയവര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജീവിതയാത്രയില്‍ കണ്ടുമുട്ടിയവര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 മേയ് 4, ബുധനാഴ്‌ച

നിഷ

സ്കൂളില്‍ പഠിക്കുമ്പോള്‍ എന്‍റെ ക്ലാസ്സ്‌മേറ്റ്‌ ആയിരുന്നു നിഷ. വെളുത്തു മെലിഞ്ഞ കാണാന്‍ കൊള്ളാവുന്ന നെറയെ സംസാരിക്കുന്ന ഒരു കുട്ടി. മോഡേണ്‍ ഡ്രെസ്സുകള്‍ ധരിക്കാന്‍ അവള്‍ക്കു ഇഷ്ട്ടമായിരുന്നു. എന്‍റെ സൂര്യപുത്രിക്ക് എന്ന സിനിമയിലെ അമല ധരിച്ചിരുന്ന പോലത്തെ സ്ക്ര്‍ട്ട്സ്, മിന്നാരം മോഡല്‍ ഫ്രോക്ക്‌, ജീന്‍സ്‌ ടോപ്‌ ഇതൊക്കെ കര്ക്കശക്കാരനായ അച്ഛനെ മണിയടിച്ചു മേടിക്കാനും മിടിക്കിയായിരുന്നു. ലിപ്സ്റ്റിക്ക് ഐ ഷാഡോ ആയും ഉപയോഗിക്കാം എന്ന മഹത്തായ കണ്ടുപിടുത്തം അവളുടെതായിരുന്നു.

എട്ടാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെ ഞങള്‍ ഒരേ ഡിവിഷനില്‍ ആയിരുന്നു. ഒരുമിച്ചു പഠിച്ച 3 വര്‍ഷവും അവള്ക്കെന്നും ഉച്ചക്ക് ഊണിനു ചോറും, പരിപ്പ് കറിയും, ഒരു എഗ്ഗ് ഓമ്ലെറ്റും, നാരങ്ങ പിക്കിളും ആണ് ഉണ്ടാകാറ്. സ്ഥിരം ഒരേ ഭക്ഷണം കഴിച്ചാല്‍ മടുക്കില്ലേ എന്ന് പലരും അവളോട്‌ ചോദിച്ചിട്ടുണ്ട്. എനിക്കിതാണിഷ്ട്ടം എന്നാണ് അവള്‍ പറയാറ്.

ഓരോ വര്‍ഷവും ജയിച്ച കുട്ടികളെ ഡിവിഷന്‍ തിരിച്ചു അടുത്ത ക്ലാസ്സുകളിലേക്ക് എടുക്കുമ്പോള്‍ നിഷയെ തങ്ങളുടെ ക്ലാസ്സിലേക്ക് എടുക്കാന്‍ എല്ലാ ക്ലാസ്സ്‌ ടീച്ചര്മാര്‍ക്കും അല്‍പ്പം മടിയായിരുന്നു. പഠിക്കാന്‍ മോശമായത് കൊണ്ടയിരുനില്ല. എല്ലാ പരീക്ഷകള്‍ക്കും 85 % നും 95 %നും ഇടയില്‍ മാര്‍ക്ക് വാങ്ങുന്ന ഒരു കുട്ടിയിരുന്നു നിഷ. ഒരേ ഒരു കൊഴപ്പമേ ഉള്ളു പരീക്ഷ കഴിഞ്ഞു ഓരോ പേപ്പര്‍ കയ്യില്‍ കിട്ടുമ്പോഴും ആ പേപ്പര്‍ നോക്കിയ ടീച്ചറുടെ പുറകെ 2 ദിവസം പുള്ളിക്കാരി കാണും, "ഒരു 1/2 മാര്‍ക്കുകൂടി ഈ ആന്‍സറിനു തന്നൂടെ ടീച്ചറെ" എന്നും പറഞ്ഞു കൊണ്ട്. മാര്‍ക്ക് കിട്ടുന്നത് വരെ ടീച്ചറെ വിടാതെ പിന്തുടരും ലഞ്ച് ടൈമില്‍ സ്റ്റാഫ്‌ റൂമിന് പുറത്തു കാവല്‍ നില്‍ക്കും. അവസാനം സഹികെട്ട് ടീച്ചര്‍മാര്‍ മാര്‍ക്ക് കൊടുക്കും. SSLC പരീക്ഷക്ക് 85% മാര്‍ക്കേ കിട്ടിയുള്ളൂ. പുള്ളിക്കാരി വെറുതെ ഇരിക്കുമോ റീവാല്യൂവേഷന് കൊടുത്തു. പക്ഷെ പ്രയോജനം ഉണ്ടായില്ല. ഒത്തിരി പഠിച്ചു നല്ലൊരു ജോലി നേടണം എന്നായിരുന്നു അവളുടെ ആഗ്രഹം.

കോളേജില്‍ ആയാലെങ്കിലും ആ സ്വഭാവം മാറുമെന്നു ഞ്ങളെല്ലാം കരുതി. എവിടെ... ഞങള്‍ വേറെ വേറെ കോളേജുകളില്‍ ആയിരുന്നു. ഒരിക്കെ ആ കോളേജില്‍ പഠിക്കുന്ന എന്‍റെ ഒരു കൂട്ടുക്കാരിയോടു നിഷയുടെ കാര്യം അന്വേഷിച്ചപ്പോള്‍ ആ മിസ്സുമാരുടെ പുറകെ നടന്നു മാര്‍ക്ക് മേടിക്കുന്ന കുട്ടിയല്ലേ എന്ന് കൂടെ നിന്നിരുന്ന അവളുടെ സഹപാഠി ചോദിച്ചു. ഡിഗ്രി ഫൈനല്‍ എക്സാം കഴിഞ്ഞു സര്‍ട്ടിഫിക്കറ്റ് മേടിക്കാന്‍ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയില്‍ പോയപ്പോള്‍ നിഷയെ അവിടെ കണ്ടു. കിട്ടിയ മാര്‍ക്ക്‌ പോരാത്തത് കൊണ്ട് ആന്‍സര്‍ ഷീറ്റ് നേരിട്ട് കാണാന്‍ ഫീസ്‌ അടച്ചു കാത്തിരിക്കുകയായിരുന്നു.

2 വര്‍ഷം മുന്‍പ് നാട്ടില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് ഞാന്‍ നിഷയെ വീണ്ടും കണ്ടു.  ഒരു സാധാരണ ചുരിദാര്‍ ഇട്ട് മുടി ഒതുക്കി പിന്നിയിട്ടു പേരിനു ഒരു പൊട്ടു മാത്രം തൊട്ട ഒരു കുട്ടി... അല്ല അമ്മ. ഞാന്‍ അന്ന് കാണുമ്പൊള്‍ അവള്‍ടെ കൂടെ 1 വയസ്സുള്ള അവളുടെ കുഞ്ഞും ഉണ്ടായിരുന്നു. ഒരു വീട്ടമ്മയായി ഒതുങ്ങികൂടി. എനിക്ക് വിശ്വാസം വന്നില്ല. പണ്ടത്തെ നിഷയെ അല്ല. എങ്ങനെയാ അവള്‍ ഇത്ര മാറിയത് എന്ന് ഞാന്‍ അന്ന് കൊറേ ആലോചിച്ചു.

ഒരുമിച്ചു പഠിച്ചിരുന്ന പല കുട്ടികളെയും വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ അത്ഭുതപെട്ടു പോകുന്നു. അത്രക്കധികം മാറിപോയിരിക്കുന്നു പലരും. ഒരുപക്ഷെ എന്നെക്കുറിച്ച് അവരും ഇങ്ങനെ തന്നെയൊക്കെ ആകും കരുതുന്നുണ്ടാകുക.

2009 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ജാനകിയേടത്തി.

സിറ്റിയോട് ചേര്‍ന്നുകിടക്കുന്ന ഒരു ഗ്രാമമായിരുന്നു ഞങ്ങളുടേതു. ചെമ്പരത്തിയും കൊന്നയും പൂചെടിയും വെച്ചുപിടിപ്പിച്ച വേലികളും ടാറിടാത്ത ഇടവഴികളും ഉള്ള ഒരു കൊച്ചു ഗ്രാമം. ഞങളുടെ ഗ്രാമത്തിലെ ഓള്‍ ഇന്ത്യ റേഡിയോ ആയിരുന്നു ജാനകിയേടത്തി. ( അന്ന് BBC പ്രചാരത്തില്‍ വന്നിട്ടില്ല.) നന്നേ മെലിഞ്ഞ ദേഹപ്രകൃതി, ഒരു 5അടി പൊക്കം, നീലം മുക്കിയ വെളുത്തതെന്നു പറയാവുന്ന മുണ്ടും കരിംപച്ച ബ്ലൌസും ഒരു തോര്‍ത്ത്‌ മുണ്ടും ആയിരുന്നു വേഷം, കൈയ്യില്‍ എപ്പോഴും ഒരു തൂക്കു പാത്രവും വായിലെപ്പോഴും മുറുക്കാനും കാണും അതായിരുന്നു ജാനകിയേടത്തി. എനിക്ക് ഓര്‍മവെച്ച നാള്‍ മുതല്‍ അവരുടെ മരണം വരെ യാതൊരു മാറ്റവും ഞാന്‍ അവരില്‍ കണ്ടിട്ടില്ല. ജാനകിയേടത്തി കാക്കിറച്ചി കഴിച്ചിട്ടുണ്ട് അതാ എന്നും ഒരുപോലിരിക്കുന്നത് എന്ന് ആളുകള്‍ കളിയായി പറയാറുണ്ടായിരുന്നു.

ജാനകിയേടത്തിക്ക് മക്കള്‍ ഉണ്ടയിരുന്നില്ല. ഭര്‍ത്താവു വളരെ മുന്പേ മരിച്ചുപോയി. പക്ഷെ മക്കളെപോലെ 32 പൂച്ചകള്‍ ഉണ്ടായിരുന്നു കൂട്ടിനു. അവര്‍ എന്നും രാവിലെ 7 മണിക്കും വൈകീട്ട് 3 മണിക്കും മെയിന്‍ റോഡിനടുത്തുള്ള വേലുമാന്‍റെ ചായകടയിലേക്ക്‌ ചായ മേടിക്കാന്‍ പോകുക പതിവായിരുന്നു. എത്ര മഴയായാലും വെയിലായാലും അതിനു മാത്രം മുടക്കം വരുത്തില്ല. ചായ പക്ഷെ അവിടെ ഇരുന്നു കുടിക്കില്ല തൂക്കുപാത്രത്തില്‍ മേടിച്ചു വീട്ടില്‍ കൊണ്ടു വന്നേ കുടിക്കു. ചായ മേടിച്ചു വരുന്ന വഴിക്ക് എല്ലാ വീടുകളിലും കയറും. ഓരോ വീട്ടിലെയും ന്യൂസ് പിടിച്ചു അതെല്ലാം അടുത്ത വീടുകളില്‍ എത്തിച്ചിരുന്നത് ഈ സന്ദര്‍ശന സമയങ്ങളില്‍ ആയിരുന്നു. ഏതു വീട്ടില്‍ മീന്‍ മേടിക്കുന്നുണ്ടെങ്കിലും അതിന്‍റെ തലയും കുടലുമെല്ലാം ജാനകിയേടത്തിയുടെ മക്കള്‍ക്കുളളതാണ് (പൂച്ചകള്‍ക്ക്). അതുകൊണ്ട് ഒരു 10 മണിയാകുമ്പോള്‍ മീന്‍ വേസ്റ്റ് എടുക്കാന്‍ വരും. വലിയ ചെമ്പ് നിറയെ ചോറ് വെച്ചു ഈ മീന്‍ വേസ്റ്റ് ചേര്‍ത്താണ് പൂച്ചകള്‍ക്ക് കൊടുക്കുക. നെല്‍ കൃഷി ഉള്ളതോണ്ട്‌ നല്ല കുത്തരി തന്നെയാണ് പൂച്ചകള്‍ക്ക് കൊടുത്തിരുന്നത്. ചായയും മുറുക്കാനും മാത്രം കഴിച്ചു ജീവിക്കുന്ന ജാനകിയേടത്തിക്ക് എന്തിനാ കുത്തരി??

ജാനകിയേടത്തി 'മമ്മൂട്ടിയുടെ' ഒരു ആരാധികയായിരുന്നു. കുറച്ചു ദൂരയുള്ള സിനിമ തിയറ്റ്റില്‍ കളിക്കുന്ന സിനിമയുടെ പോസ്റ്ററുകള്‍ വേലുമാന്‍റെ കടേടെ മുന്‍പിലാണ് ഒട്ടിക്കുക. മമ്മൂട്ടിയുടെ സിനിമ പോസ്റ്റ്ര്‍ ഒട്ടിച്ച ദിവസം ജാനകിയേടത്തിക്ക് സ്വര്‍ഗം കിട്ടിയ പോലെയാണ്. ആരെങ്കിലും മമ്മൂട്ടിയെ കുറ്റം പറഞ്ഞാല്‍ അവര്‍കത് സഹിക്കില്ലായിരുന്നു. ദൂരദര്‍ശനില് മമ്മൂട്ടിയുടെ സിനിമ വരുന്ന ആഴ്ചകളില്‍ അടുത്ത വീട്ടിലെ tvക്ക് മുന്‍പില്‍ നേരത്തെ സ്ഥാനം പിടിക്കുമായിരുന്നു. നാന സിനിമവാരിക മുടങ്ങാതെ എവിടുന്നെങ്കിലും സങ്കടിപിച്ചു ആരേങ്കിലേം കൊണ്ടു വായിപിച്ചു ആ വാര്‍ത്തകളും എല്ലാ വീടുകളിലും എത്തികാറുണ്ടയിരുന്നു.

ഇന്നത്തെ കാലത്താണെങ്കില്‍ ജാനുFM എന്ന് വിളിക്കാമായിരുന്നു. നാട്ടുവിശേഷങ്ങള്‍, വീടുവിശേഷങ്ങള്‍, പരദൂഷണം, സിനിമ ന്യൂസ്, രാഷ്ട്രീയം അങ്ങനെ ഒരു വിധം എല്ലാ വാര്‍ത്തകളും ആ FM വഴി ലഭ്യമായിരുന്നു. വഴിയിലൂടെ പുതിയ ആളുകള്‍ ആരെങ്കിലും പോകുന്ന കണ്ടാല്‍ അമൂമ്മ പറയും ജാനു വന്നാല്‍ അറിയാം ആരാ? ഏത് വീടിലേക്ക്‌ വന്നതാ? എന്തിനാ വന്നത്‌? എന്നൊക്കെന്നു. ഇടവഴികളില്‍ മൊട്ടിട്ടിരുന്ന ചെറിയ പ്രണയങ്ങള്‍, പുതിയതായി കല്യാണം കഴിച്ചുകൊണ്ട് വരുന്ന പെണ്‍കുട്ടികളുടെ സ്വഭാവം, കിട്ടിയ സ്രീധനത്തിന്‍റെ കണക്ക് അങ്ങനെ ജാനകിയേടത്തിക്ക് അറിയാത്ത കാര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മരിക്കുന്നതിനു ഒരാഴ്ച്ച മുന്‍പ് അവര്‍ കിടപ്പിലായി. അവസാനം 32 പൂച്ചകളെയും തനിച്ചാക്കി അവര്‍ വിടപറഞ്ഞു. ജാനകിയേടത്തിടെ ജീവനറ്റ ശരീരത്തിന് ചുറ്റും പകച്ചിരുന്നിരുന്ന പൂച്ചകള്‍... ആ ചിത്രം മായാതെ ഇന്നും എന്‍റെ മനസില്‍ ഉണ്ട്. അവരുടെ മരണത്തിനു ശേഷം അവര്‍ മക്കളെപോലെ വളര്‍ത്തിയിരുന്ന പൂച്ചകളെ ചില നിക്രിഷ്ടമനുഷ്യര്‍ കൊന്നു തിന്നു എന്ന വാര്‍ത്തയും കേള്‍ക്കാന്‍ കഴിഞ്ഞു.

ഇന്നിവിടെ ഈ മണലാരണ്യത്തിലെ ഫ്ലാറ്റ് എന്നു ഓമനപേരിട്ടു വിളിക്കുന്ന നാലു ചുവരുകള്ക്കുള്ളില്‍ അടുത്ത ഫ്ലാറ്റില്‍ ആരാണെന്നുപോലും അറിയാതെ ഒതുങ്ങികൂടുമ്പോള്‍ ഒരു ജാനകിയേടത്തി ഉണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു...............